കുതിച്ചുയര്‍ന്ന് വിപണി, സെന്‍സെക്‌സ് 874 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനിയായ ഈസ്റ്റേണ്‍ ട്രെഡ്സ് 13 ശതമാനം കുതിച്ചുയര്‍ന്നു

Update: 2022-04-21 11:42 GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 874 പോയ്ന്റ് അഥവാ 1.53 ശതമാനം ഉയര്‍ന്ന് 57,977 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തില്‍ സൂചികകളുടെ മുന്നേറ്റം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് സൂചിക ഒരുഘട്ടത്തില്‍ പോലും ചുവപ്പിലേക്ക് നീങ്ങിയില്ല. നിഫ്റ്റി സൂചിക 256 പോയ്ന്റ് ഉയര്‍ന്ന് 17,393 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയ്ന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, കൊട്ടക് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ 2-3 ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, നെസ്ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു.
അതിനിടെ, മൂന്ന് ദിവസങ്ങളിലായി 10 ശതമാനത്തോളം ഉയര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 2,787.10 രൂപയിലാണ് ഈ ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഇനിയും കുതിക്കുകയാണെങ്കില്‍ 19 ട്രില്യണ്‍ രൂപ വിപണി മൂലധനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറും. നിലവില്‍ 18.85 ട്രില്യണ്‍ രൂപയാണ് റിലയന്‍സിന്റെ വിപണി മൂലധനം.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി പച്ചയില്‍ മുന്നേറിയപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരികള്‍ 13 ശതമാനം കുതിച്ചുയര്‍ന്നു. അപ്പോളോ ടയേഴ്സ് (4.78 ശതമാനം), ആസ്റ്റര്‍ ഡി എം (5.94 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (3.34 ശതമാനം), സിഎസ്ബി ബാങ്ക് (3.16 ശതമാനം), എഫ്എസിടി (3.24 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.11 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.74 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കിറ്റെക്സ്, പാറ്റ്സ്പിന്‍ ഇന്ത്യ തുടങ്ങിയവയാണ് വിപണിയില്‍ നഷ്ടം നേരിട്ട കേരള കമ്പനികള്‍.



 





Tags:    

Similar News