പൊറിഞ്ചുവിന്റെ പരാതി: പണംതിരിമറി കേസില്‍ എൽ.ഇ.ഇ.എൽ ഇലക്ട്രിക്കല്‍സ് മേധാവികള്‍ക്ക് കോടികൾ പിഴയിട്ട് സെബി
ലോയ്ഡിനെ 2017ല്‍ ഹാവെല്‍സ് ഏറ്റെടുത്തിരുന്നു
കേസിന്റെ പശ്ചാത്തലം
ലോയ്ഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് എന്‍ജിനിയറിംഗിന്റെ എ.സി., ടിവി, വാഷിംഗ് മെഷീനുകള്‍ എന്നിവ വിറ്റിരുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തെ 2017 മേയില്‍ ഹാവല്‍സ് ഇന്ത്യ 1,550 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഈ തുക കടംവീട്ടാനും മറ്റും വിനിയോഗിക്കുമെന്ന് ലോയ്ഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ലോയ്ഡ് എന്ന ബ്രാന്‍ഡ് നാമവും ഇതുവഴി ഹാവല്‍സിന് ലഭിച്ചു. ഇതോടെ ലോയ്ഡ് ഇലക്ട്രിക്കല്‍ പേര് എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് (LEEL Electricals) എന്നാക്കി. എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തെ വിറ്റഴിച്ചത് വഴി മികച്ച സാമ്പത്തികനേട്ടം സ്വന്തമാക്കിയത് കണക്കിലെടുത്ത്, കമ്പനിക്ക് മികച്ച വളര്‍ച്ചാസാധ്യതയുണ്ടെന്ന് വിലയിരുത്തിയ പൊറിഞ്ചു വെളിയത്ത്, അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോ മാനേജ്മെന്റ് സർവീസിലുള്ള ക്ലയന്റ്സിന് വേണ്ടി എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സിന്റെ 8.19 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.
എന്നാല്‍ എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് പിന്നീട് മോശം പ്രവര്‍ത്തനഫലങ്ങളാണ് പുറത്തുവിട്ടത്. മാത്രമല്ല, ഒട്ടേറെ ചോദ്യങ്ങൾക്ക് വഴിവയ്ക്കുന്ന തീരുമാനങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തെ വിറ്റഴിച്ചതുവഴി ലഭിച്ചതുക കമ്പനിയുടെ ക്ഷേമത്തിന് ഉപയോഗിക്കാതെ എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് പ്രൊമോട്ടര്‍മാര്‍ വകമാറ്റിയെന്നും പൊറിഞ്ചുവിന് വ്യക്തമായി. അദ്ദേഹം സെബിക്ക് പരാതിയും നല്‍കി. എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സിലുണ്ടായിരുന്ന ഓഹരികള്‍ അദ്ദേഹം വന്‍തോതില്‍ വിറ്റൊഴിയുകയും ചെയ്തു.
ഇതിനിടെ 225 കോടി രൂപയുടെ വ്യാജ ഇന്‍വോയിസ് വഴി 41 കോടി രൂപയുടെ ജി.എസ്.ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് അധികൃതര്‍ തട്ടിയെടുത്തുവെന്ന് കാട്ടി സെബിക്ക് സെന്‍ട്രല്‍ ജി.എസ്.ടി കമ്മിഷണറുടെ കത്തും ലഭിച്ചു.
സെബിയുടെ അന്വേഷണം
പരാതികളുടെ പശ്ചാത്തലത്തില്‍ എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സിനെതിരെ സെബി അന്വേഷണം തുടങ്ങി. സെബിയുടെ നിര്‍ദേശപ്രകാരം 2019 ഏപ്രിലില്‍ ഡിലോയിറ്റ് ഫോറന്‍സിക് ഓഡിറ്റും നടത്തി.
ഇതിനിടെ ഒരുവേള 300 രൂപവരെ കടന്ന എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് ഓഹരിവില കേസിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞു. വില 2018ല്‍ 57 രൂപയിലേക്കും 2019ല്‍ ഒറ്റയക്കത്തിലേക്കും കൂപ്പുകുത്തി.
ഡെലോയിറ്റിന്റെ പരിശോധനയില്‍ എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് പ്രൊമോട്ടര്‍മാര്‍ വന്‍തോതില്‍ പണംതിരിമറി നടത്തിയെന്ന് വ്യക്തമായി. ഏകദേശം 472 കോടി രൂപയുടെ തിരിമറികളാണ് കണ്ടെത്തിയത്.
2013-16 കാലയളവില്‍ കമ്പനി 356 കോടി രൂപയുടെ ലാഭമുണ്ടെന്ന് പെരുപ്പിച്ച് കാട്ടിയെന്നും യഥാര്‍ത്ഥത്തില്‍ കമ്പനി നഷ്ടത്തിലായിരുന്നുവെന്നും ഡെലോയിറ്റിന്റെ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണ് എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് പ്രൊമോട്ടോര്‍മാര്‍ക്കെതിരെ കടുത്ത നടപടിക്ക് സെബി തുനിഞ്ഞത്.
2020 മാർച്ചിൽ കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾക്കും (Insolvency Resolution) അധികൃതർ തുടക്കമിട്ടിരുന്നു. കമ്പനിക്ക് അസംസ്കൃതവസ്തുക്കൾ നൽകിയിരുന്ന വിതരണക്കാർക്ക് പണം നൽകാൻ സാധിക്കാതെ വന്നതോടെയാണിത്. ഇതോടെ ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികളുടെ വ്യാപാരവും റദ്ദാക്കി.
എല്‍.ഇ.ഇ.എല്‍ ഇലക്ട്രിക്കല്‍സ് മാനേജ്മെന്റ് നടത്തിയ തട്ടിപ്പിന് സെബി വിധിച്ച ശിക്ഷ അത്ര കടുത്തതല്ലെങ്കിലും അന്വേഷണം നടത്തി ശിക്ഷാനടപടി എടുത്ത് സെബി നീതി നടപ്പാക്കിയെന്ന് നിക്ഷേപകർക്കും പൊറിഞ്ചു വെളിയത്തിനും ആശ്വസിക്കാം.