അപ്രതീക്ഷിത കുതിപ്പില്‍ സൂചികകള്‍

14 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update: 2021-08-03 12:10 GMT

പ്രതീക്ഷച്ചതിലും മികച്ച കോര്‍പേറ്റ് ഫലങ്ങളും ജിഎസ്ടി വരുമാനത്തിലും കോര്‍പറേറ്റ് വരുമാനത്തിലും കയറ്റുമതിയിലും ഉണ്ടായ വര്‍ധനയും നിക്ഷേപകരില്‍ ആത്മവിശ്വാസം നിറച്ചപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ച് ഓഹരി സൂചികകള്‍.

സെന്‍സെക്‌സ് 872.73 പോയ്ന്റ് ഉയര്‍ന്ന് 53823.36 പോയ്ന്റിലും നിഫ്റ്റി 245.60 പോയ്ന്റ് ഉയര്‍ന്ന് 16130.75 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1740 ഓഹരികളുടെ വിലയില്‍ ഇന്ന് ഉയര്‍ച്ചയുണ്ടായി. 1505 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്‌ളെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സണ്‍ഫാര്‍മ, അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. മെറ്റല്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ഫാര്‍മ, ഐറ്റി, എഫ്എംസിജി, ധനകാര്യ മേഖലകളെല്ലാം മികവ് കാട്ടി. ബിഎസ്ഇയിലെ കണക്കു പ്രകാരം 2.37 ലക്ഷം കോടി രൂപയുടെ വര്‍ധന നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 14 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അഞ്ചു ശതമാനം നേട്ടവുമായി വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് നേട്ടത്തില്‍ മുന്നിലെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.95 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.31 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.21 ശതമാനം), ഫെഡറല്‍ ബാങ്ക് (2.95 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.42 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ്(2.37 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ഇന്‍ഡിട്രേഡ്, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ് തുടങ്ങി 15 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.




 


Tags:    

Similar News