ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും

ആസ്റ്റര്‍ ഡിഎം, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് എന്നിവയുള്‍പ്പെടെ 14 കേരള കമ്പനി ഓഹരികള്‍ വില ഉയര്‍ത്തി

Update: 2020-12-15 13:30 GMT

ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടം തിരിച്ച് പിടിച്ച് സൂചികകള്‍. സെന്‍സെക്‌സ് ഒമ്പത് പോയ്ന്റ് വര്‍ധിച്ച് 46263 ലും നിഫ്റ്റി 13567 ലും ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരത്തിനിടെ 422 പോയ്ന്റ് വരെ താഴേക്ക് പോയ സെന്‍സെക്‌സ് നേട്ടത്തിലേക്ക് തിരിച്ച് കയറുകയായിരുന്നു. നിഫ്റ്റിയും 120 പോയ്ന്റ് തിരിച്ചു പിടിച്ചു.
വാഹനം, ധനകാര്യം, മീഡിയ, മെറ്റല്‍ എന്നീ വിഭാഗങ്ങള്‍ നേട്ടത്തിലും പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, റിയല്‍റ്റി ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് സി എല്‍ ടെക്, അള്‍ട്രാ ടെക് സിമന്റ്, മാരുതി, ബജാജ് ഓട്ടോ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേ സമയം ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, മാരുതി & മാരുതി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, എസ്ബിഐ ലൈഫ്, എച്ച് യു എല്‍, എല്‍ & ടി, ടൈറ്റന്‍, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയവ.
കോവിഡ് വ്യാപനവും മരണങ്ങളും വര്‍ധിക്കുന്നതിന്റെ ആശങ്കകള്‍ മൂലം ആഗോള സൂചികകളും ഇന്ന് തളര്‍ച്ചയിലായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടായേക്കുമെന്ന ആശങ്കകള്‍ മൂലം യുഎസ് വിപണി താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ വാക്‌സിനെ കുറിച്ചുള്ള വാര്‍ത്തകളും പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് ഡീലിനെ കുറിച്ചുള്ള പ്രതീക്ഷകളും യൂറോപ്യന്‍ വിപണികളെ ഉയര്‍ത്തി.

കേരള കമ്പനികളില്‍ സമ്മിശ്ര പ്രകടനം

ആസ്റ്റര്‍ ഡിഎം, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് എന്നിവയുള്‍പ്പെടെ 14 കേരള കമ്പനി ഓഹരികള്‍ വില ഉയര്‍ത്തി. കേരള ബാങ്ക് ഓഹരികളുടെ എല്ലാം തന്നെ വില ഇടിഞ്ഞു. അതേ സമയം മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഇന്ന് മികച്ച നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില 4.01 ശതമാനം വര്‍ധിച്ചു. മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഓഹരികളുടെ നേട്ടം ഒരു ശതമാനത്തില്‍ താഴെയായിരുന്നു. അപ്പോളോ ടയേഴ്‌സ്, എവിറ്റി, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, കേരള ആയുര്‍വേദ, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, റബ്ഫില, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് നില മെച്ചപ്പെടുത്തിയ മറ്റ് ഓഹരികള്‍.




 


Tags:    

Similar News