റെക്കോര്‍ഡ് നേട്ടത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും

എവിറ്റിയും വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും അടക്കം 18 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2020-12-16 11:53 GMT

ആഗോള വിപണിയുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകളിലും മുന്നേറ്റം. സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ ദിവസം കൂടിയാണിന്ന്. ഒരു സമയത്ത് 46704.97 പോയ്ന്റ് വരെ എത്തിയിരുന്ന സെന്‍സെക്‌സ് ഇന്നലത്തേതില്‍ നിന്ന് 403.29 പോയ്ന്റ് ഉയര്‍ന്ന് 46,666.46 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 13,692.35 പോയ്ന്റ് എന്ന സര്‍വകാല ഉയരത്തിലെത്തിയ ശേഷം 13,682.70 പോയ്ന്റില്‍ ക്ലോസ് ചെയ്തു.

ആഗോള തലത്തില്‍ വാക്‌സിന്‍ സംബന്ധിച്ച പ്രതീക്ഷകളും യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച ശുഭവാര്‍ത്തകളും മറ്റും വിപണിക്ക് ഗുണമായെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്നു തുടങ്ങിയത് ദേശീയ വിപണിക്ക് നേട്ടമായി.
എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയെല്ലാം ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കിയ ദിവസമായിരുന്നു ഇന്ന്. 18 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എട്ടെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. ഒരു കമ്പനിയുടെ ഓഹരി വില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.
എവിറ്റി നാച്വറല്‍സ് 8.49 ശതമാനം നേട്ടം കരസ്ഥമാക്കി. 3.95 രൂപ ഉയര്‍ന്ന് ഓഹരി വില 50.45 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റെ ഓഹരി വില 4.75 രൂപ ഉയര്‍ന്ന് (5.15 ശതമാനം) 97.05 രൂപയിലും കൊച്ചിന്‍ ഷിപ്പ്് യാര്‍ഡിന്റേത് 16.20 രൂപ ഉയര്‍ന്ന് (4.50 ശതമാനം) 376.25 രൂപയിലും എത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ, അപ്പോളോ ടയേഴ്‌സ്, കിറ്റെക്‌സ് തുടങ്ങിയ കമ്പനികളെല്ലാം നേട്ടമുണ്ടാക്കി.
അതേസമയം ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 2.82 ശതമാനം ഇടിവുണ്ടായി. 1.60 രൂപ ഇടിഞ്ഞ് 55.05 രൂപയാണ് ഇന്നത്തേത്. ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജലാറ്റിന്‍, ഇന്‍ഡിട്രേഡ് തുടങ്ങിയ ഇന്ന് നേട്ടമുണ്ടാക്കാനാകെ പോയ ഓഹരികള്‍ക്കെല്ലാം ചെറിയ ഇടിവാണ് സംഭവിച്ചത്. വെര്‍ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.




 


Tags:    

Similar News