ഉയര്‍ച്ചയോടെ തുടക്കം; സിഎസ്ബി ബാങ്കിനു മികച്ച ഫലം

സിഎസ്ബി ബാങ്ക് ഓഹരി വില അഞ്ചുശതമാനം വരെ ഉയര്‍ന്നു പി്ന്നീട് ലാഭമെടുക്കല്‍ പ്രകടനം

Update: 2021-01-19 07:20 GMT

ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് നല്ല ഉയര്‍ച്ചയോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്നു തുടങ്ങിയത്. സെന്‍സെക്‌സ് താമസിയാതെ 49,000 കടന്നു. നിഫ്റ്റി 14,400ഉം. അതിനു ശേഷം സൂചികകള്‍ താണു, അര മണിക്കൂറിനു ശേഷം വീണ്ടും കയറി.

ബാങ്കിംഗ്, ഐടി അടക്കം എല്ലാ വിഭാഗം ഓഹരികളും നേട്ടമുണ്ടാക്കുന്നതാണു വിപണിയില്‍ കാണുന്നത്. ഇന്ത്യാ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയവയ്ക്ക് ആറു ശതമാനം വില വര്‍ധിച്ചു.

തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് അറ്റാദായത്തില്‍ 88.5 ശതമാനം വര്‍ധനയുള്ള മൂന്നാം പാദ ഫലം പ്രസിദ്ധീകരിച്ചു. ബാങ്കിന്റെ നെറ്റ് എന്‍പിഎ 0.7 ശതമാനമായി താണു. മൊത്തം എന്‍പിഎ യും കുത്തനെ താണു. ഓഹരി വില അഞ്ചു ശതമാനം വരെ കുതിച്ചു. പിന്നീടു ലാഭമെടുക്കലില്‍ താണു.

മാരുതി കാറുകളുടെ വിലവര്‍ധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ആള്‍ട്ടോ വില 7000 രൂപ മുതല്‍ 14,000 രൂപ വരെ വര്‍ധിച്ചു. എസ് പ്രെസോയുടെ വില 7000 രൂപ വരെ കൂടി. സെലേറിയോയ്ക്ക് 19,400 രൂപ വരെയും വാഗണ്‍ ആറിന് 23,200 വരെയും സ്വിഫ്റ്റിന് 30,000 വരെയും ഡിസയറിന് 12,500 വരെയും ബ്രെസയ്ക്ക് 10,000 വരെയും എര്‍ട്ടിഗയ്ക്ക് 34,000 വരെയും ആണു കൂടിയത്.

ഹ്യൂണ്ടായി, ടാറ്റാ മോട്ടോഴ്‌സ് എന്നിവയും ഈ ദിവസങ്ങളില്‍ വില വര്‍ധന പ്രഖ്യാപിക്കും.

മികച്ച റിസല്‍ട്ട് പുറത്തുവിട്ട മൈന്‍ഡ് ട്രീ ഓഹരിക്ക് മൂന്നു ശതമാനം വില വര്‍ധിച്ചു.

ഡോളര്‍ അല്‍പം ദുര്‍ബലമായി. 12 പൈസ താണ് 73.13 രൂപയിലാണ് ഡോളര്‍ വ്യാപാരം തുടങ്ങിയത്.

ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 55.10 ഡോളറിലേക്കു വര്‍ധിച്ചു


Tags:    

Similar News