കുതിപ്പിനു ശേഷം ആശങ്ക; മാന്ദ്യഭീതി വേണ്ടെന്ന് ഐഎംഎഫ്; വാങ്ങാൻ നല്ല സമയമായെന്നു വിദഗ്ധർ; വിലക്കയറ്റം കുറയ്ക്കാൻ കൂടുതൽ നടപടികൾ
മെറ്റൽ കമ്പനികളുടെ ഓഹരികൾക്കുണ്ടായ വലിയ തകർച്ച ഇന്ത്യൻ വിപണിയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ. സ്വർണം വീണ്ടും കയറി. വിപണികൾ തിരിച്ചു കയറ്റത്തിനു കൂടുതൽ തടസങ്ങൾ നേരിടുന്നു. ആർ ബി ഐ പലിശവർധന തുടരും.
മെറ്റൽ കമ്പനികളുടെ ഓഹരികൾക്കുണ്ടായ വലിയ തകർച്ച ഇന്ത്യൻ വിപണിയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ. സ്വർണം വീണ്ടും കയറി. വിപണികൾ തിരിച്ചു കയറ്റത്തിനു കൂടുതൽ തടസങ്ങൾ നേരിടുന്നു. ആർ ബി ഐ പലിശവർധന തുടരും.വളരെ പെട്ടെന്നാണു വിപണിയിൽ ഇരുളും വെളിച്ചവും വരുന്നത്.
ഇന്നലെ നല്ല നേട്ടത്തിലേക്കു കയറിയ ശേഷം ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലായിരുന്നു. യൂറോപ്പും മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയാകട്ടെ ഉയർന്നു തുടങ്ങി. കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു.
ഡൗ 1.98 ശതമാനവും എസ് ആൻഡ് പി 1.86 ശതമാനവും നാസ്ഡാക് 1.59 ശതമാനവും കയറി. ഈയാഴ്ച വിപണികൾ തിരിച്ചു കയറുമെന്ന തോന്നൽ ഉണ്ടായി. എന്നാൽ സാധാരണ വ്യാപാരസമയം കഴിഞ്ഞു ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ യുഎസ് സൂചികകൾ താഴാേട്ടു പോയി. ചില കമ്പനികൾ മോശം റിസൽട്ട് പുറത്തു വിട്ടതും ഭാവി ശോഭനമല്ലെന്നു പറഞ്ഞതുമാണു കാരണം.
ഇതേ തുടർന്ന് ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ നഷ്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. തലേന്നത്തെ ആവേശം വിപണികൾക്കു നഷ്ടമായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,253-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,180 വരെ താഴ്ന്നിട്ട് 16,225 ലേക്കു കയറി. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. എങ്കിലും ചെറിയ നേട്ടത്തോടെ നിഫ്റ്റി വ്യാപാരം തുടങ്ങിയേക്കാം.
സ്റ്റീൽ അടക്കം മെറ്റൽ കമ്പനികളുടെ ഓഹരികൾക്കുണ്ടായ വലിയ തകർച്ചയാണ് ഇന്നലെ ഇന്ത്യൻ വിപണിയെ ഉലച്ചത്. സെൻസെക്സ് 54,931.3 വരര കയറിയിട്ട് 600-ലേറെ പോയിൻ്റ് നഷ്ടപ്പെടുത്തി. നിഫ്റ്റി 16,414.7 വരെ ഉയർന്നിട്ട് 200 പോയിൻ്റ് നഷ്ടമാക്കി. എൻ എസ് ഇ യിൽ മെറ്റൽ സൂചിക 8.14 ശതമാനം ഇടിഞ്ഞു.
ഇന്നലെ സെൻസെക്സ് 37.78 പോയിൻ്റ് (0.07%) താഴ്ന്ന് 54,288.61-ലും നിഫ്റ്റി 51.45 പോയിൻ്റ് (0.32% ) താഴ്ന്ന് 16,214.7 ലും ക്ലാേസ് ചെയ്തു. വാഹന, ഐടി, കൺസ്യൂമർ ഡ്യുറബിൾസ് എന്നീ മേഖലകൾ മാത്രമേ ഇന്നലെ നേട്ടമുണ്ടാക്കിയുള്ളു. ബാങ്കുകൾ അടക്കം നഷ്ടത്തിലായി.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1951.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ക്യാഷ് വിപണിയിലെ അവരുടെ വിൽപന 46,000 കോടി രൂപ കടന്നു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ കൂടുതൽ നിക്ഷേപത്തിനു തയാറായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 1445.39 കോടിയുടെ ഓഹരികൾ വാങ്ങി.
താഴ്ന്ന വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ പറ്റിയ അവസരമാണെന്ന് നിക്ഷേപ വിദഗ്ധർ പറയുന്നുണ്ടെങ്കിലും വാങ്ങൽ പ്രവണത ശക്തമായിട്ടില്ല. ഉയരാനുള്ള ശ്രമത്തിൽ നിഫ്റ്റി 16,400 ൽ തട്ടി വീഴുന്നത് പല തവണയായി. 16,000-16,400 മേഖലയിൽ പാർശ്വ നീക്കങ്ങളാകാം ഈ ദിവസങ്ങളിൽ ഉണ്ടാകുക എന്നാണു വിദഗ്ധർ പറയന്നത്. പുട്ട് ഓപ്ഷനുകൾ 16,000-ൽ ശക്തമായ സപ്പോർട്ട് കാണിക്കുന്നുണ്ട്, 16,500-ൽ സമ്മർദവും.
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ തുടരുന്നു. ബ്രെൻ്റ് ഇനം ഇന്നു 113 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ചെറിയ ചാഞ്ചാട്ടത്തോടെ ഉയർന്നു നിൽക്കുന്നു. ചെമ്പ് ടണ്ണിന് 9500 ഡോളറിനു മുകളിലേക്ക് കയറി. അലൂമിനിയം 3000 ഡോളറിനടുത്താണ്. നിക്കൽ നാലു ശതമാനം കുറഞ്ഞെങ്കിലും ഇരുമ്പയിര് വില ഉയർന്നതു സ്റ്റീൽ ഡിമാൻഡിൽ കുറവില്ല എന്നു കാണിക്കുന്നു.
സ്വർണം വീണ്ടും കയറി. ഇന്നലെ 1865 ഡോളർ വരെ എത്തിയ ശേഷം താഴ്ന്ന് 1852-1853 ഡോളറിലായി ഇന്നു രാവിലെ വ്യാപാരം. ഡോളർ സൂചിക താഴ്ന്നു നിൽക്കുന്നതാണു സ്വർണത്തെ സഹായിക്കുന്നത്. കേരളത്തിൽ ഇന്നലെ പവന് 80 രൂപ കൂടി 37,720 രൂപയിലെത്തിയിരുന്നു.
ഡോളർ സൂചിക ഇന്നലെ 102.08 വരെ താണിട്ട് ഇന്നു 102.24 ലേക്കു കയറി. ഇന്നലെ രൂപ ഇറങ്ങിക്കയറിയ ശേഷം ഡോളറിന് 77.55 രൂപ നിരക്കിൽ ക്ലാേസ് ചെയ്തു. ഇന്നു രൂപ ചെറിയ മേഖലയിൽ കയറിയിറങ്ങുമെന്നാണു സൂചന.
സ്റ്റീൽ മേഖലയ്ക്കു കനത്ത ആഘാതം
വിലക്കയറ്റം കുറയ്ക്കാനായി സ്റ്റീൽ കയറ്റുമതിക്കു 15 ശതമാനം ചുങ്കം ചുമത്തി. ഇരുമ്പയിര് കയറ്റുമതിക്കും നിയന്ത്രണങ്ങൾ വന്നു. വാഹന, സിമൻ്റ് കമ്പനികളെ സഹായിക്കാവുന്ന വിധം മറ്റു ചില നടപടികളും കേന്ദ്രം പ്രഖ്യാപിച്ചു. ഇവയുടെ ഫലം ഇന്ത്യയിലെ സ്റ്റീൽ വ്യവസായം കുറേക്കാലത്തേക്കു വലിയ പ്രതിസന്ധിയിൽ ആകുന്നതാണെന്ന് വിപണി വിലയിരുത്തി.
ഭീമമായ കടബാധ്യത വരുത്തിവച്ച് മൂലധന നിക്ഷേപം നടത്തിയും മറ്റു കമ്പനികളെ ഏറ്റെടുത്തും ശേഷി വർധിപ്പിച്ചിട്ട് അധികകാലമായില്ല. കടം വീട്ടാൻ തക്ക ലാഭം ഉണ്ടായിത്തുടങ്ങിയതേ ഉള്ളൂ. അപ്പോഴാണു വ്യാപാരവും ലാഭവും കുത്തനേ കുറയ്ക്കുന്ന നടപടി സർക്കാരിൽ നിന്ന് ഉണ്ടായത്.
കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും ലാഭമുണ്ടായാൽ കടം ഗണ്യമായി കുറയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രമുഖ കമ്പനികൾ. അതിൻ്റെ സാധ്യത ഇനി അവതാളത്തിലാകും. നാലഞ്ചു വർഷം മുമ്പ് സംഭവിച്ചതു പോലെ ഇടത്തരം കമ്പനികൾ പാപ്പരത്തത്തിലേക്കു വീഴുമാേ എന്നു ഭയപ്പെടുന്നവരും ഉണ്ട്.
ജിൻഡൽ സ്റ്റീൽ (17.39% ഇടിവ്), ജെഎസ്ഡബ്ല്യു സ്റ്റീൽ (13.24%), ടാറ്റാ സ്റ്റീൽ (12.61%), സെയിൽ (10.9%) എന്നിങ്ങനെയാണു പ്രമുഖ കമ്പനികളുടെ ഓഹരി വില ഇന്നലെ ഇടിഞ്ഞത്. ഇരുമ്പയിര് കയറ്റുമതിയിലെ നിയന്ത്രണം മൂലം എൻഎംഡിസിയുടെ ഓഹരി വില 12.5 ശതമാനം തകർന്നു.
മാന്ദ്യഭീതി വേണ്ടെന്ന്
വിപണികൾ തിരിച്ചു കയറ്റത്തിനു കൂടുതൽ തടസങ്ങൾ നേരിടുന്നു. സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ആശങ്ക തന്നെ കാരണം. മാന്ദ്യത്തെപ്പറ്റി ഭീതി വേണ്ട എന്നു യുഎസ് പ്രസിഡൻ്റും ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ജെപി മോർഗൻ മേധാവിയുമൊക്കെ ഇന്നലെ പറഞ്ഞു.
"മഴമേഘങ്ങൾ ഉണ്ട്; പക്ഷേ അവ മാറും; ചുഴലിക്കൊടുങ്കാറ്റിൻ്റെ മേഘങ്ങൾ ഇല്ല" എന്നാണ് ജെ പി മോർഗൻ്റെ തലവൻ ജാമീ ഡൈമൺ പറഞ്ഞത്. പലേടത്തും വളർച്ച മന്ദഗതിയാകുമെങ്കിലും മാന്ദ്യസാധ്യത ഇല്ലെന്ന് ഐഎംഎഫിൻ്റെ ഗീത ഗോപിനാഥ് പറയുന്നു. സാമ്പത്തികമാന്ദ്യം അനിവാര്യമല്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും പറഞ്ഞു.
ഇവരുടെയെല്ലാം വാക്കുകൾ വിപണി മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണു കാണുന്നത്. യുഎസിൽ ഒന്നാം പാദ ജനുവരി-മാർച്ച്) റിസൽട്ട് പുറത്തുവിട്ട കമ്പനികളിൽ 72 ശതമാനവും പ്രതീക്ഷയിലും മികച്ച ഫലങ്ങളാണ് അറിയിച്ചത്. പക്ഷേ നിക്ഷേപകരും വിശകലനക്കാരും ഭാവിയെപ്പറ്റി അത്ര ഉറപ്പു പറയുന്നില്ല.
ശക്തികാന്ത ദാസ് പറഞ്ഞത്
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ സിഎൻബിസി ടിവി 18 ന് ഒരു അഭിമുഖം നൽകി. റിസർവ് ബാങ്ക് ഗവർണർമാർ ഇത്തരം അഭിമുഖങ്ങൾ നൽകുന്നതു പതിവില്ലാത്തതാണ്. വിലക്കയറ്റം കുറയ്ക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സംയുക്തമായാണു നടപടികൾ എടുക്കുന്നതെന്ന് എടുത്തു പറയുകയായിരുന്നു ഈ അസാധാരണ നടപടി യുടെ ലക്ഷ്യമെന്നു വ്യക്തം. ഗവർണർ അതിനു വേണ്ടി രംഗത്തു വരണമായിരുന്നോ എന്ന ചോദ്യം ഉയരാം.
പലിശവർധന തുടരും, ജൂണിൽ നിശ്ചയമായും പലിശ കൂട്ടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ 4.4 ശതമാനമായ റീപോ നിരക്ക് 5.15 ശതമാനമാക്കുകയാണ് ലക്ഷ്യമെന്ന നിഗമനങ്ങളെ അദ്ദേഹം ശരിവച്ചില്ല, നിഷേധിച്ചുമില്ല. 5.15-ൽ നിരക്കുവർധന തൽക്കാലം നിർത്താൻ പറ്റുമെന്ന് അധികമാരും കരുതുന്നില്ല. പലിശ വർധനയുടെ ഒരു പാത വരച്ചുകാണിക്കാൻ ദാസ് തയാറായതുമില്ല. കാര്യമായി പലിശ കൂട്ടേണ്ടി വരില്ല എന്നാകാം അദ്ദേഹം കരുതുന്നത്. സാമ്പത്തിക രംഗത്തു വരാനിരിക്കുന്ന ബഹുതല വെല്ലുവിളികൾ ദാസ് പരാമർശിച്ചില്ല എന്നതു ശ്രദ്ധേയമായി.
വിദേശനാണയ ശേഖരത്തിൽ ഈയിടെ 4000 കോടി ഡോളർ കുറഞ്ഞതു രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമം കൊണ്ടു മാത്രമല്ലെന്നു സമർഥിക്കാൻ ദാസ് ശ്രമിച്ചെങ്കിലും അതു വിജയിച്ചതായി തോന്നുന്നില്ല.
കൂടുതൽ ഇളവുകൾ
വിലക്കയറ്റം പിടിച്ചു നിർത്താൻ വൈകിയ സമയത്തു നടപടി ആരംഭിച്ച കേന്ദ്രം ഇനിയും കൂടുതൽ നടപടികൾക്കു തുനിയുമെന്നാണു മാധ്യമങ്ങൾ പറയുന്നത്.ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കലും ഇതിൽ പെടുന്നു. ലഭ്യതയിലെ പ്രശ്നങ്ങളാണു വിലക്കയറ്റത്തിനു പിന്നിൽ എന്നും പലിശ കൂട്ടി മാത്രം വില താഴ്ത്താൻ പറ്റില്ല എന്നും ഗവണ്മെൻ്റ് കരുതുന്നു.
ഇന്ത്യ ചുങ്കം കുറയ്ക്കുന്നതു കൊണ്ട് രാജ്യാന്തര വില കുറയില്ലെന്നതു മറ്റൊരു വസ്തുത. രാജ്യാന്തര വിലയും ഡോളർ നിരക്കും ചേർന്നാണ് ഇവിടെ വില കൂട്ടുന്നതെന്നതാണു യാഥാർഥ്യം.
This section is powered by Muthoot Finance