വിലക്കയറ്റത്തിൽ ശ്രദ്ധിച്ചു വിപണി; ബുള്ളുകൾ ആവേശത്തിൽ, ടാറ്റാ സൺസ് ലിസ്റ്റിംഗ് ഒഴിവാക്കാൻ നീക്കം
വിദേശികൾ വീണ്ടും വാങ്ങലിൽ, സ്വർണവും ക്രിപ്റ്റോകളും കയറ്റത്തിൽ
വിലക്കയറ്റത്തിന്റെയും കയറ്റിറക്കുമതിയുടെയും കണക്കുകള്‍ ആണ് ഈയാഴ്ച വിപണിയെ നയിക്കുക. ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെയും മൊത്തവിലക്കയറ്റ കണക്ക് വ്യാഴാഴ്ചയും വരും. വാണിജ്യ കണക്ക് ബുധനാഴ്ച പുറത്തുവിടും. യു.എസ് ചില്ലറ വിലക്കയറ്റ കണക്കും നാളെ പ്രസിദ്ധീകരിക്കും.
ഇന്ത്യയില്‍ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിനു താഴെയാകുമെന്നാണു പ്രതീക്ഷ. യു.എസ് വിലക്കയറ്റം കുറയുന്നതു പലിശ കുറയ്ക്കല്‍ സാധ്യത കൂട്ടും.
വെള്ളിയാഴ്ച യു.എസ് വിപണി ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഷ്യന്‍ വിപണികള്‍ താഴുന്നത് ഇന്ത്യന്‍ വിപണിയെ ബാധിക്കില്ല എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,745 വരെ കയറിയിട്ട് 22,661 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,645 വരെ താണു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണികള്‍
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ഭിന്നദിശകളില്‍ ക്ലോസ് ചെയ്തു. സ്റ്റോക്‌സ് 600 സൂചിക നാമമാത്രമായി ഉയര്‍ന്നപ്പാേള്‍ പ്രാദേശിക സൂചികകള്‍ താഴ്ന്നു. ജര്‍മനിയില്‍ വ്യവസായ ഉല്‍പാദനം പ്രതീക്ഷയിലധികം വര്‍ധിച്ചു. 2024ലെ വിലക്കയറ്റ പ്രതീക്ഷ 2.7ല്‍ നിന്ന് 2.3 ശതമാനമായി യൂറോപ്യന്‍ കേന്ദ്ര ബാങ്ക് താഴ്ത്തിയത് ആശ്വാസമായി. 2023ലെ നാലാം പാദ ജി.ഡി.പി വളര്‍ച്ച ചുരുങ്ങിയില്ലെന്നു പുതുക്കിയ കണക്ക് കാണിച്ചു. ഡെന്മാര്‍ക്കിലെ ഔഷധ കമ്പനിയായ നോവോ നോര്‍ഡിസ്‌കിന്റെ ശരീരഭാരം കുറയ്ക്കല്‍ ഔഷധം വിഗോവിയുടെ പരീക്ഷണം തൃപ്തികരമായതിനെ തുടര്‍ന്ന് ആ കമ്പനിയുടെ ഓഹരിവില കുതിച്ചു. ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയേക്കാള്‍ വിപണിമൂല്യമുണ്ട് നോവോയ്ക്ക്.
യു.എസ് വിപണി റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നു താഴ്ന്നാണു കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചത്. ഡൗ ദൗര്‍ബല്യമാണു കാണിക്കുന്നതെന്ന വിലയിരുത്തലാണുള്ളത്.
തൊഴില്‍ വിപണി സംബന്ധിച്ച കണക്കുകള്‍ സമ്മിശ്രമായിരുന്നു. കാര്‍ഷികേതര തൊഴില്‍ സംഖ്യ കൂടി. എന്നാല്‍ തലേ മാസത്തെ സംഖ്യ ഗണ്യമായി താഴ്ത്തേണ്ടിവന്നു. തൊഴിലില്ലായ്മ കൂടി 3.9 ശതമാനമായി. വേതന വര്‍ധന 4.5 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറഞ്ഞു. ഇവയെല്ലാം വിലക്കയറ്റ സമ്മര്‍ദം കുറയ്ക്കുന്നു. ജൂണില്‍ പലിശ കുറയ്ക്കല്‍ തുടങ്ങുമെന്ന പ്രതീക്ഷ ശക്തമാക്കാന്‍ ഇതു സഹായിച്ചു. താമസിയാതെ നിരക്ക് കുറയ്ക്കണമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ സെനറ്റ് കമ്മിറ്റിയില്‍ പറഞ്ഞതും ഈ ധാരണ വളര്‍ത്തുന്നു. എന്നാല്‍ ഇതൊന്നും വെള്ളിയാഴ്ച വിപണിയെ സഹായിച്ചില്ല.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 68.66 പോയിന്റ് (0.18%) താഴ്ന്ന് 38,722.69 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 33.67 പോയിന്റ് (0.65%) ഇടിഞ്ഞ് 5123. 69ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 188.26 പോയിന്റ് (1.16%) താഴ്ന്ന് 16,085.11 ല്‍ എത്തി. എന്‍വിഡിയയും മെറ്റയും ആപ്പിളും അടക്കം ടെക് ഭീമന്മാര്‍ക്കു വലിയ ഇടിവാണുണ്ടായത്.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ താഴ്ചയിലാണ് . ഡൗ 0.03 ശതമാനവും എസ് ആന്‍ഡ് പി 0.05 ശതമാനവും നാസ്ഡാക് 0.13 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.077 ശതമാനമായി താഴ്ന്നു.
ചൈനയിലടക്കം ഏഷ്യയില്‍ വിപണികള്‍ ഇന്നു വലിയ താഴ്ചയിലാണ്.
ജപ്പാന്‍ 2023 ലെ അവസാന പാദത്തില്‍ 0.4 ശതമാനം വളര്‍ന്നെന്നു പുതിയ കണക്കുകള്‍ കാണിച്ചു. ഇതു ജപ്പാന്‍ മാന്ദ്യത്തിലായി എന്ന നിഗമനം തിരുത്താന്‍ സഹായിച്ചു. 0.4 ശതമാനം ചുരുങ്ങി എന്നായിരുന്നു ആദ്യ കണക്ക്. എന്നാല്‍ തിരുത്തിയ കണക്കിലെ വളര്‍ച്ച ധനശാസ്ത്രജ്ഞര്‍ കണക്കാക്കിയ 1.1 ശതമാനത്തേക്കാള്‍ വളരെ കുറവായതു വിപണിയെ നിരാശപ്പെടുത്തി. നിക്കൈ സൂചിക 2.25 ശതമാനം ഇടിഞ്ഞു.
ഇന്ത്യന്‍ വിപണി
വ്യാഴാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 74,242.73 വരെയും നിഫ്റ്റി 22,525.65 വരെയും കയറി. മെറ്റല്‍, മീഡിയ, എഫ്എംസിജി മേഖലകള്‍ കയറി.
ഓട്ടോ, റിയല്‍റ്റി, ഓയില്‍ - ഗ്യാസ്, ബാങ്ക് മേഖലകള്‍ ദുര്‍ബലമായി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ അല്‍പം ഉയര്‍ന്നു.
സെന്‍സെക്‌സ് 33.40 പോയിന്റ് (0.05%) കയറി 74,119.39ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 19.50 പോയിന്റ് (0.09%) ഉയര്‍ന്ന് 22,493.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 129.60 പോയിന്റ് (0.27%) താഴ്ന്ന് 47,835.80 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.22 ശതമാനം കയറി 48,966.15 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.85 ശതമാനം ഉയര്‍ന്ന് 15,709.00 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാഴാഴ്ച വിദേശനിക്ഷേപകര്‍ വലിയ വാങ്ങുലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 7304.11 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2601.81 കോടി രൂപയുടെ ഓഹരികളും വാങ്ങി. മാര്‍ച്ചില്‍ ഇതുവരെ വിദേശികള്‍ 142 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു.
വിപണി മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയാണുള്ളത്. 22,600- 22,800 മേഖല ലക്ഷ്യമിട്ടുള്ള കയറ്റമാണു കണക്കാക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച യു.എസ് വിപണി താഴ്ന്നത് ബുള്‍ കരുത്തിനെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
നിഫ്റ്റിക്ക് ഇന്ന് 22, 450ലും 22,390ലും പിന്തുണ ഉണ്ട്. 22,505ലും 22,580ലും തടസങ്ങള്‍ ഉണ്ടാകാം.
ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ക്കു ക്ഷീണം വരാം
ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ ഇന്നു തിരിച്ചടി പ്രതീക്ഷിക്കാം. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്യാതിരിക്കാന്‍ വഴി തേടുന്നു എന്ന റിപ്പോര്‍ട്ടാണ് ഇതിനു കാരണം.
അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സി എന്ന പട്ടികയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയ ടാറ്റാ സണ്‍സ് 2025 സെപ്റ്റംബറിനകം ലിസ്റ്റ് ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്താല്‍ ടാറ്റാ സണ്‍സില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം കുതിക്കും. അങ്ങനെയാണു കഴിഞ്ഞയാഴ്ച ടാറ്റാ കെമിക്കല്‍സ് അടക്കം ഏതാനും ടാറ്റാ കമ്പനികള്‍ വലിയ നേട്ടം ഉണ്ടാക്കിയത്.
ലിസ്റ്റിംഗ് നിബന്ധനയില്‍ നിന്ന് ഒഴിവാകാന്‍ ടാറ്റാ സണ്‍സിന്റെ കടങ്ങള്‍ കുറയ്ക്കാനും ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഗ്രൂപ്പ് ആലോചന തുടങ്ങി. പ്രധാനമായും ട്രസ്റ്റുകള്‍ ഓഹരി കൈയാളുന്ന ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്താല്‍ ട്രസ്റ്റുകളുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും എന്ന സാഹചര്യമുണ്ട്. ഇതാണു പുനരാലോചനയ്ക്കു കാരണം.
കഴിഞ്ഞയാഴ്ച ടാറ്റാ കെമിക്കല്‍സ് 32 ശതമാനം ഉയര്‍ന്നിരുന്നു. ഓട്ടാേ കോര്‍പറേഷന്‍ ഓഫ് ഗോവ 26.8 ശതമാനവും ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ 15.8 ശതമാനവും റാലിസ് ഇന്ത്യ 9.9 ശതമാനവും കയറി. ടാറ്റാ പവര്‍ (9.5%), ടാറ്റാ മോട്ടോഴ്‌സ് (5.5%), ടാറ്റാ ടെക്‌നോളജി (5%), ടാറ്റാ കണ്‍സ്യൂമര്‍ (4.9%), ടാറ്റാ ടെലി സര്‍വീസസ് (3.8%) തുടങ്ങിയവയും കഴിഞ്ഞയാഴ്ച നേട്ടം ഉണ്ടാക്കി.
സ്വര്‍ണക്കയറ്റം തുടരുന്നു
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ കയറ്റം തുടരുമെന്നാണ് സൂചന. വെള്ളിയാഴ്ച ഔണ്‍സിന് 2179.60 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. തിങ്കളാഴ്ച രാവിലെ 2182.20ലേക്കു കയറി.
പലിശനിരക്ക് താമസിയാതെ കുറയും എന്ന പ്രതീക്ഷയും ചൈനീസ് ഡിമാന്‍ഡ് കൂടുന്നതുമാണ് സ്വര്‍ണത്തെ കയറ്റുന്നത്. കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി കരുതല്‍ ശേഖരത്തില്‍ വയ്ക്കുന്നുണ്ട്. വില താമസിയാതെ ഔണ്‍സിന് 2,200 ഡോളര്‍ കടക്കുമെന്ന ധാരണയാണ് വിപണിയിലുള്ളത്.
2000 മുതലുള്ള 24 വര്‍ഷം കൊണ്ടു സ്വര്‍ണവില 600 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2000ല്‍ 280 ഡോളറിനു താഴെയായിരുന്നു ഒരൗണ്‍സ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില. അതാണ് ഇപ്പോള്‍ 2,200 ഡോളറിനു തൊട്ടു താഴെ നില്‍ക്കുന്നത്.
ഇപ്പോഴത്തെ വില സര്‍വകാല റെക്കോഡ് ആണെങ്കിലും വിലക്കയറ്റം കണക്കാക്കിയാല്‍ അതത്ര വരില്ല. 1980 ജനുവരിയില്‍ സ്വര്‍ണം എത്തിയ ഔണ്‍സിന് 850 ഡോളര്‍ എന്ന വിലയാണ് ശരിയായ റെക്കോഡ്. അന്നത്തെ 850 ഡോളര്‍ ഇന്നത്തെ 3000 ഡോളറിനു തുല്യമാണ്. ഇറാനിലെ പാശ്ചാത്യ അനുകൂല ഷായെ നീക്കം ചെയ്ത ഇസ്ലാമിക് വിപ്ലവവും അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശവും ഒരുക്കിയ പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ അന്നു സ്വര്‍ണവില ഇരട്ടിക്കുകയായിരുന്നു.
കേരളത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉയര്‍ന്ന് സ്വര്‍ണവില പവന് 48,600 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. മൂന്നു ദിവസം കൊണ്ട് 840 രൂപയുടെ വര്‍ധന. ഈ മാസം മാത്രം 2.520 രൂപയുടെ കുതിപ്പ്.
ഡോളര്‍ സൂചിക വെള്ളിയാഴ്ച 102.71 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102. 66 ലാണ്.
രൂപ വ്യാഴാഴ്ചയും നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 82.79 രൂപയില്‍ ക്ലോസ് ചെയ്തു . ഈയാഴ്ചയും രൂപ കയറാനാണു സാധ്യത.
ക്രൂഡ് ഓയില്‍ താഴ്ചയില്‍
ക്രൂഡ് ഓയില്‍ വില കഴിഞ്ഞയാഴ്ച 1.7 ശതമാനം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.08 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 78.01 ഡോളറിലേക്കും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.41 ഡോളറിലേക്കും താണു. തിങ്കളാഴ്ച രാവിലെ വില 0.7 ശതമാനം താഴ്ന്നു. ബ്രെന്റ് ഇനം 81.53 ഡോളര്‍ ആയി.
ക്രൂഡ് ഓയില്‍ ഡിമാന്‍ഡില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണു വിപണി. ചൈനീസ് ഡിമാന്‍ഡ് ഉയരാനുള്ള സാധ്യത വിപണി കാണുന്നില്ല.
ബിറ്റ്കോയിന്‍ കുതിപ്പില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലാണ്. വാരാന്ത്യത്തിലും ക്രിപ്‌റ്റോകളുടെ വില കുതിച്ചു. വെള്ളിയാഴ്ച 70,200 ഡോളര്‍ വരെ കയറിയ ബിറ്റ്കോയിന്‍ ഞായറാഴ്ച 70,000-നു തൊട്ടു താഴെയായിരുന്നു. തിങ്കളാഴ്ച 68,000 നടുത്തേക്കു താണു. മറ്റു ക്രിപ്‌റ്റോകളും റെക്കോര്‍ഡ് നിലവാരത്തിലാണ്.
ബിറ്റ്കോയിന്‍ വില ഒരു ലക്ഷം ഡോളര്‍ കടക്കുമെന്നും അല്ല രണ്ടു ലക്ഷം ഡോളര്‍ കടക്കുമെന്നും പ്രവചിക്കുന്നവര്‍ ഉണ്ട്. ഏപ്രില്‍ 16 നു ബിറ്റ്കോയിന്‍ മൈനിംഗിന്റെ പ്രതിഫലം പകുതിയാകുന്നതോടെ വിലക്കയറ്റത്തിന്റെ തോത് ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ഈഥര്‍ എന്ന ക്രിപ്‌റ്റോകറന്‍സി 4,000 ഡോളറിലേക്ക് നീങ്ങുകയാണ്. എക്‌സ്.ആര്‍.പി, ലൈറ്റ് കോയിന്‍, സൊലാനോ, ഡോജ്, പെപെ, ബോങ്ക് തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളും കഴിഞ്ഞയാഴ്ച വലിയ നേട്ടം ഉണ്ടാക്കി.
വിപണിസൂചനകൾ