ഉത്സാഹം തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 1.9 ശതമാനം ഉയര്‍ന്നു
കേരള കമ്പനികളില്‍ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ ഓഹരിവില 8.2 ശതമാനം ഉയര്‍ന്നു
വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്നും ഉത്സാഹം തുടര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ പച്ചയില്‍ കുതിച്ച ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1041 പോയ്ന്റ് അഥവാ 1.9 ശതമാനം ഉയര്‍ച്ചയോടെ 55,925 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 309 പോയ്ന്റ് അഥവാ 1.89 ശതമാനം ഉയര്‍ന്ന് 16,661-ല്‍ ക്ലോസ് ചെയ്തു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഉയര്‍ന്നു.
ടൈറ്റന്‍, ഇന്‍ഫോസിസ്, എം ആന്‍ഡ് എം, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ടെക് എം എന്നിവ 3 -5 ശതമാനത്തോളം മുന്നേറി. അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, വിപ്രോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരി വില 1.5 ശതമാനം ഉയര്‍ന്ന് നേട്ടമുണ്ടാക്കി.
മിഡ്-സ്മോള്‍ ക്യാപ് ഓഹരികളില്‍ 3 എം ഇന്ത്യ, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ്, ഐആര്‍സിടിസി, ക്രോംപ്ടണ്‍ ഗ്രീവ്സ്, അശോക ബില്‍ഡ്കോണ്‍, ടെക്നിക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചു. മേഖലാതലത്തില്‍ നിഫ്റ്റി ഐടി, റിയാലിറ്റി സൂചികകള്‍ 4 ശതമാനം വീതം മുന്നേറി. പൊതുമേഖലാ ബാങ്ക് സൂചിക 3.3 ശതമാനവും ഓട്ടോ സൂചിക 2 ശതമാനവും ഉയര്‍ന്നു.
ആഡംബര, പ്രീമിയം വാച്ച് റീട്ടെയ്‌ലറായ എഥോസ് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. വിപണി കുതിപ്പിനിടയിലും ഇടിവോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഒരു ഷെയറിന് 825 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഉയര്‍ന്ന പ്രൈസ് ബാന്‍ഡായ 878 രൂപയേക്കാള്‍ ആറ് ശതമാനം കുറവാണിത്. ബിഎസ്ഇയില്‍ ഓഹരി 830 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. പിന്നീട് ഇടിവിലേക്ക് വീണ എഥോസ് 801.40 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റത്തോടെ നീങ്ങിയപ്പോള്‍ 21 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 8.2 ശതമാനം ഉയര്‍ന്നു. 232.00 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അപ്പോളോ ടയേഴ്‌സ് (2.37 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (6.38 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.44 ശതമാനം), ഫെഡറല്‍ ബാങ്ക് (3.63 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.06 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.73 ശതമാനം), കിറ്റെക്‌സ് (3.39 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.80 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.10 ശതമാനം), നിറ്റ ജലാറ്റിന്‍ (3.26 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.11 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.00 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം, കെഎസ്ഇ, കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡി എം, എവിറ്റി തുടങ്ങിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.