'രക്തമൊഴുക്കി' വിപണി; സൂചികകളില്‍ വന്‍ ഇടിവ്
28 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവ്
റഷ്യ- ഉക്രൈന്‍ യുദ്ധഭീതിയില്‍ തകര്‍ന്ന് ഓഹരി വിപണി. തുടര്‍ച്ചയായ ഏഴാം ദിവസവും സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 2702.15 പോയ്ന്റാണ് ഇന്ന് ഇടിഞ്ഞത്. 54529.91 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 815.30 പോയ്ന്റ് ഇടിഞ്ഞ് നിഫ്റ്റി 16248 പോയ്ന്റിലും ക്ലോസ് ചെയ്തു.
നിക്ഷേപകരുടെ പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ന് വിപണിയില്‍ നഷ്ടമായത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായി ക്രൂഡ് ഓയ്ല്‍ വില 100 ഡോളറിലെത്തിയതും വിപണിയില്‍ പ്രതിഫലിച്ചു.
240 ഓഹരികള്‍ക്കാണ് ഇന്ന് ആകെ നേട്ടമുണ്ടാക്കാനായത്. 3084 ഓഹരികളുടെയും വിലിയിടിഞ്ഞു. 69 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
നിഫ്റ്റി 50 ഓഹരികളുടെയെല്ലാം വിലയിടിഞ്ഞ ഇന്ന് ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ് തുടങ്ങിയവയാണ് വലിയ ഇടിവിന് വിധേയമായത്.
സെക്ടറല്‍ സൂചികകളെല്ലാം മൂന്നു മുതല്‍ എട്ടു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ അഞ്ചു ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 28 എണ്ണത്തിന്റെയും ഓഹരി വില ഇന്ന് ഇടിഞ്ഞു. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വിലയില്‍ മാത്രം മാറ്റമുണ്ടായില്ല. കിറ്റെക്‌സ് ഗാര്‍മന്റ്‌സിന്റെ ഓഹരി വിലയില്‍ 26.55 രൂപയുടെ (11.43 ശതമാനം) ഇടിവാണ് ഒറ്റ ദിവസം ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ഓഹരി വില 205.75 രൂപയാണ്. അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വിലയിലും വലിയ ഇടിവുണ്ടായി. 11.26 ശതമാനം. 22.65 രൂപ ഇടിഞ്ഞ് ഓഹരി വില 178.50 രൂപയിലെത്തി. കേരള ആയുര്‍വേദ (10.29 ശതമാനം), എഫ്എസിടി (9.82 ശതമാനം), ഹാരിസണ്‍സ് മലയാളം (9.52 ശതമാനം), എവിറ്റി (8.52 ശതമാനം), നിറ്റ ജലാറ്റിന്‍ (8.34 ശതമാനം), ധനലക്ഷ്മി ബാങ്ക് (8.34 ശതമാനം) തുടങ്ങിയവയുടെയെല്ലാം ഓഹരി വിലയില്‍ ഇടിവുണ്ടായി.