വാരാന്ത്യത്തില്‍ നേരിയ ഇടിവോടെ വിപണി

Update: 2020-07-24 14:00 GMT

സെന്‍സെക്‌സ് 0.03 ശതമാനം അഥവാ 12 പോയ്ന്റ് താഴ്ന്ന് 38,129ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.19 ശതമാനം അഥവാ 21 പോയ്ന്റ് താഴ്ന്ന് 11,194ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സിലെ 23 കമ്പനികളുടെ ഓഹരി വില ഇടിഞ്ഞപ്പോള്‍ ഏഴ് കമ്പനികളുടേത് ഉയര്‍ന്നു. എച്ച് സി എല്‍ ടെക്, റിലയന്‍സ്, ടെക് മഹീന്ദ്ര എന്നിവയാണ് ഉയര്‍ന്ന ഓഹരികളില്‍ പ്രമുഖര്‍. ആക്‌സിസ് ബാങ്ക് ഓഹരി വില മൂന്നുശതമാനത്തോളം ഇടിഞ്ഞു.

വാരത്തിലെ പ്രകടനമെടുത്താല്‍, ഈ ആഴ്ച സെന്‍സെക്‌സ് മൂന്നുശതമാനം ഉയര്‍ന്നു. നിഫ്റ്റി 2.68 ശതമാനവും.

റിലയന്‍സ് ഇന്നും അതിന്റെ മുന്നേറ്റം തുടര്‍ന്നു. ഇന്ന് വ്യാപാരത്തിനിടെ ഓഹരി വില പുതിയ റെക്കോര്‍ഡ് ഇട്ട് 2,162.80 രൂപയിലെത്തി. ഇന്ന് വിപണി ക്ലോസ് ചെയ്യുമ്പോള്‍ റിലയന്‍സ് ഓഹരി വില 2,146ലെത്തി. ഇതോടെ റിലയന്‍സിന്റെ വിപണി മൂല്യം 14 ലക്ഷം കോടി രൂപയും കവിഞ്ഞു!

ഇന്ന് മികച്ച റിസള്‍ട്ട് പുറത്തുവിട്ടത് എംഫസിസ് ആണ്. ഇതോടെ കമ്പനിയുടെ ഓഹരി 14 ശതമാനത്തോളം ഉയര്‍ന്നു.

സെക്ടര്‍ സൂചികകള്‍ എടുത്താല്‍, നിഫ്റ്റി ഐറ്റി ഒഴികെ ബാക്കിയെല്ലാം റെഡ് സോണിലായിരുന്നു.

ആഗോളവിപണികളും ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയിലാണ്. എണ്ണ വില ഇന്ന് ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

വാരാന്ത്യത്തില്‍ ഭൂരിഭാഗം കേരള കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ കേരള ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെയെല്ലാം നേട്ടത്തിലായിരുന്നു. ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് സി എസ് ബി ബാങ്ക് ഓഹരികളാണ്.  സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.91ശതമാനം നഷ്ടമുണ്ടാക്കി. എല്ലാ  എന്‍ ബി എഫ് സി കളുടെയും ഓഹരി വിലകളില്‍ ഇന്ന് ഇടിവുണ്ടായി.  

എ വി ടി,  കൊച്ചിന്‍ ഷിപ്യാര്‍ഡ്,  നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍,  റബ്ഫില എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News