60,000ല്‍ തൊട്ടിറങ്ങി സെന്‍സെക്‌സ്; തിളങ്ങി വാഹന, റിയാല്‍റ്റി ഓഹരികള്‍

തുടര്‍ച്ചയായ ആറാംനാളിലും നേട്ടത്തോടെ ഓഹരിവിപണി, 10 കേരള കമ്പനികള്‍ക്കും നേട്ടം

Update:2023-04-10 17:12 IST

വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് ഉച്ചയ്ക്ക് ശേഷം നടന്ന ലാഭമെടുപ്പ്. ഇന്ന് രാവിലെ കുറിച്ച നേട്ടമെല്ലാം വൈകിട്ടോടെ കുറയുന്നതായിരുന്നു കാഴ്ച. ഒരുവേള 60,109 വരെയെത്തിയ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് വെറും 13.54 പോയിന്റ് (0.02 ശതമാനം) നേട്ടത്തോടെ 59,846.51ല്‍; 17,694 വരെ മുന്നേറിയ നിഫ്റ്റിയുള്ളത് 24.90 പോയിന്റ് മാത്രം ഉയര്‍ന്ന് (0.14 ശതമാനം) 17,624ലും. അതേസമയം, തുടര്‍ച്ചയായ ആറാംനാളിലാണ് ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.

ഓഹരികളിൽ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ 


കുതിച്ചും കിതച്ചും

ടാറ്റാ മോട്ടോഴ്‌സ്, ഒ.എ്.ജി.സി., വിപ്രോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഉപകമ്പനിയായ ജെ.എല്‍.ആറിന്റെ മികച്ച വില്‍പന കണക്കുകള്‍ ഉള്‍പ്പെടെ നേട്ടമായതോടെ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിവില 5.4 ശതമാനം വരെ ഉയര്‍ന്നു. ജനുവരി-മാര്‍ച്ചുപാദ ഭവനപദ്ധതികളുടെ വില്‍പന ഉയര്‍ന്നത് റിയാല്‍റ്റി കമ്പനിയായ ശോഭ ലിമിറ്റഡിനും നേട്ടമായി; ഓഹരിവില 3 ശതമാനം ഉയര്‍ന്നു. മൊത്തം റിയാല്‍റ്റി ഓഹരിശ്രേണിയുടെ നേട്ടം 4 ശതമാനമാണ്, രണ്ടുദിവസത്തിനിടെ റിയാല്‍റ്റി ശ്രേണി 7 ശതമാനവും ഉയര്‍ന്നു.

ഏറ്റവുമധികം നഷ്ടം കുറിച്ചവ 

 

ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, എച്ച്.യു.എല്‍., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ എന്നീ ഓഹരികളില്‍ ഉച്ചയ്ക്ക് ശേഷം ദൃശ്യമായ ലാഭമെടുപ്പാണ് ഓഹരി സൂചികകളുടെ നേട്ടം കുറയാനിടയാക്കിയത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം 

 

വിജയവഴിയില്‍
സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞ 6 വ്യാപാര സെഷനിലും നേട്ടമെഴുതി, ആറ് സെഷനുകളിലായുള്ള നേട്ടം 4 ശതമാനമാണ്. ഡിസംബറിന് ശേഷം ഇരു സൂചികകളും കുറിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
ബി.എസ്.ഇ മിഡ്ക്യാപ്പ് സൂചിക 0.38 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.16 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ്, പി.എസ്.യു ബാങ്ക്, എഫ്.എം.സി.ജി സൂചികകള്‍ 0.6 ശതമാനം താഴ്ന്നു. സെന്‍സെക്‌സില്‍ 2,013 ഓഹരികള്‍ ഇന്ന് നേട്ടം കുറിച്ചപ്പോള്‍ 1,606 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണു. 162 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിലപാടാണ് ഓഹരി സൂചികകളെ ലാഭവഴിയില്‍ നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. കഴിഞ്ഞ 6 സെഷനുകളിലായി 4,700ഓളം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ അവര്‍ വാങ്ങിയിട്ടുണ്ട്.
ആശങ്ക വാനോളം
ഓഹരി വിപണിയെ ഈവാരം കാത്തിരിക്കുന്നത് നിരവധി നിര്‍ണായക കണക്കുകളാണ്. ഇന്ത്യയുടെ മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് ഏപ്രില്‍ 12ന് പുറത്തുവരും. ഫെബ്രുവരിയില്‍ ഇത് 6.4 ശതമാനമായിരുന്നു. മാര്‍ച്ചില്‍ 6 ശതമാനത്തിന് താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷ തെറ്റിയാല്‍ ഓഹരികളില്‍ നിരാശ നിറയും.
കോര്‍പ്പറേറ്റ് കമ്പനികളുടെ ജനുവരി-മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങളും ഈവാരം മുതല്‍ പുറത്തുവരുമെന്നതും ഓഹരികളുടെ തലവര നിശ്ചയിക്കും. ടി.സി.എസ്., ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ വമ്പന്മാരാണ് ഈവാരം ഫലം പുറത്തുവിടുക. അമേരിക്ക, ജപ്പാന്‍, ചൈന, യൂറോ മേഖല എന്നിവിടങ്ങളിലെ വ്യാവസായിക വളര്‍ച്ച, പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സ് എന്നിവയും ഈവാരം പുറത്തുവരുമെന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാകും ഓഹരികളെ സമീപിക്കുക. ക്രൂഡോയില്‍ വില കൂടുകയാണെന്നതും വിപണിയെ സ്വാധീനിക്കും.

സമ്മിശ്ര പ്രകടനവുമായി കേരള കമ്പനികള്‍

കേരളം ആസ്ഥാനമായുള്ള പത്ത് കമ്പനികളാണ് ഇന്ന് നേട്ടം കുറിച്ചത്. ഫാക്ട്, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്‌സ്, ജിയോജിത്, ഹാരിസണ്‍ മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജെലാറ്റിന്‍ തുടങ്ങിയവ നഷ്ടം നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം 

 

Tags:    

Similar News