വിപണിയില്‍ വൈറസ് ബാധ: കൂപ്പുകുത്തി ഓഹരിവിപണി

വിപണിക്ക് ഏഴു ലക്ഷം കോടി നഷ്ടം നേരിട്ട ഇന്ന് ഒരൊറ്റ കേരള കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനായില്ല

Update: 2020-12-21 13:41 GMT

യുകെയില്‍ കോവിഡ് വീണ്ടും വ്യാപകമായതിനു പിന്നാലെ ഇന്ത്യന്‍ വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് 1406.73 പോയ്ന്റ് താഴ്ന്ന് 45553.96 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 432.10 പോയ്ന്റ് താഴ്ന്ന് 13328.40 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് വിപണിക്കുണ്ടായതെന്നാണ് കണക്ക്.

പല രാജ്യങ്ങളും യുകെയിലേക്കും തിരിച്ചും യാത്രാ വിലക്ക് പ്രഖ്യാപിച്ചത് മറ്റൊരു ലോക്ക് ഡൗണിലേക്ക് ലോകം നീങ്ങുകയാണോ എന്ന സന്ദേഹം ജനിപ്പിച്ചു. മാത്രമല്ല, നിശ്ചയിച്ച സമയത്തിനുള്ളില്‍ യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാതെ പോയതും വിപണിക്ക് തിരിച്ചടിയായി.
ഇന്ന് 580 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 2381 ഓഹരികളും വിലിയിടിവ് നേരിട്ടു. 163 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ ഓഹരി വിലയിലും തകര്‍ച്ച

ഇന്ന് ഒരൊറ്റ കേരള കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനായില്ല. അതേസമയം വന്‍ തകര്‍ച്ചയാണ് പല ഓഹരികളുടെയും വിലയില്‍ ഉണ്ടായിരിക്കുന്നത്. കിറ്റെക്‌സ് ഗാര്‍മന്റ്‌സിന്റെ ഓഹരി വിലയില്‍ 10.32 ശതമാനം ഇടിവുണ്ടായി. 12.20 രൂപ ഇടിഞ്ഞ് 106 രൂപയായി. എവിറ്റി (10.06 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (9.15 ശതമാനം), ഫെഡറല്‍ ബാങ്ക് (9.04 ശതമാനം), എഫ്എസിടി (8.79 ശതമാനം), ഹാരിസണ്‍സ് മലയാളം (8.57 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (7.90 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (7.57 ശതമാനം), അപ്പോളോ ടയേഴ്‌സ് (7.50 ശതമാനം), മണപ്പുറം ഫിനാന്‍സ് (6.89 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (6.40 ശതമാനം), കേരള ആയുര്‍വേദ (6.29 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (6.26 ശതമാനം) തുടങ്ങി എല്ലാ കമ്പനികളും വലിയ ഇടിവ് നേരിട്ടു. എന്നാല്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വില മാറ്റമില്ലാതെ തുടരുന്നു.





 


Tags:    

Similar News