ഐറ്റി, ഓട്ടോ ഓഹരികള്‍ തുണച്ചു; സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍

എഫ്എസിടി, കേരള ആയുര്‍വേദ അടക്കം 13 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി. എഫ്എസിടിയുടേത് 52 ആഴ്ചകളിലെ മികച്ച പ്രകടനം

Update: 2021-01-08 12:49 GMT

ഐറ്റി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ വിപണി റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു. സെന്‍സെക്‌സ് 689.19 പോയ്ന്റ് ഉയര്‍ന്ന് 48782.51 പോയ്ന്റിലും നിഫ്റ്റി 209.90 പോയ്ന്റ് ഉയര്‍ന്ന് 14374.25 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലുണ്ടായ ഉണര്‍വും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി. 1763 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1350 എണ്ണത്തിന് കാലിടറി. 154 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

മാരുതി സുസുകി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പകുതിയും നേട്ടമുണ്ടാക്കിയ ദിനമാണിന്ന്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളെല്ലാം മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് ട്രാവന്‍കൂറി (എഫ്എസിടി)നും മികച്ച നേട്ടമുണ്ടാക്കാനായി. 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എഫ്എസിടിയുടെ ഓഹരി വില. 12.65 രൂപ ഉയര്‍ന്ന് (19.95 ശതമാനം) 76.05 രൂപയിലെത്തി കമ്പനിയുടെ ഓഹരി വില.
കേരള ആയുര്‍വേദയും മികച്ച നേട്ടമുണ്ടാക്കി. 13.20 ശതമാനമാണ് ഇന്ന് വില ഉയര്‍ന്നത്. 6.40 രൂപ വര്‍ധിച്ച് 54.90 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.77 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.68 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.59 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.31 ശതമാനം) തുടങ്ങി 13 കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 3.95 ശതമാനം ഇടിവാണ് ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരി വിലയില്‍ ഇന്നുണ്ടായത്. 1.40 രൂപ ഇടിഞ്ഞ് 34 രൂപയിലെത്തി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.61 ശതമാനം), എവിറ്റി നാച്വറല്‍ (2.11 ശതമാനം), ഹാരിസണ്‍സ് മലയാളം (2.02 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളില്‍ പെടുന്നു. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.




 


Tags:    

Similar News