₹61,000 കോടി കടന്ന് മ്യൂച്വല്‍ഫണ്ടിലെ മലയാളി നിക്ഷേപം; മൂന്നുവര്‍ഷത്തിനിടെ ഇരട്ടിയായി
കൂടുതലും ഇക്വിറ്റിയില്‍; കടപ്പത്രങ്ങളോടും മലയാളിക്ക് പ്രിയം, ഇ.ടി.എഫിനോട് താത്പര്യം കുറവ്
മലയാളി ഇപ്പോള്‍ പഴയ മലയാളിയേയല്ല! ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നിക്ഷേപം മുഴുവന്‍ സ്വര്‍ണത്തിലേക്കും റിയല്‍ എസ്റ്റേറ്റിലേക്കും എഫ്.ഡിയിലേക്കും ഒഴുക്കിയിരുന്ന മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്കും പ്രിയമേറുന്നു.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ടുകളിലെ മലയാളി നിക്ഷേപം 2023 ഡിസംബറില്‍ 61,281.98 കോടി രൂപയെന്ന സര്‍വകാല റെക്കോഡ് ഉയരത്തിലെത്തി. ആദ്യമായാണ് മലയാളി നിക്ഷേപം 60,000 കോടി രൂപ കടന്നതും. 2023 ഒക്ടോബറില്‍ 55,470 കോടി രൂപയും നവംബറില്‍ 58,465 കോടി രൂപയുമായിരുന്നു നിക്ഷേപം.
3 വര്‍ഷം, നിക്ഷേപം ഇരട്ടിയായി
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മ്യൂച്വല്‍ഫണ്ടുകളിലെ മലയാളികളുടെ മൊത്തം നിക്ഷേപം ഇരട്ടിയോളം വര്‍ധിച്ചുവെന്നും ആംഫിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഡിസംബറിലെ 31,719 കോടി രൂപയില്‍ നിന്നാണ് കഴിഞ്ഞ ഡിസംബറില്‍ നിക്ഷേപം 61,281 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്നത്. 2022 ഡിസംബറില്‍ ഇത് 48,233 കോടി രൂപയായിരുന്നു.
മലയാളിക്കിഷ്ടം ഇക്വിറ്റി
മ്യൂച്വല്‍ഫണ്ടുകളില്‍ മലയാളികള്‍ ഏറ്റവുമധികം പണമിറക്കുന്നത് ഇക്വിറ്റി ഫണ്ടുകളിലേക്കാണ്. കഴിഞ്ഞമാസത്തെ കണക്കെടുത്താല്‍ 43,477 കോടി രൂപയും മലയാളി ഒഴുക്കിയത് ഇക്വിറ്റി ഫണ്ടുകളിലേക്കാണ്. 6,998 കോടി രൂപ നിക്ഷേപം നേടി ഡെറ്റ് ഫണ്ടുകളാണ് (Debt funds) രണ്ടാമത്.
അതേസമയം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളോട് (ETF) മലയാളിക്ക് വലിയ താത്പര്യമില്ല. ഡിസംബറില്‍ വെറും 133 കോടി രൂപയുടെ നിക്ഷേപമാണ് മലയാളികള്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് (Gold ETF) ഫണ്ടുകളില്‍ നടത്തിയത്. മറ്റ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് 780 കോടി രൂപയും നിക്ഷേപിച്ചു.
₹50 ലക്ഷം കോടിപ്പെരുമയില്‍ മ്യൂച്വല്‍ഫണ്ട്
ഇന്ത്യയിലെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) കഴിഞ്ഞമാസം 50 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടിരുന്നു. 51.09 ലക്ഷം കോടി രൂപയിലേക്കാണ് എ.യു.എം വര്‍ധിച്ചതെന്ന് ആംഫി വ്യക്തമാക്കി.