മിന്നി തിളങ്ങി നൈക്ക, മുഖ്യ സൂചികകളില്‍ ഇടിവ്

വിദേശ ഫണ്ടുകളുടെ വില്‍പ്പനയില്‍ ചാഞ്ചാടി മുഖ്യസൂചികകള്‍

Update: 2021-11-10 11:53 GMT

നൈക്കയുടെ ലിസ്റ്റിംഗില്‍ മിന്നിതിളങ്ങിയ ഓഹരി വിപണി, വിദേശ ഫണ്ടുകളുടെ വില്‍പ്പനയില്‍ കുത്തനെ താഴേക്ക് പോയി. പിന്നീട് ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നിവയില്‍ നിക്ഷേപതാല്‍പ്പര്യം കൂടിയത് സൂചികകള്‍ക്ക് തുണയായി.

വിദേശ ഫണ്ടുകളുടെ വില്‍പ്പനയെ തുടര്‍ന്ന് സെന്‍സെക്‌സ് 138 പോയ്ന്റ് ഇടിവ് രേഖപ്പെടുത്തികൊണ്ടാണ് ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ. പിന്നീട് നഷ്ടം നികത്തി. ഒടുവില്‍ തലേന്നാളത്തേക്കാള്‍ 80 പോയ്ന്റ് താഴ്ന്ന് സെന്‍സെക്‌സ് 60,353ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27പോയ്ന്റ് താഴ്ന്ന് 18,017ലും ക്ലോസ് ചെയ്തു.
തിളക്കത്തോടെ നൈക്ക
ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ നൈക്കയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു. ഇഷ്യു പ്രൈസിന്റെ ഏതാണ്ട് ഇരട്ടിയിലാണ് ഓഹരി ലിസ്റ്റ് ചെയ്തതുതന്നെ. 2,248 രൂപയ്ക്ക്. ബി എസ് ഇയിലെ ഏറ്റവും മൂല്യമുള്ള 60 കമ്പനികളുടെ നിരയിലേക്ക് ആദ്യദിനം തന്നെ കസേര നീക്കിയിട്ടിരുന്നു ഫാല്‍ഗുനി നയ്യാറുടെ നൈക്ക.
കേരള കമ്പനികളുടെ പ്രകടനം
12 ഓളം കേരള കമ്പനികള്‍ ഇന്ന് നില മെച്ചപ്പെടുത്തി. ആസ്റ്റര്‍ ഡിഎം ഓഹരി വില 5.43 ശതമാനത്തോളം കൂടി. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വിലയില്‍ 3.63 ശതമാനമാണ് വര്‍ധനയുണ്ടായത്. കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.

ഈസ്‌റ്റേണ്‍ ട്രെഡ്‌സിന് ഇന്ന് വലിയ നഷ്ടം നേരിട്ടു. ഓഹരി വില 7.49 ശതമാനത്തോളം ഇടിഞ്ഞു.



 



Tags:    

Similar News