നിലക്കാത്ത യുദ്ധകാഹളം, ചോര്‍ന്നൊലിച്ച് ഓഹരി വിപണി
ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 2.74 ശതമാനം ഇടിഞ്ഞു
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനിടെ തകര്‍ന്നടിഞ്ഞ്് ഓഹരി വിപണി. ക്രൂഡ് ഓയ്ല്‍ വില 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ, വിലക്കയറ്റവും പണപ്പെരുപ്പവും രുക്ഷമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇതേതുടര്‍ന്ന് വില്‍പ്പന സമ്മര്‍ദം ശക്തമായി. സെന്‍സെക്‌സ് സൂചിക 2.74 ശതമാനം, അതായത് 1,491 പോയ്ന്റ് ഇടിഞ്ഞ് 52,842 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 2.35 ശതമാനം ഇടിഞ്ഞു (83 പോയ്ന്റ് നഷ്ടം). 15,863 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് വിപണി ഇടിവിലേക്ക് വീഴാന്‍ തുടങ്ങിയതോടെ, സെന്‍സെക്‌സും നിഫ്റ്റിയും അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 62,245 പോയ്ന്റും നിഫ്റ്റിയുടേത് 18,604 പോയ്ന്റുമായിരുന്നു. 2021 ഒക്ടോബറിലായിരുന്നു ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഈ നിലയിലെത്തിയത്.
അതേസമയം, നിലക്കാത്ത സംഘര്‍ഷഭീതിയില്‍ വിപണി ഇടിഞ്ഞപ്പോള്‍ ഇന്ന് ഏറെ നഷ്ടം നേരിടേണ്ടി വന്നത് ബാങ്കുകളാണ്. 4.47 ശതമാനം വരെ ഇടിവാണ് ഈ മേഖല നേടിയത്. മെറ്റല്‍ സൂചിക 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, പിഎസ്യു ബാങ്ക്, റിയല്‍റ്റി എന്നിവ 2-5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
കേരള കമ്പനികളുടെ പ്രകടനം
വിപണി താഴ്ചയിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ 26 കമ്പനികളും നഷ്ടം നേരിട്ടു. അപ്പോളോ ടയേഴ്സ്, കെഎസ്ഇ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (6.54 ശതമാനം), ഫെഡറല്‍ ബാങ്ക് (6.22 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (4.95 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (5.14 ശതമാനം) എന്നിവയാണ് കനത്ത ഇടിവുണ്ടായ ഓഹരികള്‍.