ഓട്ടോ, ബാങ്കിംഗ് മേഖല നയിച്ചു; നേട്ടം തുടര്‍ന്ന് ഓഹരി വിപണി
കേരള കമ്പനികളില്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 6 ശതമാനം ഉയര്‍ന്നു
ഓട്ടോ, ബാങ്കിംഗ് മേഖലകളുടെ പിന്‍ബലത്തില്‍ നേട്ടം തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 462 പോയ്ന്റ് അഥവാ 0.88 ശതമാനം ഉയര്‍ച്ചയോടെ 52,727 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 142 പോയ്ന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 15,699 പോയ്ന്റിലുമെത്തി. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചികകള്‍ ഒരു ഘട്ടത്തില്‍ പോലും ഇടിവിലേക്ക് നീങ്ങിയില്ല.
അതേസമയം, ഈ ആഴ്ചയില്‍ സെന്‍സെക്‌സ് സൂചിക 2.75 ശതമാനം ഉയര്‍ന്നു. ഒരു മാസത്തിനിടെ ഇത് ആദ്യമായാണ് ഒരാഴ്ചയില്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഈ ആഴ്ച നിഫ്റ്റി സൂചിക 2.81 ശതമാവും തിരിച്ചു കയറി.
ഓട്ടോ, ബാങ്കിംഗ്, എഫ്എംസിജി ഓഹരികള്‍ ഇന്ന് മികച്ച നേട്ടമാണുണ്ടാക്കിയത്. എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്യുഎല്‍, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ശ്രീ സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരി വില 1.5 - 4.44 ശതമാനം വരെ ഉയര്‍ന്നു.
ടെക് എം, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടിസിഎസ്, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വിശാല വിപണിയില്‍, നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 1.76 ശതമാനവും മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ രണ്ടാം ദിനവും ഓഹരി വിപണി പച്ചയില്‍ നീങ്ങിയപ്പോള്‍ 24 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 6 ശതമാനവും സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്സ് എന്നിവയുടെ ഓഹരി വില 4 ശതമാനവും ഉയര്‍ന്നു. എവിറ്റി, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ എന്നിവയാണ് രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.
അതേസമയം വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ഈസ്റ്റേണ്‍ ട്രെഡ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.