വിപണിയില്‍ ആശ്വാസറാലി, സെന്‍സെക്‌സ് 2.91 ശതമാനം ഉയര്‍ന്നു

ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കി

Update: 2022-05-20 11:40 GMT

ഇന്നലത്തെ ഇടിവിന് പിന്നാലെ കുതിച്ച് മുന്നേറി ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1,534 പോയ്ന്റ് അഥവാ 2.91 ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 457 പോയ്ന്റ് അഥവാ 2.89 ശതമാനം ഉയര്‍ന്ന് 16,266 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കുതിപ്പോടെ നീങ്ങിയ സെന്‍സെക്‌സ് ചാഞ്ചാട്ടമില്ലാതെയാണ് മുന്നേറിയത്. ഈ ആഴ്ച സെന്‍സെക്‌സ് സൂചിക 1,024.08 (1.92 ശതമാനം) ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 379.55 (2.39 ശതമാനം) പോയ്ന്റാണ് കയറിയത്.

സെന്‍സെക്‌സിലെ 30 ഓഹരികളും നിഫ്റ്റി 50 ലെ 48 ഓഹരികളും ഗ്രീന്‍ സോണില്‍ ക്ലോസ് ചെയ്തു. ഡോ.റെഡ്ഡീസ് ലാബ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സിപ്ല, അദാനി പോര്‍ട്ട്സ്, എല്‍ ആന്‍ഡ് ടി, ആര്‍ഐഎല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവ 3.5 ശതമാനം വീതം മുന്നേറി. യുപിഎല്ലും ശ്രീ സിമന്റും മാത്രമാണ് 0.8 ശതമാനം വരെ താഴ്ന്നത്.
വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഉയര്‍ന്നു. ഈ വര്‍ഷം സമ്പദ്വ്യവസ്ഥയിലേക്ക് 5.3 ട്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക നാല് ശതമാനത്തിലധികം മുന്നേറി. കൂടാതെ, മറ്റെല്ലാ സൂചികകളും രണ്ട് ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി വലിയൊരു കുതിപ്പിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഏഴെണ്ണം ഒഴികെ ബാക്കിയെല്ലാ കേരള കമ്പനികളും നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം, എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വില 2-5 ശതമാനം വരെ ഉയര്‍ന്നു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, മണപ്പുറം ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ഏഴ് ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.


Tags:    

Similar News