നേട്ടം തുടര്‍ന്ന് വിപണി; സെന്‍സെക്‌സ് 379 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ നിറ്റ ജെലാറ്റിന്റെ ഓഹരിവില 13.6 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി

Update: 2022-08-16 11:06 GMT

ഓഹരി വിപണി ഇന്നും നേട്ടം തുടര്‍ന്നപ്പോള്‍ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 379 പോയ്ന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്നു. 59,842 പോയ്ന്റ് എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സൂചിക 59,923 എന്ന ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 131 പോയ്ന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 17,829 ല്‍ ക്ലോസ് ചെയ്തു,

മാരുതി സുസുകി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയ്ന്റ്സ്, എച്ച്യുഎല്‍, അള്‍ട്രാടെക് സിമന്റ്, ടെക് എം, എച്ച്ഡിഎഫ്സി എന്നിവ 1 മുതല്‍ 2.3 ശതമാനം വരെ ഉയര്‍ന്നു. സെന്‍സെക്‌സ് സൂചികയില്‍ എയര്‍ടെല്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ടിസിഎസ് എന്നിവ മാത്രമാണ് 0.9 ശതമാനം വരെ നഷ്ടം നേരിട്ടത്.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനവും റിയല്‍റ്റി സൂചിക രണ്ട് ശതമാനവും മുന്നേറി. നിഫ്റ്റി പിഎസ്ബി സൂചിക 0.3 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി പച്ചയില്‍ നീങ്ങിയപ്പോള്‍ 16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. നിറ്റ ജെലാറ്റിന്റെ ഓഹരി വില 13.6 ശതമാനം അഥവാ 50 രൂപയോളം കുതിച്ചുയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 415.00 രൂപ തൊട്ടു. അപ്പോളോ ടയേഴ്‌സ് (6.06 ശതമാനം), എവിറ്റി (6.59 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.72 ശതമാനം), എഫ്എസിടി (2.88 ശതമാനം), കെഎസ്ഇ (1.72 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.42 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.27 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.31 ശതമാനം) തുടങ്ങിയവയാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.




 


Tags:    

Similar News