അതിവേഗം പണം നേടാന്‍ ലക്ഷ്യമിട്ട് യുവാക്കള്‍ അവധി വ്യാപാരത്തിലേക്ക്: റിപ്പോര്‍ട്ട്
വിദഗ്ധരുടെ ഉപദേശം തേടാതെയുള്ള ഇത്തരം നിക്ഷേപം നഷ്ടമുണ്ടാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും ഉപദേശം
പുതുതായി ഓഹരി വിപണിയിലേക്കെത്തുന്ന യുവാക്കള്‍ വേഗത്തില്‍ പണം നേടാന്‍ ലക്ഷ്യമിടുന്നതിനാല്‍ റിസ്‌ക് വളരെ കൂടുതലുള്ള ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍സ് വ്യാപാരം നടത്തുന്നതായി ബ്രോക്കിംഗ് സ്ഥാപനമായ ഷെയര്‍ഖാന്‍ റിപ്പോർട്ട്.
അഖിലേന്ത്യാ തലത്തില്‍ അനലിറ്റിക്സ് സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ 32 ശതമാനം പേര്‍ക്കും ശരിയായി മാര്‍ക്കറ്റ് ഗതി വിലയിരുത്താന്‍ കഴിഞ്ഞില്ല. 13 ശതമാനം പേര്‍ക്ക് വ്യാപാരത്തെ കുറിച്ച് അറിവില്ലാത്തതുമൂലം നഷ്ടമുണ്ടായി.
2021-22ല്‍ ഓഹരി ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍സ് വ്യാപാരം നടത്തിയവരില്‍ പത്തില്‍ ഒന്‍പത് പേരും നഷ്ടം നേരിട്ടതായി നേരത്തെ സെബി വ്യക്തമാക്കിയിരുന്നു. അവരുടെ ശരാശരി വാര്‍ഷിക നഷ്ടം 1.25 ലക്ഷം രൂപയായിരുന്നു. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും നല്‍കുന്ന ഉപദേശം അനുസരിച്ച് അവധിവ്യാപാരം നടത്തുന്നവരാണ് ഭൂരിഭാഗവും. 53 ശതമാനം പേര്‍ ഇത്തരത്തില്‍ വ്യാപാരം നടത്തുന്നതായി സര്‍വേ കണ്ടത്തി.
42 ശതമാനം പേര്‍ മാത്രമാണ് വ്യാപാരങ്ങളില്‍ നഷ്ടം കുറയ്ക്കാനായി സ്റ്റോപ്പ് ലോസ് ഉപയോഗപ്പെടുത്തിയത്. 16 ശതമാനം നിക്ഷേപകര്‍ സ്റ്റോപ്പ് ലോസ് വിരളമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍സിനെ കുറിച്ച് അറിവ് നേടി അംഗീകൃത ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ ഉപദേശ പ്രകാരം വ്യാപാരം നടത്തിയാല്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ ഉപദേശം തേടാതെയുള്ള ഇത്തരം നിക്ഷേപം നഷ്ടമുണ്ടാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അവർ പറയുന്നു.