ഐപിഒ (LIC Ipo) തുറക്കുന്നതിന് മുമ്പ് 59.3 ദശലക്ഷം ഓഹരികള്‍ വാങ്ങിയ ആങ്കര്‍ നിക്ഷേപകര്‍ക്ക് തിങ്കളാഴ്ച മുതല്‍ അവരുടെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിയും. റീട്ടെയ്ലിനും മറ്റ് നിക്ഷേപകര്‍ക്കും വേണ്ടി സബ്സ്‌ക്രിപ്ഷന്‍ തുറക്കുന്നതിന് മുമ്പ് ഷെയറുകള്‍ അനുവദിക്കുന്ന ഉയര്‍ന്ന പ്രൊഫൈല്‍ സ്ഥാപന നിക്ഷേപകരാണ് ആങ്കര്‍ നിക്ഷേപകര്‍. നോര്‍വീജിയന്‍ വെല്‍ത്ത് ഫണ്ട് നോര്‍ജസ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റും സിംഗപ്പൂര്‍ സര്‍ക്കാരുമാണ് എല്‍ഐസിയിലെ ആങ്കര്‍ നിക്ഷേപകര്‍. കൂടാതെ, ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് ഹൗസുകളായ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ, ഐസിഐസിഐ, കൊട്ടക് എന്നിവയും എല്‍ഐസി സബ്സ്‌ക്രൈബ് ചെയ്ത ആങ്കര്‍ നിക്ഷേപകരാണ്. അതേസമയം, എല്‍ഐസി ഓഹരിയില്‍ കൂടുതല്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
നേരത്തെ, എല്‍ഐസിയുടെ ഓഹരി വില ഇടിവിലേക്ക് വീണപ്പോള്‍ വിപണി മൂലധനത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എല്‍ഐസി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എല്‍ഐസിയുടെ ഓഹരി വിപണിയിലേക്കുള്ള കടന്നുവരവ് നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും വന്‍തിരിച്ചടിയാണ് തുടര്‍ന്നുണ്ടായത്. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയായിരുന്നു എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലുമാണ് എല്‍ഐസി വ്യാപാരം ആരംഭിച്ചത്.
എല്‍ഐസിയുടെ (LIC) പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്‌സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ വിഭാഗം 4.39 തവണയും സബ്‌സ്‌ക്രൈബ് ചെയ്തു. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.91 മടങ്ങ് അപേക്ഷകളുണ്ടായപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.83 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവും എല്‍ഐസി നല്‍കിയിരുന്നു.