നേരിയ ഇടിവോടെ സെന്‍സെക്‌സ്, നിഫ്റ്റി കയറി

ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ തുടങ്ങി 18 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update: 2021-08-25 11:28 GMT

നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 14.77 പോയ്ന്റ് ഇടിഞ്ഞ് 55944.21 പോയ്ന്റിലും നിഫ്റ്റി 10.10 പോയ്ന്റ് ഉയര്‍ന്ന് 16634.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1941 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1180 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി പോര്‍ട്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍ കമ്പനി, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ലാര്‍ജ് ക്യാപ് ഓഹരികള്‍ നിറം മങ്ങിയതാണ് സെന്‍സെക്‌സ് നേരിയ തോതിലെങ്കിലും ഇടിയാന്‍ പ്രധാന കാരണം. അതേസമയം മിഡ്കാപ് ഓഹരികള്‍ നിലമെച്ചപ്പെടുത്തുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
ഫാര്‍മ, റിയല്‍റ്റി, ബാങ്ക്, ഓട്ടോ എന്നിവ ഒഴികെയുള്ള സെക്ടറര്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികള്‍ 0.5 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കേരള കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. 11.31 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മുന്നില്‍ നില്‍ക്കുന്നു. കേരള ആയുര്‍വേദ (9.16 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.38 ശതമാനം), ആസ്റ്റര്‍ ഡിഎം (5.08 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.79 ശതമാനം) തുടങ്ങിയ കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, എവിറ്റി തുടങ്ങി 11 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.




 


Tags:    

Similar News