നഷ്ടം തിരിച്ചു പിടിച്ച് സെന്‍സെക്‌സ്; നിഫ്റ്റിയിലും ഉയര്‍ച്ച

Update: 2020-06-16 12:23 GMT

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ ചാഞ്ചാട്ടങ്ങള്‍ക്ക ഇടയിലും സെന്‍സെക്‌സ് ചൊവ്വാഴ്ച 376.42 പോയ്ന്റ് ഉയര്‍ന്ന് 33605.22 ലും നിഫ്റ്റി 100.30 പോയ്ന്റ് ഉയര്‍ന്ന് 9914 ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപരം തുടങ്ങി ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 793 പോയ്ന്റ് വരെ താഴ്ന്നിരുന്നെങ്കിലും പിന്നീട് നഷ്ടം തിരിച്ചു പിടിക്കുകയായിരുന്നു. ആഗോള വിപണികളിലെ കരുത്തുറ്റ പ്രകടനം ഇന്ത്യന്‍ വിപണിക്കും തുണയായി.

സെക്ടറല്‍ സൂചികകളെടുത്താല്‍ ഐടി, മെറ്റല്‍ എന്നിവ ഉയര്‍ന്നു നിന്നു. എന്നാല്‍ ഫാര്‍മ, എനര്‍ജി, എഫ്എംസിജി, ഇന്‍ഫ്രാ സൂചികകള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു. ബാങ്ക് നിഫ്റ്റി സൂചികകള്‍ 1.93 ശതമാനം നേട്ടമുണ്ടാക്കി.

എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ്‌സി, ഐസിഐസിഐ ബാങ്ക്, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, ടെക് മഹീന്ദ്ര, ഗെയ്ല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു.

ഗ്രീന്‍സോണില്‍ 13 കേരള കമ്പനികള്‍ മാത്രം

കേരള കമ്പനികളെടുത്താല്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും, കേരള ആയുര്‍വേദയും ഉള്‍പ്പെടെ 13 കമ്പനികള്‍ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ശതമാനക്കണക്കില്‍ നോക്കിയാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ധനലക്ഷ്മി ബാങ്കാണ്. ബാങ്കിന്റെ ഓഹരി വില 19.95 ശതമാനം വര്‍ധിച്ച് 13.23 രൂപയിലെത്തി. മറ്റു കേരള ബാങ്കുകളായ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ യഥാക്രമം 7.03 ശതമാനം, 0.43 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.16 ശതമാനം ഇടിഞ്ഞ് 6.84 രൂപയിലെത്തി. തുടര്‍ച്ചയായ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ബിയുടെ അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയത് ഓഹരി വിലയിലും പ്രതിഫലിച്ചു.

ധനകാര്യമേഖലയിലെ കമ്പനികളായ മണപ്പുറം ഫിനാന്‍സ് മുത്തൂറ്റ് ഫിനാന്‍സ് എന്നിവ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. എന്നാല്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ 2.69 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേപോലെ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.83 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പള്‍ ജെആര്‍ജി 5.38 ശതമാനം നേട്ടമുണ്ടാക്കി.
ആസ്റ്റര്‍ ഡിഎം ഓഹരികള്‍ ഇന്ന് 15.27 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കേരള ആയുര്‍വേദ (5.18 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.95 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.59ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.41 ശതമാനം) എന്നിവയാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ച മറ്റ് ഓഹരികള്‍.
അപ്പോളോ ടയേഴ്‌സ്, എവിറ്റി, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, കെഎസ്ഇ, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ, വിക്ടറി പേപ്പര്‍, വണ്ടര്‍ലാ തുടങ്ങിയവയാണ് ഇന്ന് നഷ്ടത്തിലായ മറ്റ് ഓഹരികള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News