തുടര്‍ച്ചയായ താഴ്ചയില്‍ കേരളത്തിലെ സ്വര്‍ണ വില; പവന് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് ₹520
വെള്ളി വിലയും കുറഞ്ഞു
കേരളത്തില്‍ ഉയര്‍ച്ചകളില്‍ നിന്ന് താഴേക്കിറങ്ങി സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,810 രൂപയും പവന് 320 രൂപ കുറഞ്ഞ് 46,480 രൂപയുമായി. ഇന്നലെ പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് ഇന്ന് 35 രൂപ കുറഞ്ഞ് 4,805 രൂപയായി.
ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് 2 രൂപ കുറഞ്ഞ് 78 രൂപയായി.
രാജ്യാന്തര വിപണി
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണം ചാഞ്ചാടുന്നതിനൊപ്പമാണ് കേരളത്തിലെ വിലയിലും വന്‍ കയറ്റിറക്കങ്ങള്‍ ദൃശ്യമായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണം 2,044.60 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 2,070 ഡോളര്‍ വരെ ഉയര്‍ന്ന വില താഴേക്ക് പോയതാണ് ഇന്നലെ മുതല്‍ ആഭ്യന്തര വിപണികളിലും ദൃശ്യമായത്.
വില എന്താകും?
ഇക്കഴിഞ്ഞ ഡിസംബര്‍ 28ലെ പവന്‍ വിലയായ 47,120 രൂപയാണ് കേരളത്തില്‍ നിലവിലെ റെക്കോഡ്. അന്ന് ഗ്രാം വില 5,890 രൂപയായിരുന്നു. ആഗോള വിപണി വിലയ്ക്കനുസരിച്ചാണ് കേരളത്തിലെ വിലയും ചാഞ്ചാടുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധന നയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്സും അമേരിക്കയിലെ തൊഴിലില്ലായ്മ കണക്കുകളും വൈകാതെ പുറത്തുവരും. ഈ പശ്ചാത്തലത്തിലാണ് രാജ്യാന്തര സ്വര്‍ണവില അല്‍പം താഴേക്ക് വീണത്.
സ്‌പോട്ട് സ്വര്‍ണം വൈകാതെ 2,085-2,100 ഡോളറിലേക്ക് കയറിയേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തിലും വില പുത്തന്‍ റെക്കോഡ് കുറിച്ചേക്കും.