ആഗോള വിപണി ദുര്‍ബലം; സൂചികകള്‍ താഴേക്ക്

പിഎസയു ബാങ്ക് സൂചികയില്‍ മാത്രമാണ് ഉയര്‍ച്ചയുണ്ടായത്, കേരള ഓഹരികളുടേത് സമ്മിശ്ര പ്രകടനം

Update:2021-05-04 17:11 IST

ആഭ്യന്തര വിപണി തുടക്കത്തില്‍ കരുത്തു കാട്ടിയെങ്കിലും ആഗോള വിപണി ദുര്‍ബലമായതോടെ നേട്ടം നിലനിര്‍ത്താനാകാതെ തകര്‍ന്നു. ഏറെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ദിവസാവസാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 465.01 പോയ്ന്റ് ഇടിഞ്ഞ്് 48253.51 പോയ്ന്റിലും നിഫ്റ്റി 137.70 പോയ്ന്റ് ഇടിഞ്ഞ് 14496.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1374 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1534 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, സിപ്ല, ഡോ റെഡ്ഡീസ് ലാബ്‌സ്, ഡിവിസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഒഎന്‍ജിസി, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക് സൂചിക മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഇവയുടെ നേട്ടം ഫാര്‍മ, മെറ്റല്‍, ഓട്ടോ ഓഹരികളുടെ നഷ്ടത്തില്‍ മുങ്ങിപ്പോയി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.81 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.25 ശതമാനം), എഫ്എസിടി (2.21 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.03 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.28 ശതമാനം), കെഎസ്ഇ (1.25 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം സിഎസ്ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, ആസ്റ്റര്‍ ഡി എം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 13 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.



 






Tags:    

Similar News