പ്ലാസ്റ്റിക് പൈപ്പ് വിപണി ശക്തമാകുന്നു; പരിഗണിക്കാം ഈ മൂന്ന് ഓഹരികള്‍
കാര്‍ഷിക, പ്ലംബിംഗ് രംഗത്ത് പൈപ്പ് ആവശ്യകത വര്‍ധിക്കുന്നു, പി.വി.സി റെസിന്‍ വിലകളില്‍ സ്ഥിരത
കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വ്യാപിപ്പിക്കുന്നത് പി.വി.സി പൈപ്പ് കമ്പനികള്‍ക്ക് നേട്ടമാവുകയാണ്. അടിസ്ഥാന സൗകര്യ രംഗത്ത് ഉപയോഗിക്കാനായി നൂതന പി.വി.സി പൈപ്പുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിന്നുള്ള ഡിമാന്‍ഡും വര്‍ധിക്കുന്നുണ്ട്. പി.വി.സി പൈപ്പുകളുടെ വിപണി അടുത്ത നാലു വര്‍ഷത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളരുമെന്നാണ് വിലയിരുത്തലുകള്‍.
പി.വി.സി, സി.പി.വി.സി (ക്‌ളോറിനേറ്റഡ് പി.വി.സി) പൈപ്പുകളുടെ വിലയില്‍ ഉണ്ടായ ചാഞ്ചാട്ടം കമ്പനികള്‍ക്ക് വെല്ലുവിളിയായി. എന്നാല്‍ ഇപ്പോള്‍ വില സ്ഥിരത കൈവരിച്ചിട്ടുണ്ട്. കൂടാതെ പി.വി.സി പൈപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പി.വി.സി റെസിനിന്റെ വില സ്ഥിരത ഈ വ്യവസായത്തിന് നേട്ടമാകും. ഈ സാഹചര്യത്തില്‍ പി.വി.സി പൈപ്പ് വ്യവസായത്തിലെ മൂന്ന് ഓഹരികളുടെ മുന്നേറ്റ സാധ്യതകള്‍ അറിയാം:
1.പ്രിന്‍സ് പൈപ്സ് & ഫിറ്റിങ്‌സ് (Prince Pipes & Fittings): 2023 മെയ് 31ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വില 736 രൂപ ഭേദിച്ച് സെപ്റ്റംബര്‍ 13ന് 52 ആഴ്ച്ചത്തെ ഉയര്‍ന്ന വിലയായ 759.50 വരെ എത്തി. തുടര്‍ന്ന് തിരുത്തല്‍ ഉണ്ടായി.
2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 3 ശതമാനം വര്‍ധിച്ച് 656 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുമ്പുള്ള ലാഭം (EBITDA) 94 കോടി രൂപ നേടാന്‍ സാധിച്ചു. മാര്‍ജിന്‍ 14.3 ശതമാനം. പുതിയ ഉത്പന്നങ്ങളായ പി.പി ലോ നോയ്സ് പൈപ്പ്, പോളി പ്രൊപ്പലീന്‍ സര്‍ഫസ് ഡ്രയ് നേജ് പ്രോഡക്ട് എന്നിവയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ശൃംഖലയില്‍ ഇ.ആര്‍.പി നടപ്പാക്കുന്നന്റെ വില്‍പനയില്‍ മുന്‍ പാദങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. വരും പാദങ്ങളില്‍ വില്‍പന തിരിച്ചു കയറുമെന്ന് പ്രതീക്ഷിക്കുന്നു.
ബിഹാറില്‍ പുതിയ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുകയാണ്. ഇതിന് മൂലധന ചെലവ് 15,000 കോടി രൂപ. 35,000 ടണ്‍ ഉത്പാദന ശേഷിയുള്ള കേന്ദ്രം 2024-25 മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത 3-5 വര്‍ഷത്തില്‍ 12-14 ശതമാനം വില്‍പ്പനയില്‍ വര്‍ധന പ്രതീക്ഷിക്കുന്നു. ജൂണ്‍ മുതല്‍ ബാത്ത് വെയര്‍ വിഭാഗത്തിലേക്കും കടന്നു. 5 കോടി രൂപയുടെ ത്രൈമാസ വിറ്റുവരവ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സ്വന്തമായി ഉത്പാദനം നടത്തുന്നില്ല, ഒന്നര വര്‍ഷത്തിനുള്ളില്‍ സ്വന്തം ഉത്പാദനം ആരംഭിക്കും. വാട്ടര്‍ ടാങ്ക് വിപണിയില്‍ ശക്തമാകാന്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഉത്പാദനം തുടങ്ങും. വില്‍പ്പന 2023-24ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിക്കുമെന്ന് പ്രതീക്ഷ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില 884 രൂപ
നിലവില്‍ 705.35.
Stock Recommendation by Systematix Institutional Equities.
2. അപ്പോളോ പൈപ്സ് (Apollo Pipes): രാജ്യത്തെ പ്രമുഖ പി.വി.സി, സി.പി.വി.സി ഫിറ്റിങ്‌സ് നിര്‍മാതാക്കളാണ് അപ്പോളോ പൈപ്‌സ്. 2023-24 ല്‍ പി.വി.സി പൈപ് വിലയില്‍ ചാഞ്ചാട്ടം ഉണ്ടായിട്ടും ഒരു ത്രൈമാസത്തില്‍ ശരാശരി 20,000 മെട്രിക് ടണ്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനം വെല്ലുവിളിയായി തുടരുന്നു. ഒക്ടോബറില്‍ പി.വി.സി വില 10 ശതമാനം ഇടിഞ്ഞു. അടുത്ത 3-4 വര്‍ഷം കൊണ്ട് ഉത്പാദന ശേഷി ഇരട്ടിപ്പിച്ച് 2,86,000 ടണ്ണായി വര്‍ധിപ്പിക്കും.
വരും പാദങ്ങളില്‍ കൂടുതല്‍ നിയമനങ്ങളും പരസ്യ പ്രചരണ ചെലവുകള്‍ വര്‍ധിക്കുന്നതും കൊണ്ട് നിലവിലുള്ള മാര്‍ജിന്‍ (10 -12%) പരിമിതപ്പെടും. കിഴക്കന്‍ യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 135 കോടി രൂപ ചെലവില്‍ പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കും. അതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. ഹ്രസ്വ കാലയളവില്‍ വില്‍പ്പന, വിപണി വിഹിതം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം, മാര്‍ജിന്‍ വര്‍ധിപ്പിക്കുകയല്ല. അടുത്ത നാലുവര്‍ഷത്തില്‍ വരുമാനത്തില്‍ 30% സംയുക്ത വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്നു. തുംകൂറില്‍ ഉത്പാദന കേന്ദ്രം വികസിപ്പിക്കും. വിനിയോഗിക്കുന്ന മൂലധനത്തില്‍ നിന്ന് 30 % ആദായം ലക്ഷ്യമിടുന്നു.
പ്ലംബിങ് വിഭാഗത്തില്‍ ഡിമാന്‍ഡ് വര്‍ധനവ് കൂടുതലായിട്ടുണ്ട്. കമ്പനിയുടെ സി.പി.വി.സി പൈപ്പുകളുടെ ഉത്പാദനം മൊത്തം ഉത്പാദനത്തിന്റെ 15-20 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ (10 -12%). 2022-23 മുതല്‍ 2024-25 കാലയളവില്‍ വില്‍പനയില്‍ 31 ശതമാനം, വരുമാനത്തില്‍ 27 ശതമാനം, നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനത്തില്‍ (EBITDA) 51 ശതമാനം അറ്റാദായത്തില്‍ 98 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -നിലനിര്‍ത്തുക (Hold )
ലക്ഷ്യ വില - 760 രൂപ
നിലവില്‍ - 700 രൂപ.
Stock Recommendation by Systematix Institutional Equities.
3. പ്രകാശ് പൈപ്‌സ് (Prakash Pipes Ltd): പി.വി.സി വ്യവസായ രംഗത്തെ സ്മാള്‍ ക്യാപ് വിഭാഗത്തില്‍പ്പെട്ട ഓഹരിയാണ് പ്രകാശ് പൈപ്‌സ്. 1981ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ കമ്പനി പ്രമുഖ നിക്ഷേപക ഡോളി ഖന്നയുടെ പോര്‍ട്ട്ഫോളിയോയില്‍ മള്‍ട്ടിബാഗര്‍ ആദായം നല്‍കിയതോടെ നിക്ഷേപകരുടെ ശ്രദ്ധ കേന്ദ്രമായി മാറി. മൊത്തം വിപണി മൂല്യം 1,000 കോടി രൂപ മാത്രം, എന്നാല്‍ ഈ വര്‍ഷം ഓഹരി മുന്നേറിയത് 171 ശതമാനം. 2023 -24 സെപ്റ്റംബര്‍ പാദത്തില്‍ അറ്റ വരുമാനം 171 കോടി രൂപ.
അറ്റാദായം 73 ശതമാനം വര്‍ധിച്ച് 23 കോടി രൂപയായി. പി.വി.സി പൈപ്‌സ് ഫിറ്റിങ്സ് വിഭാഗത്തില്‍ വില്‍പ്പന 14 ശതാമനം ഉയര്‍ന്നു- 21,573 മെട്രിക്ക് ടണ്‍. നൂതന പി.വി.സി പൈപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഫ്‌ളെക്‌സിബിള്‍ പാക്കേജിംഗ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. പൈപ് ഫിറ്റിങ്സ് ഉത്പാദനം മെച്ചപ്പെടുത്താന്‍ പുതിയ ഇന്‍ജെക്ഷന്‍ മോള്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചു. ഉത്തരാഖണ്ഡില്‍ അത്യാധുനിക നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. മൊത്തം പ്രതിവര്‍ഷ ഉത്പാദന ശേഷി 60,000 ടണ്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ പി.വി.സി പൈപ് നിര്‍മാതാക്കള്‍, 500ല്‍ അധികം വിതരണക്കാരുണ്ട്.
നിക്ഷേപകര്‍ക്ക്: നിര്‍ദേശം ഇല്ല
നിലവിലെ വില 442.75 രൂപ.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)