മാന്ദ്യഭീതിയില്‍ വീണ് വിപണി; സെന്‍സെക്‌സ് 1.82 ശതമാനം ഇടിഞ്ഞു
ഇടിവിലും നേട്ടമുണ്ടാക്കി കേരള കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്സ്
ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യഭീതിയില്‍ ഉലഞ്ഞ് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1,093.22 പോയ്ന്റ് അഥവാ 1.82 ശതമാനം ഇടിഞ്ഞ് 58,840.79 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 346.55 പോയ്ന്റ് അഥവാ 1.94 ശതമാനം താഴ്ന്ന് 17,530.85 പോയ്ന്റിലുമെത്തി. ഇരുസൂചികകളും വ്യാപാരത്തിലുടനീളം ചുവപ്പിലായിരുന്നു.
ബാങ്കുകള്‍ പ്രത്യേകിച്ച് പൊതുമേഖല, ഓട്ടോ, ഐടി, മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടത്. ഇവയുടെ സൂചികയില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഏകദേശം 2-4 ശതമാനം താഴ്ന്നു.
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 2.5 ശതമാനം മുതല്‍ 3 ശതമാനം വരെ ഇടിഞ്ഞു. അതേസമയം, അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ് വിപണി മൂല്യത്തില്‍ ഐടിസി, എല്‍ഐസി എന്നിവയെ മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നേറിയ ഓഹരി നേരിയ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കനത്ത ഇടിവിലേക്ക് വീണപ്പോള്‍ ആറ് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില ആറ് ശതമാനമാണ് ഉയര്‍ന്നത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.53 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (4.98 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (2.34 ശതമാനം), സിഎസ്ബി ബാങ്ക് (2.53 ശതമാനം) എന്നിയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, അപ്പോളോ ടയേഴ്സ്, എവിറ്റി, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്സ് എന്നിവയുടെ ഓഹരിവിലയില്‍ 2-5 ശതമാനം വരെ നഷ്ടമുണ്ടായി. ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരിവിലയില്‍ മാറ്റമുണ്ടായില്ല.