നിക്ഷേപിച്ച ഓഹരികളില്‍ കുതിപ്പ്; കോളടിച്ച് എല്‍.ഐ.സി, മൂന്നു മാസത്തില്‍ ലാഭം ₹80,000 കോടി

എല്‍.ഐ.സി പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികള്‍ ഉയര്‍ന്നത് 200 ശതമാനത്തോളം

Update: 2023-12-14 10:08 GMT

Image : licindia.in and Canva

വിപണിയുടെ മുന്നേറ്റത്തില്‍ നേട്ടം കൊയ്ത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ്  കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എൽ.ഐ.സി). വിവിധ കമ്പനികളുടെ ഓഹരികളിലെ നിക്ഷേപത്തിലൂടെ കഴിഞ്ഞ 50 വ്യാപാര ദിനങ്ങളില്‍ മാത്രം എല്‍.ഐ.സി നേടിയത് 80,000 കോടി രൂപയുടെ ലാഭം.

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സിക്ക് നൂറുകണക്കിന് ഓഹരികളില്‍ പങ്കാളിത്തമുണ്ട്. ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍- ഡിസംബർ പാദത്തില്‍ ഇതുവരെ എല്‍.ഐ.സിയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള 110ഓളം ഓഹരികള്‍ ഇരട്ടയക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 204 ശതമാനം വളര്‍ച്ച നേടിയ ഗോകാക് 
ടെക്‌സ്റ്റൈല്‍
സാണ് ഏറ്റവും മികച്ച നേട്ടം സമ്മാനിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഓറിയന്റ് ഗ്രീന്‍ പവര്‍ കമ്പനി, അദാനി ടോട്ടല്‍ ഗ്യാസ്, ബി.എസ്.ഇ, സ്‌പെന്‍സേഴ്‌സ് റീറ്റെയില്‍ എന്നീ ഓഹരികള്‍ 60 മുതല്‍ 82 ശതമാനം വരെയും നേട്ടം എല്‍.ഐ.സിക്ക് നല്‍കി.
മൊത്തം നിക്ഷേപം 11.7 ലക്ഷം കോടി
ഒരു ശതമാനത്തിലധികം നിക്ഷേപ വിഹിതവുമായി  260 ഓഹരികളിലാണ് എല്‍.ഐ.സിക്കു നിക്ഷേപമുള്ളത്. ഇതില്‍ ഇപ്പോള്‍ വ്യാപാരത്തിലുള്ളവ മാത്രം കണക്കിലെടുത്താന്‍ 80,300 കോടി രൂപയുടെ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം നിക്ഷേപ മൂല്യം 11.7 ലക്ഷം കോടിയായി. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എല്‍.ഐ.സിയുടെ നിക്ഷേപം 10.9 ലക്ഷം കോടി രൂപയായിരുന്നു.
ഈ പാദത്തിലിതുവരെ നിഫ്റ്റി 6.5 ശതമാനം നേട്ടം നല്‍കിയപ്പോള്‍ എല്‍.ഐസിക്ക് നിക്ഷേപമുള്ള ഓഹരികള്‍ (പോര്‍ട്ട്‌ഫോളിയോ) നല്‍കിയ നേട്ടം 7.36 ശതമാനമാണ്.
കൂടുതൽ നിക്ഷേപം റിലയൻസിൽ 
എല്‍.ഐ.സിക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുളള ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ഇതിലെ 6.27 ശതമാനം ഓഹരികളുടെ മാത്രം മൂല്യം ഒരു ലക്ഷം കോടി രൂപയാണ്. ഐ.ടി.സി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് കൂടുതല്‍ നിക്ഷേപമുള്ള മറ്റ് ഓഹരികള്‍.
വിപണിയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ഗുണമേന്മയുള്ള മികച്ച ഓഹരികള്‍ ശേഖരിച്ച് വില ഉയരുമ്പോള്‍ ലാഭമെടുക്കുന്ന നിക്ഷേപരീതിയാണ് എല്‍.ഐ.സി പിന്തുടരുന്നത്. ഈ വര്‍ഷമാദ്യം അദാനി ഓഹരികളിലെ തകര്‍ച്ചയെ തുടര്‍ന്ന് എല്‍.ഐ.സിക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. എന്നാലിപ്പോള്‍ അദാനി ഓഹരികള്‍ തിരിച്ചുവരവ് നടത്തുന്നതും എല്‍.ഐ.സിക്ക് ഗുണമാകുന്നുണ്ട്.
Tags:    

Similar News