ഫാര്‍മ, ധനകാര്യ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 347 പോയ്ന്റ് ഉയര്‍ന്നു; ജിയോജിത് ഓഹരിവില ഉയർന്നത് 19ശതമാനത്തിലധികം

വിദേശ പണമൊഴുക്കു തുടര്‍ന്നതും കോവിഡ് വാക്‌സിന്‍ പ്രതീക്ഷകളും സൂചികകളെ പുതിയ റിക്കാര്‍ഡിലെത്തിച്ചു

Update: 2020-12-07 13:29 GMT


പുതിയ വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ പുതിയ റിക്കോര്‍ഡ് സ്വന്തമാക്കി സൂചികകള്‍. സെന്‍സെക്‌സ് 347.42 പോയ്ന്റ്(0.77 ശതമാനം) ഉയര്‍ന്ന് 45,426.97 ലും നിഫ്റ്റി 97.20 പോയ്ന്റ് ഉയര്‍ന്ന് 13,355.75 ലും ക്ലോസ് ചെയ്തു.

വിപണിയില്‍ വിദേശ പണമൊഴുക്കു തുടര്‍ന്നതും കോവിഡ് വാക്‌സിന്‍ പ്രതീക്ഷകളുമാണ് സൂചികകളെ ഉയര്‍ത്തിയത്.

ഫാര്‍മ, ധനകാര്യം, എഫ്എംസിജി ഓഹരികളാണ് ഇന്ന് വിപണിയെ നയിച്ചത്. ബിഎസ്ഇയിലെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഒഴികെയുള്ള എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 2970 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. നവംബറില്‍ വാങ്ങിക്കൂട്ടിയ 60,357.67 കോടി രൂപയുടെ ഓഹരികള്‍ക്ക് പുറമെയാണിത്. ഈ വര്‍ഷം ഇതു വരെ 1,08,244.71 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് എന്‍എസ്ഡിഎല്‍ വെളിപ്പെടുത്തുന്നത്.

മൂന്നു ശതമാനത്തിലധികം വില വര്‍ധന രേഖപ്പെടുത്തിയ ഒഎന്‍ജിസി ഓഹരിയാണ് ഇന്ന് സെന്‍സെക്‌സിലെ ടോപ്പര്‍. ഭാരതി എയര്‍ടെല്‍, എച്ച് യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.

അതേ സമയം കൊട്ടക് ബാങ്ക്, നെസ്ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

പത്തോളം കേരള ഓഹരികള്‍ ഇന്ന് റെഡ് സോണിലായിരുന്നു. ജിയോജിത് ആണ് ഇന്ന് ഏറ്റവും കൂടുതല്‍ വില വര്‍ധന നേടിയ കേരള ഓഹരി. 19.94 ശതമാനമാണ് വര്‍ധന. ഈസ്റ്റേണ്‍ ട്രെഡ്‌സ്(4.99ശതമാനം), നിറ്റ ജെലാറ്റിന്‍(3.44 ശതമാനം)എന്നീ ഓഹരികളും മോശമല്ലാത്ത നേട്ടമുണ്ടാക്കി.

ബാങ്കുകളില്‍ സിഎസ്ബി ഓഹരി മാത്രമാണ് വിലയിടിവ് നേരിട്ടത്. ധനലക്ഷ്മി ബാങ്ക് ഓഹരി 3.67 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരി 0.53 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 0.34 ശതമാനവും വില വര്‍ധന നേടി.

അപ്പോളോ ടയേഴ്‌സ്, ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ്, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍, വണ്ടര്‍ലാ എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.




 


Tags:    

Similar News