മെറ്റല്‍, ഐറ്റി, ഓട്ടോ ഓഹരികള്‍ കരുത്തു കാട്ടി; വിപണിയില്‍ മുന്നേറ്റം തുടരുന്നു

കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2021-05-06 18:06 IST

കൊവിഡ് 19 വ്യാപനം തുടരുകയാണെങ്കിലും വാക്‌സിനിലുള്ള വിശ്വാസം വിപണിക്ക് നഷ്ടപ്പെട്ടില്ല. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും കൂടിയായപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം.

സെന്‍സെക്‌സ് 272.21 പോയ്ന്റ് ഉയര്‍ന്ന് 48949.76 പോയ്ന്റിലും നിഫ്റ്റി 106.90 പോയ്ന്റ് ഉയര്‍ന്ന് 14724.80 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

1653 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1345 ഓഹരികളുടെ വിലയില്‍ ഇടിവ് നേരിട്ടു. 129 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ, മാരുതി, ടൈറ്റാന്‍, കൊട്ടക് ബാങ്ക്, എച്ച്‌സിഎല്‍ ടെ്കനോളജീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച് യു എല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, സണ്‍ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.

മെറ്റല്‍ സൂചികയില്‍ 2.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഐറ്റി, ഓട്ടോ സൂചികകളിലും മുന്നേറ്റം പ്രകടമായി. 1.8 ശതമാനമാണ് ഈ രണ്ടു സൂചികയിലും ഇന്നുണ്ടായ ഉയര്‍ച്ച.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 5.58 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. എഫ്എസിടി (3.43 ശതമാനം), എവിറ്റി നാച്വറല്‍ (2.94 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.67 ശതമാനം), കേരള ആയുര്‍വേദ (1.23 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജൂവലേഴ്‌സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വണ്ടര്‍ ലാ ഹോളിഡേയ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 15 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റിസ് ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.




 

Similar News