ആശ്വാസറാലിയില്‍ ഉണര്‍ന്ന് വിപണി, സെന്‍സെക്‌സ് 443 പോയ്ന്റ് കയറി

കേരള കമ്പനിയായ ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 12 ശതമാനത്തോളം ഇടിഞ്ഞു

Update:2022-06-23 17:11 IST

ലാഭമെടുപ്പിനെ തുടര്‍ന്ന് ഇന്നലെ ഇടിവിലേക്ക് വീണ വിപണി ആശ്വാസറാലിയില്‍ ഉണര്‍ന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 443 പോയ്ന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 52,265 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.93 ശതമാനം അഥവാ 143 പോയ്ന്റ് കയറി 15,556 ലുമെത്തി. രാവിലെ ഒരു ശതമാനത്തിലധികം കയറിയ സൂചികകള്‍ ഉച്ചയോടെ താഴേക്ക് പോയെങ്കിലും വീണ്ടും തിരിച്ചുകയറി. വ്യാപാരത്തിലുടനീളം പച്ചയിലാണ് വിപണി നീങ്ങിയത്.

മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് എന്നിവ 3.5-6.7 ശതമാനം ഉയര്‍ന്നു. കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ്, ഗ്രാസിം, എന്‍ടിപിസി എന്നിവയുടെ ഓഹരി വിലയില്‍ 0.5-1.5 ശതമാനം ഇടിവുണ്ടായി.
അതേസമയം, വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ മുന്‍നിര സൂചികകളെ മറികടന്ന് 1.4 ശതമാനം വരെ ഉയര്‍ന്നു. ബയോകോണ്‍, അശോക് ലെയ്ലാന്‍ഡ്, എബിബി, മൈന്‍ഡ്ട്രീ, സ്പന്ദന സ്ഫൂര്‍ട്ടി ഫിനാന്‍ഷ്യല്‍, റെസ്പോണ്‍സീവ് ഇന്‍ഡസ്ട്രീസ്, ഖൈതാന്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവ മികച്ച നേട്ടമുണ്ടാക്കി
മേഖലകളില്‍ നിഫ്റ്റി ഓട്ടോ സൂചിക 4 ശതമാനം ഉയര്‍ന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നിഫ്റ്റി പിഎസ്ബി സൂചിക മാത്രമാണ് ഇടിഞ്ഞത്. 0.25 ശതമാനം. മറ്റ് സൂചികകള്‍ 2 ശതമാനം വരെ കയറി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ആശ്വാസറാലിക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ 17 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.55 ശതമാനം), സിഎസ്ബി ബാങ്ക് (1.20 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.18 ശതമാനം), കേരള ആയുര്‍വേദ (4.42 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.17 ശതമാനം), നിറ്റ ജലാറ്റിന്‍ (2.20 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.21 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.90 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.85 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.85 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 12 ശതമാനത്തോളം ഇടിഞ്ഞു. എഫ്എസിടി, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയിലും ഇടിവുണ്ടായി.




 



Tags:    

Similar News