ഫെഡ് വിപണികളെ ഉയർത്തി; ഇനി പലിശ കൂട്ടാനിടയില്ലെന്ന് പവൽ; സാമ്പത്തിക സൂചകങ്ങളിൽ നിക്ഷേപകർക്ക് ആവേശം

ഒക്ടോബറിലെ ജി.എസ്.ടി പിരിവ് 13 ശതമാനം വർധിച്ച് 1.72 ലക്ഷം കോടി രൂപയായതും കമ്പനികളിൽ നിന്നുള്ള വാഹന വിൽപന 16.3 ശതമാനം വർധിച്ച് 3.91 ലക്ഷം ആയതും വിപണിയെ ഇന്നു സഹായിക്കും

Update:2023-11-02 08:36 IST

യു.എസ് ഫെഡ് തീരുമാനവും അതിന്റെ വിശദീകരണവും വിപണിയുടെ പ്രതീക്ഷകൾക്ക് ഒത്തു വന്നു. യു.എസ് സൂചികകൾ ഉയർന്നു. ഇന്നു രാവിലെ ഏഷ്യൻ സൂചികകളും നല്ല കയറ്റത്തിലായി. തുടർച്ചയായ ദിവസങ്ങളിലെ വീഴ്ചയ്ക്കു ശേഷം ബെയറിഷ് മനോഭാവത്തിലായ ഇന്ത്യൻ വിപണിയും ഇന്നു തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നു.

ഒക്ടോബറിലെ ജി.എസ്.ടി പിരിവ് 13 ശതമാനം വർധിച്ച് 1.72 ലക്ഷം കോടി രൂപയായതും കമ്പനികളിൽ നിന്നുള്ള വാഹനവിൽപന 16.3 ശതമാനം വർധിച്ച് 3.91 ലക്ഷം ആയതും വിപണിയെ ഇന്നു സഹായിക്കും. വെെദ്യുതി ഉപയോഗം 21 ശതമാനവും ഡീസൽ ഉപയോഗം അഞ്ചു ശതമാനവും വർധിച്ചതു സാമ്പത്തിക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനെ കാണിക്കുന്നു. എന്നാൽ ഫാക്ടറി ഉൽപാദന സൂചിക (പിഎംഐ) 55.5 ആയി താണതും ട്രാക്ടർ വിൽപന അഞ്ചു ശതമാനം കുറഞ്ഞതും വിപണിക്കു നിരാശ പകരും. എങ്കിലും ഇനി പലിശ കൂട്ടാൻ ഇടയില്ലെന്നു യുഎസ് ഫെഡ് സൂചിപ്പിച്ചത് ഏഷ്യൻ വിപണികളെപ്പോലെ ഇന്ത്യൻ വിപണിയെയും ഉത്തേജിപ്പിക്കും എന്നാണു പ്രതീക്ഷ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,185 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,230 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ചയും നേട്ടത്തിലായിരുന്നു. സ്റ്റാേക്സ് 600 ഉം ഡാക്സും സൂചികകൾ 0.7 ശതമാനം വീതം കയറി. ലക്ഷുറി കാർ വിപണി പ്രതീക്ഷയിലും താഴ്ന്ന വളർച്ച കാണിച്ചതാേടെ ആസ്റ്റൺ മാർട്ടിൻ ഓഹരി 13 ശതമാനം ഇടിഞ്ഞു.

യു.എസ് ഫെഡ് കമ്മിറ്റി പലിശനിരക്കുകളിൽ മാറ്റം വരുത്താതെയും സാമ്പത്തിക വളർച്ചയെപ്പറ്റി കൂടുതൽ ഉയർന്ന പ്രതീക്ഷ പ്രകടിപ്പിച്ചും പണനയ അവലോകനം നടത്തി. ഇതു വിപണിയുടെ പ്രതീക്ഷകൾക്ക് ഒത്തു പോകുന്നതായിരുന്നു. ഇതേ തുടർന്നു യുഎസ് സൂചികകൾ നേട്ടത്തിൽ അവസാനിച്ചു.

ഇന്നലെ ഡൗ ജോൺസ് 221.71 പോയിന്റ് (0.67%) കയറി 33,274.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 44.06 പോയിന്റ് (1.05%) ഉയർന്ന് 4237.86 ൽ അവസാനിച്ചു. നാസ്ഡാക് 210.23 പോയിന്റ് (1.64%) കയറി 13,061.47 ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.43 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നും വലിയ ആവേശത്തിലാണ്. ജപ്പാനിൽ നിക്കെെ 1.2 ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. കൊറിയൻ, ഓസ്ട്രേലിയൻ വിപണികൾ ഒരു ശതമാനം കയറിയാണു വ്യാപാരം ആരംഭിച്ചത്. ചൈനയിലും ഇന്നു വിപണി കയറ്റത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച തുടക്കം മുതലേ താഴ്ന്നു നീങ്ങി. സെൻസെക്സ് 283.60 പോയിന്റ് (0.44%) താഴ്ന്ന് 63,591.33 ൽ അവസാനിച്ചു. നിഫ്റ്റി 90.45 പോയിന്റ് (0.47%) താണ് 18,989.15 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 145 പോയിന്റ് (0.34%) കുറഞ്ഞ് 42,700.95ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 0.26 ശതമാനം താഴ്ന്ന് 38,775.10 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.07 ശതമാനം താഴ്ന്ന് 12,640.75-ൽ അവസാനിച്ചു.

വിപണി മനോഭാവം ബെയറിഷ് ആണ്. അതു മാറണമെങ്കിൽ നിഫ്റ്റി 19,100 നു മുകളിൽ കയറണം. ഇന്നു നിഫ്റ്റിക്ക് 18,970 ലും 18,890 ലുമാണു പിന്തുണ.19,065 ലും 19,140 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

റിയൽറ്റി, മീഡിയ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ മേഖലകൾ നേട്ടം ഉണ്ടാക്കി. വാഹന, ബാങ്കിംഗ്, മെറ്റൽ, ഐടി മേഖലകൾ ഇന്നലെ താഴ്ചയിലായി.

വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ബുധനാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1816.91 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1622.05 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഇടിവിലായി. അലൂമിനിയം 0.32 ശതമാനം താണു ടണ്ണിന് 2242.85 ഡോളറിലായി. ചെമ്പ് 0.09 ശതമാനം താഴ്ന്ന് ടണ്ണിന് 8029.8 ഡോളറിലെത്തി. ലെഡ് 0.67 ഉം നിക്കൽ 0.43 ഉം ടിൻ 4.3 ഉം ശതമാനം ഇടിഞ്ഞു. സിങ്ക് 1.96 ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില മൂന്നാഴ്ചയിലെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. നാലര ശതമാനം താണ ബ്രെന്റ് ഇനം ക്രൂഡ് 84.82 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.65 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില യഥാക്രമം 85.60 ഉം 81.43 ഉം ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 85.70 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം വീണ്ടും താഴ്ചയിലാണ്. ബുധനാഴ്ച ഫെഡ് തീരുമാനത്തെ തുടർന്ന് 1993 വരെ കയറുകയും 1969 വരെ താഴുകയും ചെയ്ത സ്വർണം 1983.5 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1986.60 ഡോളറിലേക്കു കയറി.

കേരളത്തിൽ ബുധനാഴ്ച പവൻവില 240 രൂപ ഇടിഞ്ഞ് 45,120 രൂപയിലെത്തി.

ഡോളർ ബുധനാഴ്ച നാലു പൈസ കയറി 83.28 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ബുധനാഴ്ച ഉയർന്ന് 106.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇടിഞ്ഞ് 106.33 ൽ എത്തി. സൂചിക വീണ്ടും താഴാൻ ഇടയുണ്ട്. അതു രൂപയ്ക്കു സഹായകമാകും.

ഫെഡ് തീരുമാനത്തെ തുടർന്നു ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 35,650നു സമീപമെത്തി.

ഫെഡ് പറഞ്ഞതും വിപണി വ്യാഖ്യാനിച്ചതും 

ഇതു തുടർച്ചയായി രണ്ടാമത്തെ തവണയാണു യുഎസ് ഫെഡ് നിരക്ക് മാറ്റാത്തത്. ജൂലൈയിൽ 5.25 - 5.50 ശതമാനത്തിലേക്കു നിരക്ക് ഉയർത്തിയിരുന്നു. 2022 ആദ്യം 0.00- 0.25 ശതമാനമായിരുന്നു ഫെഡ് നിരക്ക്. പിന്നീടു 11 തവണ നിരക്ക് കൂട്ടി. വിലക്കയറ്റം രണ്ടു ശതമാനത്തിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഫെഡ് ഇപ്പോഴും ലക്ഷ്യത്തിൽ നിന്ന് അകലെയാണ്. സെപ്റ്റംബറിൽ 3.7 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. ലക്ഷ്യത്തിലേക്കു ചെല്ലാൻ നീണ്ട യാത്ര വേണമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. നിരക്ക് കുറയ്ക്കൽ ഇപ്പോൾ ആലോചനയിലില്ലെന്നും പവൽ അറിയിച്ചു.

എന്നാൽ പവലിന്റെ വാക്കുകൾ ഇനി നിരക്കുവർധന ഇല്ല എന്നു സൂചിപ്പിക്കുന്നതായി വിപണി വ്യാഖ്യാനിച്ചു. പവലിന്റെ പ്രസ്താവനയ്ക്കു ശേഷം വിപണി സൂചികകൾ ഗണ്യമായി ഉയർന്നത് അതിന്റെ ഫലമാണ്.

കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം വർധിച്ചതു സാരമായ കാര്യമാണെന്നു ഫെഡ് എടുത്തു പറഞ്ഞതു വിപണി ശ്രദ്ധിച്ചു. ഫെഡ് പ്രസ്താവനയ്ക്കു ശേഷം കടപ്പത്ര നിക്ഷേപനേട്ടം 4.93 ശതമാനത്തിൽ നിന്നു 4.73 ശതമാനത്തിലേക്കു താണു. ഇന്നു രാവിലെ 4.709 ശതമാനമായി. ജപ്പാനും ജർമനിയുമടക്കം മറ്റു രാജ്യങ്ങളിലും കടപ്പത്ര നിക്ഷേപനേട്ടം കുറഞ്ഞു.

സാമ്പത്തിക വളർച്ച ശക്തമായി തുടരുന്നു എന്നാണു ഫെഡ് വിലയിരുത്തൽ. 2024 - ൽ യുഎസ് വളർച്ച 1.5 ശതമാനം എന്നാണു ഫെഡ് പറഞ്ഞിട്ടുള്ളത്. ഇത് ഒരു ശതമാനം വളർച്ച എന്ന ട്രഷറി ഡിപ്പാർട്ട്മെൻറ് വിലയിരുത്തലിലും മെച്ചമാണ്. ഈ ഒക്ടോബർ- ഡിസംബർ പാദത്തിൽ യുഎസ് ജിഡിപി വളർച്ച ഒരു ശതമാനത്തിൽ താഴെയാകുമെന്നും ട്രഷറി പറഞ്ഞിരുന്നു.

കമ്പനികൾ, റിസൽട്ടുകൾ

ടാറ്റാ സ്റ്റീൽ വരുമാനം കുറഞ്ഞതും വലിയ നഷ്ടം കാണിക്കുന്നതുമായ രണ്ടാം പാദ റിസൽട്ട് പുറത്തിറക്കി. വിൽപനയിലും വിലയിലും ഉണ്ടായ കുറവാണ് വരുമാനം കുറച്ചത്. 55,682 കോടി രൂപ വിറ്റുവരവിൽ 4315 കോടിയുടെ പ്രവർത്തനലാഭം കമ്പനി ഉണ്ടാക്കി. എന്നാൽ യുകെയിലെ ബിസിനസ് പുന:ക്രമീകരണത്തെ തുടർന്ന് വന്ന 6358 കോടി രൂപയുടെ നഷ്ടമാണു കമ്പനിയെ 6511 കോടിയുടെ നഷ്ടത്തിൽ എത്തിച്ചത്.

യു.കെയിൽ പോർട്ട് ടാൽബാേട്ടിലെ ഫാക്ടറി യൂറോപ്യൻ കാർബൺ വമന ചട്ടങ്ങൾക്ക് അനുസരിച്ച് മാറ്റുന്നതിനു വരുന്ന ചെലവുകളാണു നഷ്ടത്തിനു കാരണം. യുകെ സർക്കാരും ഇതിനായി കുറേ പണം നൽകും. എങ്കിലും കൂടുതൽ തുകയ്ക്കായി കമ്പനി ശ്രമിക്കുന്നുണ്ട്.

ഹീറോ മോട്ടാേ കോർപ് വിപണി പ്രതീക്ഷയേക്കാൾ മികച്ച ലാഭവും വരുമാനവും നേടി. 9445 കോടി രൂപ വിറ്റുവരവിൽ 1054 കോടി രൂപ അറ്റാദായം ഉണ്ടാക്കി. 47 ശതമാനമാണു ലാഭ വർധന.

ബ്രിട്ടാനിയ ലിമിറ്റഡിന്റെ രണ്ടാം പാദ വിറ്റുവരവ് 1.21 ശതമാനം മാത്രമേ കൂടിയുള്ളു. എന്നാൽ അറ്റാദ്യം 19.55 ശതമാനം കൂടി 586.5 കോടിയായി.

വിപണി സൂചനകൾ

(2023 നവംബർ 01, ബുധൻ)


സെൻസെക്സ്30 63,591.33 -0.44%

നിഫ്റ്റി50 18,989.15 -0.47%

ബാങ്ക് നിഫ്റ്റി 42,700.95 -0.34%

മിഡ് ക്യാപ് 100 38,775.10 -0.26%

സ്മോൾ ക്യാപ് 100 12,640.75 -0.07%

ഡൗ ജോൺസ് 30 33,274.58 +0.67%

എസ് ആൻഡ് പി 500 4237.86 +1.05%

നാസ്ഡാക് 13,061.47 +1.64%

ഡോളർ ($) ₹83.28 +₹0.04

ഡോളർ സൂചിക 106.88 +0.22

സ്വർണം (ഔൺസ്) $1983.50 -$00.80

സ്വർണം (പവൻ) ₹45,120 -₹240.00

ക്രൂഡ് ബ്രെന്റ് ഓയിൽ $85.12 -$2.29

Tags:    

Similar News