നിഫ്റ്റി 17,800 പിന്നിട്ടു; എട്ടാം നാളിലും ഓഹരികളില്‍ നേട്ടം

ഫാര്‍മ, ഐ.ടി, വാഹന ഓഹരികളുടെ കരുത്തില്‍ സൂചികകളുടെ വളര്‍ച്ച, 17 കേരള കമ്പനികള്‍ക്കും നേട്ടം

Update:2023-04-12 17:03 IST

ആശങ്കകള്‍ നിറഞ്ഞുനിന്നെങ്കിലും തുടര്‍ച്ചയായ എട്ടാം നാളിലും വ്യാപാരം നേട്ടത്തോടെ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 235.05 പോയിന്റുയര്‍ന്ന് (0.39 ശതമാനം) 60,392.77ലും നിഫ്റ്റി 90.10 പോയിന്റ് (0.51 ശതമാനം) മുന്നേറി 17,812.40ലുമാണ് ഇന്ന് വ്യാപാരാന്ത്യമുള്ളത്. ജനുവരി-മാര്‍ച്ച് പാദത്തിലെ വാഹന, ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍ മികച്ചതായിരിക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരി സൂചികകളെ നേട്ടത്തിന്റെ ട്രാക്കില്‍ നിലനിറുത്തുന്നത്.

ഇന്ന് ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ 


 എന്നാല്‍, റീട്ടെയില്‍ പണപ്പെരുപ്പം, വ്യവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി) വളര്‍ച്ച എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഓഹരി സൂചികകളെ വലിയ മുന്നേറ്റത്തില്‍ നിന്ന് ഇപ്പോഴും അകറ്റിനിറുത്തുകയാണ്. സെന്‍സെക്‌സില്‍ 2,065 കമ്പനികള്‍ ഇന്നത്തെ ദിവസം നേട്ടത്തിന്റേതാക്കി മാറ്റിയപ്പോള്‍ 1,436 കമ്പനികള്‍ കുറിച്ചത് നഷ്ടം. 114 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.

ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ച ഓഹരികൾ 


ബി.എസ്.ഇ മിഡ്ക്യാപ്പ് സൂചിക 0.5 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.4 ശതമാനവും ഉയര്‍ന്നു. വാഹനം, ഫാര്‍മ, ഐ.ടി ഓഹരികള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി., കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ ദൃശ്യമായത് വില്‍പന സമ്മര്‍ദ്ദമാണ്. ഡിവീസ് ലാബ്‌സ്, ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഡോ. റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, ലോറസ് ലാബ്‌സ്, ഓറോബിന്ദോ ഫാര്‍മ, ബയോകോണ്‍ എന്നിവ നേട്ടമുണ്ടാക്കിയ മുന്‍നിര കമ്പനികളാണ്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം 

 

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍.ടി.പി.സി., നെസ്‌ലെ ഇന്ത്യ, അള്‍ട്രടെക് സിമന്റ്, ഒ.എന്‍.ജി.സി എന്നിവ നഷ്ടം നേരിട്ടു. ഇന്ത്യന്‍ റുപ്പിയും ഇന്ന് നേരിയ നേട്ടത്തിലാണുള്ളത്. 82.12ല്‍ നിന്ന് 82.08ലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടത്.
മുന്നേറി എഫ്.എ.സി.ടിയും റബ്ഫിലയും
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം 

 

17 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. എഫ്.എ.സി.ടി (19.99 ശതമാനം), റബ്ഫില (6.80 ശതമാനം), എ.വി.റ്റി നാച്വറല്‍ (5.29 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.55 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.77 ശതമാനം), സി.എസ്.ബി ബാങ്ക് (3.50 ശതമാനം), ഹാരിസണ്‍സ് മലയാളം (1.54 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രമുഖ കേരള കമ്പനി ഓഹരികള്‍. മുത്തൂറ്റ് കാപിറ്റല്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, മണപ്പുറം ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില കുറഞ്ഞു.

Tags:    

Similar News