തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍, സിഎസ്ബി ബാങ്ക് തിളങ്ങി

Update: 2020-08-19 13:07 GMT

തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാണിച്ച ഓഹരികളില്‍ പ്രധാനപ്പെട്ടവ.

സെന്‍സെക്‌സ് 86 പോയ്ന്റ്, 0.22 ശതമാനം ഉയര്‍ന്ന് 38,615ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 23 പോയ്ന്റ്, 0.20 ശതമാനം ഉയര്‍ന്ന് 11,408ലും ക്ലോസ് ചെയ്തു.

നിഫ്റ്റിയിലെ സെക്ടറുകളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മീഡിയ ഇന്‍ഡെക്‌സ് അഞ്ചുശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി പി എസ് യു ബാങ്ക് സൂചികയും രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു. അതേ സമയം നിഫ്റ്റി എഫ് എം സി ജി സൂചിക താഴ്ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.7 ശതമാനത്തോളം ഉയര്‍ന്ന് 2,133 ല്‍ ക്ലോസ് ചെയ്തു. ചെന്നൈ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഫാര്‍മസി ഡെലിവറി സ്റ്റാര്‍ട്ടപ്പായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് സ്വന്തമാക്കുന്നുവെന്ന പ്രഖ്യാപനമാണ് ഇന്ന് കമ്പനിക്ക് കരുത്തേകിയ ഒരു ഘടകം.

അമേരിക്കയിലെ കോവിഡ് വ്യാപനത്തില്‍ ചെറിയൊരു കുറവുണ്ടെന്ന സൂചനയെ തുടര്‍ന്ന് യൂറോപ്യന്‍ ഓഹരികള്‍ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക് ഇന്ന് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന്റെ അറ്റലാഭം 174.1 ശതമാനം ഉയര്‍ന്നതാണ് ഓഹരിക്ക് കരുത്തേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റലാഭം 19.54 കോടി ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 53.56 കോടി രൂപയാണ്. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 59.68 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 13.23 ശതമാനം ഉയര്‍ന്ന് 227.85 രൂപയിലെത്തി.

നിറ്റ ജലാറ്റിന്റെ ഓഹരി വിലയിലും ഇന്ന് ഗണ്യമായ വര്‍ധനയുണ്ടായി. ഓഹരി വില 11.98 ശതമാനം ഉയര്‍ന്ന് 171.05 രൂപയിലെത്തി. വി ഗാര്‍ഡ് ഓഹരി വില രണ്ട് ശതമാനത്തിലേറെ താഴ്ന്നപ്പോള്‍ വണ്ടര്‍ലയുടെ വില രണ്ടുശതമാനത്തിലേറെ ഇന്ന് ഉയര്‍ന്നു.

ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകളും ഇന്ന് ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News