നേട്ടം കളഞ്ഞുകുളിച്ച് സൂചികകള്‍, ഇടിവോടെ ക്ലോസിംഗ്

സെന്‍സെക്‌സ് 77 പോയ്ന്റും നിഫ്റ്റി എട്ട് പോയ്ന്റും ഇടിവ് രേഖപ്പെടുത്തി

Update:2022-01-28 17:39 IST

വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചികകള്‍ ഈ ദിവസത്തെ നേട്ടം മുഴുവന്‍ കളഞ്ഞുകുളിച്ചു. ഇന്ന് വ്യാപാരത്തിനിടെ മുന്നേറ്റം തുടര്‍ന്ന സെന്‍സെക്‌സ് 807 പോയ്ന്റ് വരെ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചിക താഴേക്ക് പോയി. 77 പോയ്ന്റ്, 0.13 ശതമാനം ഇടിവോടെ 57,200ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി എട്ട് പോയ്ന്റ് താഴ്ന്ന് 17,102ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി ഒരു ഘട്ടത്തില്‍ 271 പോയ്ന്റ് ഉയര്‍ന്നിരുന്നു.

ഇന്ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനം വീതമാണ് ഇടിഞ്ഞത്.

വിശാല വിപണിയില്‍ ഇന്ന് മുന്നേറ്റമായിരുന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
മുഖ്യ സൂചികകള്‍ താഴ്ചയിലായിരുന്നുവെങ്കിലും കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നേട്ടത്തിലായി. കേരളം ആസ്ഥാനമായുള്ള മൂന്ന് എന്‍ ബി എഫ് സികളുടെ ഓഹരി വിലകളും ഇന്ന് കൂടി. മണപ്പുറത്തിന്റെ ഓഹരി വില രണ്ട് ശതമാനത്തിലേറെ വര്‍ധിച്ചു. സ്‌കൂബിഡേയുടെ ഓഹരി വിലയിലും രണ്ടുശതമാനത്തിലേറെ ഉയര്‍ച്ചയുണ്ടായി.

കിറ്റെക്‌സ് ഓഹരി വില 5.88 ശതമാനമാണ് ഇന്ന് വര്‍ധിച്ചത്. കിംഗ്‌സ് ഇന്‍ഫ്ര ഓഹരിയും 4.96 ശതമാനം നേട്ടത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ചു.



 



Tags:    

Similar News