മാന്‍കൈന്‍ഡ് ഫാര്‍മ ഐ.പി.ഒ ഏപ്രില്‍ 25ന്

ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മാന്‍കൈന്‍ഡ് ഫാര്‍മ

Update:2023-04-24 11:46 IST

Image:@MankindPharmaIndia/fb/canva

മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) ഏപ്രില്‍ 25 മുതല്‍ 27 വരെ നടക്കും. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍

ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും വില്‍പ്പന അളവിന്റെ കാര്യത്തില്‍ മൂന്നാമത്തെ വലിയ കമ്പനിയുമാണ് ഇത്. ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാന്‍കൈന്‍ഡ് ഫാര്‍മ.

ചികിത്സാ മേഖലകളിലുടനീളം വിവിധ മരുന്നുകളും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും മറ്റ് നിരവധി ഉപഭോക്തൃ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും കമ്പനി വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. കമ്പനിയുടെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളില്‍ കോണ്ടം, ഗര്‍ഭം നിര്‍ണ്ണയം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ആന്റാസിഡ് പൊടികള്‍, വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റുകള്‍ തുടങ്ങി മുഖക്കുരു പ്രതിരോധത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും വരെയുണ്ട്.

ഇന്ത്യയിലുടനീളം 25 നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് 2022 ഡിസംബര്‍ വരെ 11,691 മെഡിക്കല്‍ റെപ്രസെന്റേറ്റീവുകളും 3,561 ഫീല്‍ഡ് മാനേജര്‍മാരുമുള്ള വലിയ വിതരണ ശൃംഖലയുണ്ട്.

പ്രൈസ് ബാന്‍ഡ് 1026 രൂപ മുതല്‍ 1080 രൂപ വരെ

43,264 കോടി രൂപ വിപണി മൂലധനം പ്രതീക്ഷിക്കുന്ന മാന്‍കൈന്‍ഡ് ഫാര്‍മ ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1026 രൂപ മുതല്‍ അപ്പര്‍ പ്രൈസ് ബാന്‍ഡ് 1080 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 13 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

2023 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ 996.4 കോടി രൂപയുടെ സംയോജിത ലാഭം കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ കമ്പനിയുടെ സംയോജിത വരുമാനം 10.6 ശതമാനം വര്‍ധിച്ച് 6,697 കോടി രൂപയായി. 

Tags:    

Similar News