തുടര്‍ച്ചയായ മൂന്നാം ദിനവും വിപണി ഇടിഞ്ഞു, പൊതുമേഖലാ ബാങ്കുകള്‍ മുന്നേറി
കേരള കമ്പനികളില്‍ 16 എണ്ണം നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 286 പോയ്ന്റ് ഇിടിഞ്ഞ് 59,126 ലും നിഫ്റ്റി 91 പോയ്ന്റ് ഇടിഞ്ഞ് 17,618 ലുമാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനി (പിസിഎ) ല്‍ നിന്നു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ നീക്കിയതിന് പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് ആര്‍ബിഐ നിരീക്ഷണപട്ടികയിലുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും 10 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര എട്ട് ശതമാനവും ഉയര്‍ന്നു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,660 ലേക്ക് നീങ്ങുന്നതായാണ് കാണിക്കുന്നത്.
അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവുമാണ് ഉയര്‍ന്നത്. ഏകദേശം 1,804 കമ്പനികള്‍ മുന്നേറിയപ്പോള്‍ 1,393 കമ്പനികളാണ് നേട്ടമുണ്ടാക്കാതെ പോയത്. എന്നിരുന്നാലും വിപണിയുടെ വ്യാപ്തി മുന്നേറ്റത്തിന് അനുകൂലമായിരുന്നു. റിയല്‍റ്റി, ഫാര്‍മ, പവര്‍, പിഎസ്യു ബാങ്കിംഗ് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിയപ്പോള്‍ ഓട്ടോ, ബാങ്ക്, ഐടി, മെറ്റല്‍ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് കണ്ടത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 16 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. കല്ല്യാണ്‍ ജുവലേഴ്‌സാണ് കേരള കമ്പനികളില്‍ മികച്ച നേട്ടമുണ്ടാക്കിയത്. 4.22 ശതമാനം. ഫെഡറല്‍ ബാങ്കിന്റെ ഓഹരിയും 3.5 ശതമാനത്തോളം ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.29 ശതമാനം), കെഎസ്ഇ (0.56 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ് (2.29 ശതമാനം), വി- ഗാര്‍ഡ് (0.12 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം ആസ്റ്റര്‍ ഡി എം (1.28 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.83 ശതമാനം), സിഎസ്ബി ബാങ്ക് (0.59 ശതമാനം), എഫ്എസിടി (0.62 ശതമാനം), മണപ്പുറം (2.28 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.34 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.96 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.95 ശതമാനം) തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.