വിപണിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ലാഭമെടുപ്പ്

ലാഭമെടുപ്പിലേക്ക് വിപണി ചുവടുമാറ്റിയപ്പോള്‍ റെക്കോര്‍ഡ് കുതിപ്പിന് കടിഞ്ഞാണിട്ടുകൊണ്ട് ഇന്ന് ഓഹരി സൂചികകള്‍ താഴ്ന്നു

Update: 2020-11-25 12:33 GMT

അത്യുത്സാഹത്തോടെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയത്. എന്നാല്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതോടെ സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനത്തോളം താഴ്ന്നു.

സെന്‍സെക്‌സ് 695 പോയ്ന്റ് അഥവാ 1.56 ശതമാനം താഴ്ന്ന് 43,828ലും നിഫ്റ്റി 197 പോയ്ന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 12,858ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 44,825.37 എന്ന തലത്തിലും നിഫ്റ്റി 13,146 പോയ്ന്റിലും എത്തിയിരുന്നു.

ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിലും ഇടിവുണ്ടായി. ചൊവ്വാഴ്ച ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 174.8 ട്രില്യണ്‍ രൂപയായിരുന്നുവെങ്കില്‍ ഇന്ന് വിപണി ക്ലോസ് ചെയ്തപ്പോള്‍ അത് 172.5 ട്രില്യണ്‍ രൂപയായി. നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് നഷ്ടം 2.2 ട്രില്യണ്‍ രൂപ!

സെന്‍സെക്‌സ് സൂചികയിലെ 30 കമ്പനികളില്‍ 27 എണ്ണത്തിന്റെയും ഓഹരി വില ഇന്ന് താഴ്ന്നു. ബിഎസ്ഇ മിഡ്കാപ് 1.76 ശതമാനവും സ്‌മോള്‍കാപ് ഒരു ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഒഴികെ ബാക്കിയെല്ലാം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ആഗോള ഓഹരി സൂചികകള്‍ ഇന്ന് കുതിപ്പാണ് കാഴ്ചവെച്ചിരിക്കുന്നത്. എണ്ണ വില ഇന്നും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് എട്ട് കേരള കമ്പനികളുടെ ഓഹരികള്‍ നിലമെച്ചപ്പെടുത്തിയപ്പോള്‍ മറ്റുള്ളവയുടെ വിലകള്‍ റെഡ് സോണിലേക്ക് വീണു. കേരള ബാങ്കിംഗ് ഓഹരികളാണ് സിഎസ്ബി ബാങ്ക്, ധനലക്ഷ്്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിലകള്‍ ഉയര്‍ന്നു. അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില മൂന്ന് ശതമാനത്തോളം താഴ്ന്നു. എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില രണ്ടുശതമാനത്തോളം ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെയും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെയും വിലകള്‍ താഴ്ന്നു. ഈസ്റ്റേണ്‍ ട്രെന്‍ഡ്‌സിന്റെ ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു.





 


Tags:    

Similar News