ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍
കെഎസ്ഇ, എവിറ്റി തുടങ്ങി 16 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 29 പോയ്ന്റ് താഴ്ന്ന് 58250.26 പോയ്ന്റിലും നിഫ്റ്റി 9 പോയ്ന്റ് ഇടിഞ്ഞ് 17353.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വാക്‌സിനേഷന്‍ വേഗത കൂടിയ റിപ്പോര്‍ട്ടുകള്‍ വിപണിക്ക് ഗുണകരമായി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പിഎല്‍ഐ സ്‌കീം പ്രഖ്യാപിച്ചത് ടെക്‌സ്റ്റൈല്‍ ഓഹരികള്‍ക്ക് നേട്ടമാകുകയും ചെയ്തു.
1812 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1366 ഓഹരികളുടെ വിലയിടിഞ്ഞു. 165 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച് യു എല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐഷര്‍ മോട്ടോഴ്‌സ്, ഡിവിസ് ലാബ്, ഹിന്‍ഡാല്‍കോ, സിപ്ല, ഇന്‍ഫോസിസ് തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.
നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, പിഎസ്‌യു ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടറല്‍ സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ഐറ്റി, മീഡിയ, ഓട്ടോ, ഫാര്‍മ സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 16 എണ്ണത്തിനും ഇന്ന് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കാനായി. 2.96 ശതമാനം നേട്ടവുമായി കെഎസ്ഇ ലിമിറ്റഡാണ് ഇതില്‍ മുന്നില്‍. എവിറ്റി (2.32 ശതമാനം), ഇന്‍ഡിട്രേഡ് (2.21 ശതമാനം), ഫെഡറല്‍ ബാങ്ക് (1.84 ശതമാനം), എഫ്എസിടി (1.16 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.91 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.72 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.
അതേസമയം, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, കേരള ആയുര്‍വേദ, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ, അപ്പോളോ ടയേഴ്‌സ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 13 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.