വിപണിയില്‍ ആശ്വാസ റാലി, സെന്‍സെക്‌സ് 437 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനിയായ കിറ്റെക്‌സിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു
രാവിലെ ചാഞ്ചാട്ടത്തിനിടെ ഒരുഘട്ടത്തില്‍ ചുവപ്പ് തൊട്ടെങ്കിലും വിപണി വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. മൂന്ന് ദിവസത്തെ ഇടിവുകള്‍ക്ക് ശേഷമാണ് ഓഹരി വിപണിയില്‍ ആശ്വാസറാലി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 437 പോയ്ന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 55,818 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 105 പോയ്ന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 16,628 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് സൂചിക 55,135 എന്ന ഇന്‍ഡ്രാ ട്രേഡിംഗിലെ ഏറ്റവും താഴ്ന്നനിലയിലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 3.60 ശതമാനം ഉയര്‍ന്ന ഓഹരി 2,728.30 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍. അതേസമയം എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ്, എച്ച്യുഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ ആന്‍ഡ് ടി, കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.04 ശതമാനം താഴ്ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.6 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍, എനര്‍ജി, ഐടി സൂചികകള്‍ യഥാക്രമം 2.3 ശതമാനവും 1.6 ശതമാനവും ഉയര്‍ന്നു. അതേസമയം ഓട്ടോ സൂചിക 0.65 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കിറ്റെക്‌സിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് (2.74 ശതമാനം), ഹാരിസണ്‍സ് മലയാളം (2.67 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.77 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (1.16 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.24 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.44 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കെഎസ്ഇ, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.