ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍

ഈസ്റ്റേണ്‍ ട്രെഡ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ് അടക്കം 16 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2021-12-09 17:09 IST

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 157.45 പോയ്ന്റ് ഉയര്‍ന്ന് 58807.13 പോയ്ന്റിലും നിഫ്റ്റി 47 പോയ്ന്റ് ഉയര്‍ന്ന് 17516.80 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു.

നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ തുടക്കത്തില്‍ സൂചികകള്‍ താഴേക്ക് പോയെങ്കിലും ആഗോള വിപണി തിളങ്ങിയതോടെ ദിവസാവസാനം നേട്ടക്കിലെത്തുകയായിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെ കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞു വരുന്നത് വിപണിക്ക് ഗുണമാകുന്നുണ്ട്. എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
2046 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1153 ഓഹരികളുടെ വിലയിടിഞ്ഞു. 115 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐറ്റിസി, എല്‍ & ടി, ഏഷ്യന്‍ പെയ്ന്റ്‌സ്, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റന്‍ കമ്പനി, നെസ്ലെ ഇന്ത്യ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബാങ്ക്, റിയല്‍റ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ്, കാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ 16 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (5.30 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.94 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.76 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.36 ശതമാനം), ഹാരിസണ്‍സ് മലയാളം (1.10 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.09 ശതമാനം) തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം എവിറ്റി, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ് തുടങ്ങി 13 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 



Tags:    

Similar News