വിപണിയുടെ മുന്നേറ്റത്തിനിടെ ഓഹരിക്കളത്തിലേക്ക് ഈയാഴ്ച 5 ഐ.പി.ഒകള്‍

രണ്ട് കമ്പനികളുടെ ലിസ്റ്റിംഗിനും ഓഹരി വിപണി സാക്ഷിയാകും

Update:2024-05-27 14:58 IST

Image : Canva

റെക്കോഡ് പുതുക്കി ഉയരുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഓഹരി വിപണിയുടെ മികച്ച പ്രകടനം, പുതിയ കമ്പനികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത, അവ നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന ഭേദപ്പെട്ട നേട്ടം തുടങ്ങിയ ഘടകങ്ങള്‍ കൂടുതല്‍ കമ്പനികളെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദലാല്‍ തെരുവിലെ ഓഹരിക്കളത്തില്‍ ഈയാഴ്ച മാറ്റുരയ്ക്കുന്നത് 5 കമ്പനികളുടെ പ്രാരംഭ ഓഹരി വില്‍പനകളാണ് (IPO).
ഓഫിസ് സ്‌പേസ് സൊല്യൂഷന്‍സ്
ഓഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ (Awfis Space Solutions) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് ഇന്നാണ് തിരശീല വീഴുന്നത്. 599 കോടി രൂപ ഉന്നമിട്ടുള്ള ഐ.പി.ഒ തുടങ്ങിയത് മേയ് 22ന്.
383 രൂപയാണ് ഉയര്‍ന്ന പ്രൈസ് ബാൻഡ്. ഇത് ഗ്രേ വിപണിയിലെ വിലയേക്കാള്‍ 25-30 രൂപ കൂടുതലാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളും നമുക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തില്‍ ഓഹരി വില്‍പന നടക്കുന്നതിനെയാണ് ഗ്രേ മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഓഫിസിന്റെ ഓഹരികള്‍ മേയ് 30ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.
വിലാസ് ട്രാന്‍സ്‌കോര്‍
സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് (SME) വിഭാഗത്തില്‍ 5 കമ്പനികളുടെ ഐ.പി.ഒ ഈയാഴ്ചയുണ്ട്. ഈ ശ്രേണിയില്‍ വിലാസ് ട്രാന്‍സ്‌കോര്‍ സംഘടിപ്പിക്കുന്ന ഐ.പി.ഒയ്ക്ക് ഇന്ന് തുടക്കമാകും. 95.26 കോടി രൂപയാണ് ഈ ഗുജറാത്ത് ആസ്ഥാനമായ കമ്പനി ഉന്നമിടുന്നത്.
139-147 രൂപ നിരക്കിലാണ് ഓഹരിക്ക് പ്രൈസ് ബാൻഡ്. മേയ് 29ന് ഐ.പി.ഒ സമാപിക്കും.
ബീക്കണ്‍ ട്രസ്റ്റീഷിപ്പ്
എസ്.എം.ഇ വിഭാഗത്തില്‍ ബീക്കണ്‍ ട്രസ്റ്റീഷിപ്പിന്റെ ഐ.പി.ഒ നാളെ ആരംഭിക്കും. 32.52 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 57-60 രൂപയാണ് പ്രൈസ് ബാന്‍ഡ്. സെബിയില്‍ (SEBI) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡിബഞ്ചര്‍ ട്രസ്റ്റീ കമ്പനിയാണിത്.
എയിംട്രോണ്‍ ഇലക്ട്രോണിക്‌സ്
ഗുജറാത്ത് ആസ്ഥാനമായ എയിംട്രോണ്‍ ഇലക്ട്രോണിക്‌സിന്റെ ഐ.പി.ഒ മേയ് 30 മുതലാണ്. 153-161 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഐ.പി.ഒ അവസാനിക്കുന്ന തീയതി ജൂണ്‍ 3.
ഇസഡ്‌ടെക് ഇന്ത്യ
സിവില്‍ എന്‍ജിനിയറിംഗ് ഉത്പന്ന നിര്‍മ്മാതാക്കളായ ഇസഡ്‌ടെക് ഇന്ത്യയുടെ ഐ.പി.ഒ മേയ് 29 മുതല്‍ 31 വരെ. 104-110 രൂപയാണ് പ്രൈസ് ബാന്‍ഡ്. സമാഹരിക്കാന്‍ ഉന്നമിടുന്നത് 37.30 കോടി രൂപ.
ടി.ബി.ഐ കോണ്‍
മേയ് 31ന് ടി.ബി.ഐ കോണിന്റെ ഐ.പി.ഒയ്ക്ക് തുടക്കമാകും. ജൂണ്‍ 4 വരെ നീളുന്ന ഐ.പി.ഒയില്‍ പ്രൈസ് ബാന്‍ഡ് 90-94 രൂപയാണ്. സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 44.94 കോടി രൂപ.
ഈയാഴ്ച രണ്ട് കമ്പനികളുടെ ലിസ്റ്റിംഗിനും ഓഹരി വിപണി സാക്ഷിയാകും. മേയ് 30ന് ലിസ്റ്റ് ചെയ്യുന്ന ഓഫിസ് സ്‌പേസ് സൊല്യൂഷന്‍സിന് പുറമേ നാളെ ഐ.പി.ഒ പൂര്‍ത്തിയാക്കുന്ന ജി.എസ്.എം ഫോയില്‍സിന്റെ ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത് മേയ് 31നാണ്. മേയ് 24ന് ആരംഭിച്ച ജി.എസ്.എം ഫോയില്‍സ് ഐ.പി.ഒയുടെ സമാഹരണലക്ഷ്യം 11.01 കോടി രൂപയാണ്.
Tags:    

Similar News