കുതിച്ചു മുന്നേറി ഓഹരി വിപണി, മെറ്റല്‍ സൂചിക ഏഴ് ശതമാനം ഉയര്‍ന്നു

എല്ലാ കേരള കമ്പനികളും പച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്

Update: 2022-05-17 11:18 GMT

ഓഹരി വിപണിയില്‍ ഫെബ്രുവരി 15ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പുമായി ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് സൂചിക 1344 പോയ്ന്റ് അഥവാ 2.54 ശതമാനം ഉയര്‍ന്ന് 54,318 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 2.63 ശതമാനം അഥവാ 417 പോയ്ന്റ് കുതിപ്പോടെ 16,259 പോയ്ന്റിലുമെത്തി.

വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈന കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ നിഫ്റ്റി മെറ്റല്‍ സൂചിക ഏകദേശം ഏഴ് ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. മെറ്റല്‍ ഓഹരികളില്‍ ഹിന്‍ഡാല്‍കോ (10 ശതമാനം), ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ (7.6 ശതമാനം വീതം), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (6 ശതമാനം) എന്നിവ കുതിച്ചുയര്‍ന്നു മികച്ച നേട്ടം സമ്മാനിച്ചു. മറ്റെല്ലാ സൂചികകളും 2 ശതമാനത്തിലധികം ഉയര്‍ന്ന് ക്ലോസ് ചെയ്തു.
വിശാല വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.5 ശതമാനവും 2.8 ശതമാനവും ഉയര്‍ന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ ബിഎസ്ഇയില്‍ 867.20 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 949 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.6 ശതമാനം കിഴിവ്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) സ്റ്റോക്ക് 872 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍, ബിഎസ്ഇയില്‍ സ്റ്റോക്ക് 873 രൂപയായി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുതിപ്പിന് സാക്ഷ്യം വഹിച്ചപ്പോള്‍ എല്ലാ കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കിറ്റെക്‌സ്, കെഎസ്ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വില 3-5 ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി.




 


Tags:    

Similar News