ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ ഓഹരി വിപണി

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി

Update:2022-07-15 16:40 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 344.63 പോയ്ന്റ് ഉയര്‍ന്ന് 53760.78 പോയ്ന്റിലും നിഫ്റ്റി 110.50 പോയ്ന്റ് ഉയര്‍ന്ന് 16049.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഐറ്റി കമ്പനി ഫലങ്ങളും രൂപയുടെ മൂല്യത്തിലെ ഇടിവും ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും ക്രൂഡ് ഓയ്ല്‍ വിലയിടിവും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതില്‍ ഉണ്ടായ കുറവും വിപണിക്ക് താങ്ങായി.

1712 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1491 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 147 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ടൈറ്റന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച് യു എല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എച്ച് സി എല്‍ ടെക്‌നോളജീസ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ സെക്ടറല്‍ സൂചികയില്‍ രണ്ടു ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. എഫ്എംസിജി കാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. അതേസമയം മെറ്റല്‍ സൂചിക ഒരു ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം (7.47 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.24 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.85 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.46 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.10 ശതമാനം), കേരള ആയുര്‍വേദ (1.60 ശതമാനം), ഫെഡറല്‍ ബാങ്ക് (1.54 ശതമാനം) തുടങ്ങി 20 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി.
എന്നാല്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കെഎസ്ഇ എന്നീ 9 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.




 


Tags:    

Similar News