സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിളങ്ങി, നേട്ടത്തോടെ വിപണി

കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള 16 കേരള കമ്പനികളുടെ ഓഹരിവില ഉയര്‍ന്നു

Update: 2022-09-05 11:16 GMT

ആഗോള സൂചനകള്‍ പ്രതികൂലമായിട്ടും മികച്ച സാമ്പത്തിക വളര്‍ച്ചാ സാധ്യതകളില്‍ ഉയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിളങ്ങിയപ്പോള്‍ നേട്ടത്തോടെയാണ് വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് മാസത്തിലെ സേവന മേഖലയിലെ കുതിപ്പും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് 14 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതും വിപണിയെ മുന്നോട്ടുനയിക്കാന്‍ സഹായിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 442 പോയ്ന്റ് അഥവാ 0.75 ശതമാനം നേട്ടത്തോടെ 59,245 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.72 ശതമാനം അഥവാ 126 പോയ്ന്റ് ഉയര്‍ന്ന് 17,665 ലുമത്തെി.

ഐടിസി, സണ്‍ഫാര്‍മ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എച്ച്സിഎല്‍ ടെക്, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ സെന്‍സെക്സില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം, സിപ്ല എന്നിവ നിഫ്റ്റി 50ല്‍ മുന്നേറി. ഈ ഓഹരികളെല്ലാം 1-3.3 ശതമാനത്തോളമാണ് ഉയര്‍ന്നത്. നെസ്ലെ, അള്‍ട്രാടെക് സിമന്റ് വിപ്രോ, എച്ച്യുഎല്‍, പവര്‍ഗ്രിഡ് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46 ശതമാനവും ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.9 ശതമാനവും ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിച്ചപ്പോള്‍ 16 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (0.95 ശതമാനം), ആസ്റ്റര്‍ ഡി എം (2.78 ശതമാനം), സിഎസ്ബി ബാങ്ക് (2.24 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.32 ശതമാനം), ഫെഡറല്‍ ബാങ്ക് (3.43 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.17 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (2.19 ശതമാനം), കിറ്റെക്‌സ് (3.19 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.46 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.16 ശതമാനം), നിറ്റ ജലാറ്റിന്‍ (1.34 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.02 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതിനിടെ, ഫെഡറല്‍ ബാങ്കും കൊട്ടക് ബാങ്കും ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഇന്‍ഡ്രാ ഡേയില്‍ 10 ശതമാനത്തോളം ഉയര്‍ന്നു.
എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.




 



Tags:    

Similar News