നിക്ഷേപകര്‍ പ്രതീക്ഷയില്‍; നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍

റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ

Update:2022-03-14 17:30 IST

ഏഷ്യന്‍ വിപണികള്‍ ദുര്‍ബല മുന്നേറ്റത്തിലായിരുന്നിട്ടും ആഭ്യന്തര മൊത്തവിലക്കയറ്റം പരിധി കടന്നിട്ടും ഇന്ത്യന്‍ ഓഹരി വിപണി അതിനെ ഗൗനിക്കാതെ തുടര്‍ച്ചയായി അഞ്ചാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. റഷ്യ - യുക്രെയ്ന്‍ ചര്‍ച്ചകളില്‍ നിക്ഷേപ സമൂഹത്തിന് പ്രതീക്ഷയുള്ളതുപോലെയായിരുന്നു വിപണിയുടെ പ്രതികരണം. സെന്‍സെക്‌സ് 936 പോയ്ന്റ്, 1.68 ശതമാനം ഉയര്‍ന്ന് 56,486 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 241 പോയ്ന്റ്, 1.45 ശതമാനം ഉയര്‍ന്ന് 16,871ലും ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ് ഓഹരി വില നാല് ശതമാനം ഉയര്‍ന്നപ്പോള്‍ എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ വമ്പന്മാരുടെ ഓഹരി വിലകള്‍ മൂന്നരശതമാനത്തോളം കൂടി.

വിശാല വിപണിയില്‍ പക്ഷേ മുഖ്യ വിപണിയിലെ അത്ര ആവേശം പ്രകടമായിരുന്നില്ല. മിഡ്കാപ് സൂചിക 0.02 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.3 ശതമാനവും മാത്രമാണ് ഉയര്‍ന്നത്.

ചീഫ് എക്‌സിക്യുട്ടീവ് രാജിവെച്ചതിനെ തുടര്‍ന്ന് ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഓഹരി വില ഇന്ന് 14.6 ശതമാനം താഴ്ന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.

പുതിയ ഉപഭോക്താക്കളെ കൂട്ടുചേര്‍ക്കുന്നതില്‍ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പേ ടിഎമ്മിന്റെ മാതൃകമ്പനി വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 14.5 ശതമാനം ഇടിഞ്ഞു.
കേരള കമ്പനിയുടെ പ്രകടനം
ഒരു ഡസന്‍ കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. എവിറ്റ് നാച്വറലിന്റെ വില 11.25 ശതമാനത്തോളം ഉയര്‍ന്നു. കേരള ആയുര്‍വേദയുടെ ഓഹരി വില 5.95 ശതമാനമാണ് കൂടിയത്. വണ്ടര്‍ല ഓഹരി വില രണ്ട് ശതമാനത്തിലേറെ കൂടി. ഫാക്ട് ഓഹരി വില നാല് ശതമാനത്തിലേറെ വര്‍ധിച്ചു.

കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് ഓഹരി വില മാത്രമാണ് ഇന്ന് ഉയര്‍ന്നത്.




 


Tags:    

Similar News