നാലു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ സൂചികകളില്‍ ഇടിവ്
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല
ആഗോള വിപണി ദുര്‍ബലമായതും ഇന്ത്യന്‍ വിപണിയിലെ ലാഭമെടുപ്പും മൂലം ഓഹരി സൂചികകളില്‍ ഇടിവ്. നാലു ദിവസത്തെ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് വിപണി താഴേക്ക് പോയത്. സെന്‍സെക്‌സ് 621.31 പോയ്ന്റ് ഇടിഞ്ഞ് 59601.84 പോയ്ന്റിലും നിഫ്റ്റി 179.40 പോയ്ന്റ് ഇടിഞ്ഞ് 17745.90 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തതത്.
പാശ്ചാത്യ വിപണിയില്‍ ഇടിവാണ് തുടക്കത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളിലും പ്രതിഫലിച്ചതെങ്കില്‍ പിന്നീട് ഐറ്റി, റിയല്‍റ്റി, ഓയ്ല്‍ & ഗ്യാസ് ഓഹരികള്‍ ലാഭമെടുപ്പിനായി വിറ്റഴിച്ചത് ഇടിവ് ഒരു ശതമാനം കടക്കാന്‍ കാരണമായി.
1798 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1336 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 74 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ശ്രീ സിമന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. യുപിഎല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഓട്ടോ, ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി. ഐറ്റി, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി. 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സ് (5.68 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.85 ശതമാനം), എവിറ്റി (2.06 ശതമാനം), സ്‌കൂബീ ഡേ ഗാര്മന്റ്‌സ് (1.80 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴ്‌സ, നിറ്റ ജലാറ്റിന്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.