വീണ്ടും ആവേശത്തിൽ വിപണി; ജി.ഡി.പി വളർച്ച വിസ്മയിപ്പിച്ചു; എക്സിറ്റ് പോൾ നിരാശപ്പെടുത്തിയില്ല

ക്രൂഡ് ഓയിൽ വില ഇറക്കത്തിലായി, സ്വർണവിലയും അൽപം താഴ്ന്നു

Update:2023-12-01 08:46 IST

വിപണി വീണ്ടും ആവേശത്തിലായി. പ്രതീക്ഷകളെ മറികടന്ന ജിഡിപി വളർച്ച നല്ല കുതിപ്പിന് അവസരമേകുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോളുകൾ വിപണി ആഗ്രഹിച്ചതു പോലെ വന്നില്ല. എന്നാൽ വിപണിയുടെ ആശങ്കകളോളം മോശമായില്ല. ഏഷ്യൻ വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങിയെങ്കിലും ഇന്ത്യൻ വിപണി കയറ്റമാണു പ്രതീക്ഷിക്കുന്നത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വ്യാഴം രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,329.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,351 വരെ കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോ മേഖലയിലെ വിലക്കയറ്റം 2.4 ശതമാനമായി കുറഞ്ഞത് വിപണിയെ സഹായിച്ചു. ഒക്ടോബറിൽ 2.9 ശതമാനമായിരുന്നു വിലക്കയറ്റം.

യു.എസ് വിപണി വ്യാഴാഴ്ച ഭിന്ന ദിശകളിലായിരുന്നു. ഡൗ സൂചിക ഒന്നര ശതമാനം കയറിയപ്പോൾ എസ് ആൻഡ് പി 0.38 ശതമാനം ഉയർന്നു. അതേ സമയം നാസ്ഡാക് . 0.23 ശതമാനം താണു. ഡൗ ജോൺസ് 520.47 പോയിന്റ് (1.47%) ഉയർന്ന് 35,950.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.22 പോയിന്റ് (0.38%) കയറി 4567.20 ലും നാസ്ഡാക് 32.27 പോയിന്റ് (0.23%) താണ് 14,226.20 ലും അവസാനിച്ചു.

ഡൗ നവംബറിൽ 8.8 ശതമാനം നേട്ടത്തിലാണ്. 14 മാസത്തിനിടയിലെ ഏറ്റവും മികച്ച മാസമായി നവംബർ. നവംബറിൽ എസ് ആൻഡ് പി 8.9 ശതമാനവും നാസ്ഡാക് 10.7 ശതമാനവും ഉയർന്നു.

അമേരിക്കയിൽ വിലക്കയറ്റം വീണ്ടും കുറഞ്ഞതായി പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പി.സി.ഇ) കാണിച്ചു. 3.5 ശതമാനമാണ് പുതിയ നിരക്ക്. നേരത്തേ 3.7 ശതമാനമായിരുന്നു. യു.എസ് ഫെഡ് പലിശനിർണയത്തിന് ആധാരമാക്കുന്നത് ഈ നിരക്കാണ്.

യു.എസ് കടപ്പത്ര വിലകൾ വീണ്ടും താണു. അവയിലെ നിക്ഷേപനേട്ടം 4.334 ശതമാനത്തിലേക്കു കയറി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.05 ശതമാനം കയറി. എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു..

ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നാണു തുടങ്ങിയത്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ, ചൈനീസ് വിപണികൾ താഴ്ന്നു നീങ്ങുന്നു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച തുടക്കം മുതൽ ചാഞ്ചാട്ടത്തിലായിരുന്നു. അവസാന മണിക്കൂറിലെ കയറ്റത്തിൽ വിപണി ഉയർന്നു ക്ലോസ് ചെയ്തു.

സെൻസെക്സ് 86.53 പോയിന്റ് (0.13%) ഉയർന്ന് 66,988.44 ലും നിഫ്റ്റി 36.55 പോയിന്റ് (0.18%) കയറി 20,133.15 ലും എത്തി. ബാങ്ക് നിഫ്റ്റി 84.70 പോയിന്റ് (0.19%) താഴ്ന്ന് 44,481.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.68 ശതമാനം ഉയർന്ന് 42,908.9 ലും സ്മോൾ ക്യാപ് സൂചിക 1.14 ശതമാനം കയറി 14,171.35 ലും അവസാനിച്ചു.

ബാങ്കുകളും ഐടിയും താഴ്ചയിലായി.

റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ, ഹെൽത്ത് കെയർ എന്നിവ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപകർ ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വാങ്ങൽ നടത്തി. 8147.85 കാേടിയുടെ

ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 780.32 കോടിയുടെ ഓഹരികൾ വിറ്റു.

എക്സിറ്റ് പോൾ ഫലങ്ങളും ജി.ഡി.പി വളർച്ചയും നൽകുന്ന ആവേശം വിപണിയെ പുതിയ ഉയരങ്ങളിലേയ്ക്കു നയിക്കുമെന്നാണു ബുള്ളുകൾ കരുതുന്നത്. നിഫ്റ്റിക്ക് ഇന്ന് 20,050 ലും 19,960 ലും പിന്തുണ ഉണ്ട്. 20,155 ഉം 20,245 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ തകർച്ചയിലായിരുന്നു. അലൂമിനിയം 0.81 ശതമാനം താഴ്ന്ന്  ടണ്ണിന് 2195.75 ഡോളറിലായി. ചെമ്പ് 0.62 ശതമാനം താഴ്ന്ന് ടണ്ണിന് 8331.75 ഡോളറിലെത്തി. ലെഡ് 0.28-ഉം സിങ്ക് 1.16 ഉം നിക്കൽ 1.95 ഉം ടിൻ 0.89 ഉം ശതമാനം താഴ്ന്നു. 

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഇറക്കത്തിലായി. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കൽ പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്നു വ്യാപാരികൾ കരുതുന്നില്ല. പ്രതിദിനം 21.84 ലക്ഷം വീപ്പയുടെ കുറവാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 82.83 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 75.73 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 82.82 ഡോളർ ആയി കുറഞ്ഞു. യുഎഇയുടെ മർബൻ ക്രൂഡ് 84.70 ഡോളറിൽ വ്യാപാരം നടക്കുന്നു. 

സ്വർണവില ഇന്നലെ അൽപം താഴ്ന്നു. ഔൺസിന് 2036.70 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2042.20 ഡോളറിലേക്കു കയറി. ഡോളർ സൂചിക ഉയർന്നപ്പോഴാണ് സ്വർണം താഴ്ന്നത്. എന്നാൽ നിക്ഷേപ ഫണ്ടുകൾ സ്വർണത്തിൽ താൽപര്യം വർധിപ്പിച്ചതാേടെ വില വീണ്ടും ഉയരുകയായിരുന്നു.

കേരളത്തിൽ പവൻവില ഇന്നലെ  46,000 രൂപയിലേക്ക് താഴ്ന്നു. 

ഡോളർ ലോക വിപണിയിൽ വീണ്ടും ഉയർന്നു. ഡോളർ സൂചിക ഇന്നലെ 0.70 പോയിന്റ് കയറി 103.47 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.29 ലേക്കു താണു.

ഇന്നലെ ഡോളർ തുടക്കത്തിൽ താഴ്ന്നിട്ട് ഒടുവിൽ ഗണ്യമായി തിരിച്ചു കയറി. 83.40 രൂപ എന്ന റെക്കാേർഡ് നിലയിൽ ക്ലോസ് ചെയ്തു. ഇന്നും രൂപ സമ്മർദത്തിലാകാം.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നലെ 37,700 ഡോളറിനു താഴെയായി.

വിസ്മയിപ്പിച്ച് ജി.ഡി.പി വളർച്ച 

രണ്ടാം പാദ ജി.ഡി.പി വളർച്ച വിസ്മയിപ്പിക്കും എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. 6.5 ശതമാനം എന്ന റിസർവ് ബാങ്ക് പ്രവചനത്തേക്കാൾ മെച്ചമാകും എന്നുമാത്രം കരുതി. അതുകൊണ്ടാകാം നിരീക്ഷകരുടെ സർവേയിൽ പ്രതീക്ഷ ഏഴു ശതമാനമായത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഇന്നലെ പുറത്തുവിട്ട കണക്ക് കാണിച്ചത് 7.6 ശതമാനം വളർച്ച. ഒന്നാം പാദത്തിലെ വളർച്ച 7.8 ശതമാനമായിരുന്നു.

ഗവണ്മെന്റിന്റെ ചെലവും വർധിച്ച മൂലധന നിക്ഷേപവുമാണു ജൂലൈ - സെപ്റ്റംബറിലെ വളർച്ചയ്ക്കു പിന്നിൽ. സർക്കാർ ചെലവ് 12.4 ശതമാനം വർധിച്ചു. നിക്ഷേപം 11 ശതമാനവും. ഒന്നാം പാദത്തിൽ വളർച്ചയ്ക്കു കുതിപ്പ് നൽകിയ സ്വകാര്യ ഉപഭോഗം ഇത്തവണ 3.1 ശതമാനമേ വർധിച്ചുള്ളു.

ഫാക്ടറി ഉൽപാദന മേഖലയിലാണ് വളർച്ച ഏറ്റവും കൂടുതൽ ദൃശ്യമായത്. 13.9 ശതമാനം. നിർമാണമേഖല 13.3 ശതമാനവും സേവന മേഖല 5.8 ശതമാനവും വളർന്നു. കാർഷിക മേഖലയുടെ വളർച്ച 1.2 ശതമാനമായി കുറഞ്ഞു. ഒന്നാം പാദത്തിൽ 3.5 ശതമാനം വളർന്നതാണു കാർഷിക മേഖല.

സ്വകാര്യ ഉപഭോഗം കുറഞ്ഞത് അത്ര നല്ല സൂചനയല്ല. ഏപ്രിൽ - ജൂൺ കാലയളവിൽ ഇത് 5.97 ശതമാനം വർധിച്ചതാണ്. ഇത്തവണ 3.13 ശതമാനമായി കുറഞ്ഞതു ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപഭോഗം കുറഞ്ഞിട്ടാണ്. ഗ്രാമീണ വരുമാനം കുറഞ്ഞതാകും അതിനു കാരണം.

എന്നാൽ മൊത്തം ജി.ഡി.പിയിൽ സ്വകാര്യ ഉപഭോഗത്തിന്റെ പങ്ക് ഒന്നാം പാദത്തെ അപേക്ഷിച്ചു കൂടി. 59.7 ശതമാനത്തിൽ നിന്ന് 61 ശതമാനത്തിലേക്ക്. സർക്കാർ ചെലവ് 10.5 ൽ നിന്ന് 9.8 ശതമാനമായി കുറഞ്ഞു. നിക്ഷേപത്തിന്റെ പങ്ക് 29.3 ൽ നിന്നു 30 ശതമാനമായി.

രണ്ടാം പാദത്തിലെ ജി.ഡി.പി തുക 41.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 38.78 ലക്ഷം കോടിയായിരുന്നു.

ഏപ്രിൽ - സെപ്റ്റംബർ അർധവർഷത്തെ ജിഡിപി 82.11 ലക്ഷം കോടി രൂപ വരും. ഇത് 7.7 ശതമാനം വളർച്ച കാണിക്കുന്നു.


വിപണി സൂചനകൾ

(2023 നവംബർ 30, വ്യാഴം)

സെൻസെക്സ്30 66,988.44 +0.13%

നിഫ്റ്റി50 20,133.15 +0.18%

ബാങ്ക് നിഫ്റ്റി 44,481.75 -0.19%

മിഡ് ക്യാപ് 100 42,908.90 +0.68%

സ്മോൾ ക്യാപ് 100 14,171.35 +1.14%

ഡൗ ജോൺസ് 30 35,950.90 +1.47%

എസ് ആൻഡ് പി 500 4567.20 - +0.38%

നാസ്ഡാക് 14,226.20 -0.23%

ഡോളർ ($) ₹83.40 +₹0.08

ഡോളർ സൂചിക 103.47 +0.70

സ്വർണം (ഔൺസ്) $2036.70 -$06.90

സ്വർണം (പവൻ) ₹46,480 ₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.83 -$0.07

Tags:    

Similar News