പലിശ വീണ്ടും വിഷയം; വിപണികളിൽ ഇടിവ്; പണ നയം നിർണായകം; ക്രൂഡ് ഓയിൽ താഴേക്ക്; ഡോളർ കുതിക്കുന്നു

തുടർച്ചയായ രണ്ടാം മാസവും യു.എസ് ഓഹരി സൂചികകൾ നഷ്ടത്തിൽ

Update:2023-10-03 08:26 IST

അമേരിക്കയിലെ ഭരണസ്തംഭന സാധ്യത ഒഴിവാക്കിക്കൊണ്ട് ശനിയാഴ്ച താൽക്കാലിക ബജറ്റ് പാസാക്കി. ഇതോടെ വീണ്ടും പലിശപ്പേടി വിപണികളെ പിടികൂടി. യുഎസ് സർക്കാർ കടപ്പത്രവിലകൾ കുത്തനേ ഇടിഞ്ഞു. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 2007 നു ശേഷമുള്ള ഏറ്റവും കൂടിയ 4.69 ശതമാനം ആയി. ഇതോടെ ഓഹരികൾ താഴ്ന്നു. യുഎസ് ഡോളർ കുതിച്ചു കയറി. ക്രൂഡ് ഓയിൽ ഇടിഞ്ഞു. സ്വർണം താഴ്ന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ വലിയ ഇടിവിലായി. ഒരു ദിവസത്തെ അവധിക്കു ശേഷം തുറക്കുന്ന ഇന്ത്യൻ വിപണിയും ഇന്നു താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു നിരീക്ഷണം. ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി യാേഗം നിർണായകമാണ്. പലിശ കൂട്ടുകയില്ലെന്നാണു വിപണി പ്രതീക്ഷിക്കുന്നത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,613.5- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,577 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തെങ്കിലും ആഴ്ചയും മാസവും ത്രൈമാസവും നഷ്ടത്തിൽ കലാശിച്ചു. സെപ്റ്റംബറിലെ യൂറോ സോൺ വിലക്കയറ്റം 4.3 ശതമാനമായി താഴ്ന്നതു വിപണിയെ സഹായിച്ചു. ഓഗസ്റ്റിൽ 5.6 ശതമാനമായിരുന്നു.

കാതൽ വിലക്കയറ്റം 5.3 ൽ നിന്നു 4.5 ശതമാനമായി താഴ്ന്നു. തിങ്കളാഴ്ച യൂറോപ്യൻ വിപണികൾ ശരാശരി ഒന്നേകാൽ ശതമാനം ഇടിഞ്ഞു. യൂറോ രാജ്യങ്ങളിലെ ഫാക്ടറി ഉൽപാദനം കുറയുന്നു എന്ന പി.എം.ഐ സർവേ ഫലങ്ങൾ തകർച്ചയ്ക്കു കാരണമായി. ഫാക്ടറികൾക്കു പുതിയ ഓർഡറുകൾ കുറവാണ്. റഷ്യ കയറ്റുമതി നിരോധിച്ചതിനാൽ യൂറോപ്പിൽ ഡീസൽ വില കുതിച്ചു കയറുകയാണ്.

ഓഗസ്റ്റിൽ യു.എസിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) വാർഷികാടിസ്ഥാനത്തിൽ 3.9 ശതമാനവും മാസക്കണക്കിൽ 0.1 ശതമാനവും ഉയർന്നു. ഇതു പ്രതീക്ഷകൾക്കടുത്തു വന്നു. വ്യക്തിഗത ഉപഭോഗ ചെലവ് കാണിക്കുന്ന ഈ സൂചികയാണ് യു.എസ് ഫെഡറൽ റിസർവ് നയരൂപീകരണത്തിന് ആധാരമാക്കുന്നത്. ഇതു താണതു വെള്ളിയാഴ്ച രാവിലെ യുഎസ് വിപണിയെ ഉയർത്തിയതാണ്. പക്ഷേ യുഎസ് ബജറ്റ് പാസാക്കുന്നതിൽ ധാരണയ്ക്കു വഴി തെളിയാത്തത് ഉച്ചയ്ക്കു ശേഷം വിപണിയെ താഴ്ത്തി.

വെള്ളിയാഴ്ച ഡൗ ജോൺസ് 158.84 പോയിന്റ് (0.47%) താഴ്ന്ന് 33,507.5 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.65 പോയിന്റ് (0.59%) കുറഞ്ഞ് 4288.05ൽ അവസാനിച്ചു. നാസ്ഡാക് 19.02 പോയിന്റ് (0.14%) ഉയർന്ന് 13,219.32 ലും ക്ലോസ് ചെയ്തു. ഒരവസരത്തിൽ ഡൗ സൂചിക 227 പോയിന്റ് ഉയർന്നതാണ്. പിന്നീടാണു താണത്. നാസ്ഡാക് 1.4 ശതമാനം കയറിയ ശേഷമാണ് ചെറിയ നേട്ടത്തിലേക്കു വീണത്.

തുടർച്ചയായ രണ്ടാം മാസവും യു.എസ് ഓഹരി സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ 3.5ഉം എസ് ആൻഡ് പി 4.9ഉം നാസ്ഡാക് 5.8ഉം ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ത്രൈമാസ നഷ്ടം ഡൗവിന് 2.6ഉം എസ് ആൻഡ് പിക്ക് 3.7ഉം നാസ്ഡാകിന് 4.1ഉം ശതമാനമാണ്.

ശനിയാഴ്ച രാത്രി വെെകിയാണ് യു.എസ് പ്രതിനിധിസഭയും സെനറ്റും 45 ദിവസത്തെ സർക്കാർ പ്രവർത്തനത്തിനുള്ള ബജറ്റ് വിഹിതം പാസാക്കിയത്. അതാേടെ യുഎസ് ഗവണ്മെന്റ് ഭാഗികമായി അടച്ചിടേണ്ട സാഹചര്യം ഒഴിവായി. നവംബറിൽ വീണ്ടും ബജറ്റ് പോരാട്ടം നടക്കാം.

തിങ്കളാഴ്ചയും യു.എസ് വിപണി ഭിന്ന ദിശകളിൽ നീങ്ങി. ഡൗ ജോൺസ് സൂചിക 74.15 പോയിന്റ് (0.22%) താണ് 33,433.35 ൽ ക്ലോസ് ചെയ്തു. എന്ന് ആൻഡ് പി നാമമാത്രമായ 0.34 പോയിന്റ് (0.01%) കയറി 4288.39 ൽ അവസാനിച്ചു. നാസ്ഡാക് 88.45 പോയിന്റ് (0.67%) ഉയർന്ന് 13,307.77 ൽ ക്ലോസ് ചെയ്തു. ടെസ്ല ഓഹരികൾ താണു. കമ്പനിയുടെ ഉൽപാദനം കുറവായതാണു കാരണം.

വെള്ളിയാഴ്ച ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഏഷ്യൻ വിപണികൾ താഴ്ന്നു. ചെെനീസ് വിപണി അവധിയിലാണ്.

ഇന്നു രാവിലെ ഓസ്ട്രേലിയയിലെ എഎസ്എക്സ്, ജപ്പാനിലെ നിക്കെെ സൂചികകൾ ഒരു ശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി 

വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം മിതമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മുഖ്യ സൂചികകൾ ഒരവസരത്തിൽ ഒരു ശതമാനത്തിലധികം ഉയർന്നതാണ്. പിന്നീടു നേട്ടം പകുതിയാക്കി കുറച്ച. സെൻസെക്സ് 66,157 വരെയും നിഫ്റ്റി 19,726 വരെയും കയറിയതാണ്. ഒടുവിൽ സെൻസെക്സ് 320.09 പോയിന്റ് (0.49%) നേട്ടത്തോടെ 65,828.41 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 114.75 പോയിന്റ് (0.59%) കയറി 19,638.3 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 283.6 പോയിന്റ് (0.64%) ഉയർന്ന് 44,584.55 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.08 ശതമാനം കയറി 40, 537.05 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.99 ശതമാനം ഉയർന്നു 12,748.5 ൽ അവസാനിച്ചു.

വെള്ളിയാഴ്ച വിദേശനിക്ഷേപകർ 1685.7 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2751.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഐടി ഒഴികെ എല്ലാ വ്യവസായ മേഖലകളും വെള്ളിയാഴ്ച കയറി. 2.66 ശതമാനം ഉയർന്ന ഫാർമയും 2.56 ശതമാനം കയറിയ ഹെൽത്ത് കെയറും നേട്ടത്തിനു മുന്നിൽ നിന്നു.

കഴിഞ്ഞയാഴ്ച സെൻസെക്സ് 0.27 ശതമാനവും നിഫ്റ്റി 0.18 ശതമാനവും താഴ്ന്നു. ഐടി സൂചിക വലിയ ഇടിവ് (2.8 ശതമാനം) കാണിച്ചപ്പാേൾ റിയൽറ്റിയും (2.5%) മെറ്റലും (2.2%) മികച്ച നേട്ടം ഉണ്ടാക്കി.

നിഫ്റ്റി 19750-ലെ തടസം കരുത്തോടെ മറികടന്നാലേ 20,000 കടന്നുള്ള മുന്നേറ്റത്തിനു പ്രാപ്തമാകൂ എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റിക്ക് 19,570 ലും 19,465 ലും പിന്തുണ ഉണ്ട്. 19,700 ഉം 19,810 ഉം തടസങ്ങളാകും.

പ്രധാന വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച വലിയ നേട്ടം ഉണ്ടാക്കി. പക്ഷേ തിങ്കളാഴ്ച അലൂമിനിയം ഒഴികെ ഉള്ളവ ആ നേട്ടമെല്ലാം നഷ്ടപ്പെടുത്തി.

അലൂമിനിയം വെള്ളിയാഴ്ചയും ഇന്നലെയും കയറി ടണ്ണിന് 2327.5 ഡോളറിലായി. ചെമ്പ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ടണ്ണിന് 8100.4 ഡോളറിലേക്കു താണു. ടിൻ രണ്ടു ദിവസം കൊണ്ട് 5.7 ശതമാനവും നിക്കൽ 0.28 ശതമാനവും ലെഡ് 1.9 ശതമാനവും സിങ്ക് 5.5 ശതമാനവും ഇടിഞ്ഞു. ചെെനയിൽ ഫാക്ടറി പ്രവർത്തനങ്ങൾ ആറു മാസത്തിനു ശേഷം ആദ്യമായി വളർച്ച കാണിച്ചത് വിപണിയെ സ്വാധീനിച്ചിട്ടില്ല.

ബുധനാഴ്ച ഒപെക് രാജ്യങ്ങളും ഒപെക് പ്ലസ് രാജ്യങ്ങളും പങ്കെടുക്കുന്ന യോഗത്തിൽ ഉൽപാദനം കൂട്ടാനുള്ള തീരുമാനം സൗദി അറേബ്യയും റഷ്യയും പ്രഖ്യാപിക്കും എന്നു പ്രതീക്ഷയുണ്ട്. ഈ നിഗമനത്തിൽ ക്രൂഡ് വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 90.71 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.46 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 92.96 ഡോളറിലാണ്. ബ്രെന്റ് ഇന്നു രാവിലെ ഒരു ശതമാനം ഇടിഞ്ഞ് 90 ഡോളറിനു തൊട്ടു മുകളിൽ എത്തി.

സ്വർണവില ഇടിവ് തുടരുകയാണ്. വെള്ളിയാഴ്ച സ്വർണം ഔൺസിന് 1849.4 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നലെ1828.7 ഡോളറിലേക്കു വീണു. ഇന്നു രാവിലെ 1824.6 ഡോളറിലേക്കു താഴ്ന്നു. വെള്ളി രണ്ടു ശതമാനം ഇടിഞ്ഞ് 21 ഡോളറിനു താഴെയായി.

സെപ്റ്റംബറിൽ സ്വർണവില 99.8 ഡോളർ (5.1 ശതമാനം) കുറഞ്ഞു. ഫെബ്രുവരിയിലെ 108.6 ഡോളർ (5.37 ശതമാനം) ഇടിവിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണു കഴിഞ്ഞ മാസത്തേത്. ഫെബ്രുവരിക്കു ശേഷം മാർച്ചിൽ സ്വർണം 131.9 ഡോളർ ( 6.9%) നേട്ടം ഉണ്ടാക്കിയിരുന്നു.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 200 ഉം ശനിയാഴ്ച 240 ഉം തിങ്കളാഴ്ച 120 ഉം രൂപ കുറഞ്ഞ് 42,560 രൂപയിലെത്തി. സെപ്റ്റംബർ തുടക്കത്തിലെ നിലയിൽ നിന്ന് 1560 രൂപ കുറഞ്ഞാണു മാസാവസാനം പവൻ ക്ലാേസ് ചെയ്തത്.

രൂപ വെള്ളിയാഴ്ച അൽപം നേട്ടത്തിലായി. ഡോളർ 15 പൈസ കുറഞ്ഞ് 83.04 രൂപയിൽ ക്ലോസ് ചെയ്തു. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റു. ഇന്നു രൂപ വീണ്ടും സമ്മർദത്തിലാകും എന്നാണ് ആഗോള സൂചന.

ഡോളർ സൂചിക വാരാന്ത്യത്തിൽ അൽപം താഴ്ന്ന് 106.17 ൽ ക്ലോസ് ചെയ്തു. എന്നാൽ തിങ്കളാഴ്ച വീണ്ടും കുതിച്ച് 106.9 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107.12 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ തിങ്കളാഴ്ച 28,300 ഡോളർ വരെ കയറിയിട്ട് ഇന്നു രാവിലെ 27,500 ലേക്കു താഴ്ന്നു.

ഐടി: രണ്ടാം പാദം മെച്ചമല്ലെന്നു നിഗമനം 

ഐടി കമ്പനികളുടെ രണ്ടാം പാദ റിസൽട്ട് മോശമാകും എന്നാണു നിഗമനം. പുതിയ കരാറുകളുടെ കാര്യത്തിൽ നല്ല പുരോഗതി ഉണ്ടാകുമെങ്കിലും വിറ്റുവരവിലെയും ലാഭത്തിലെയും വളർച്ച കുറവാകും എന്നാണ് അനാലിസ്റ്റുകൾ കരുതുന്നത്.

ആഗോളതലത്തിൽ കമ്പനികൾ മാന്ദ്യഭീതി മൂലം ചെലവുകൾ കുറച്ചത് ഐടി കമ്പനികളുടെ വരുമാനത്തെ ബാധിച്ചത് ബഹുരാഷ്ട്ര കമ്പനി ആക്സെഞ്ചറിൻ്റെ റിസൽട്ടിൽ കണ്ടു. കരാറുകൾ നടപ്പാക്കുന്നതിലും കാലതാമസമുണ്ടായി. ബാങ്ക്, ധനകാര്യ, ഇൻഷ്വറൻസ് മേഖലകളിലാണ് കൂടുതൽ വളർച്ചക്കുറവ്.

ആദ്യ പാദത്തിലെ വരുമാനവും ലാഭവും പ്രതീക്ഷയ്ക്കു താഴെയായിരുന്നു. .രണ്ടാം പാദവും മോശമായാൽ 2023-24 വർഷത്തിൽ വളർച്ച ഇരട്ടയക്കത്തിനു താഴെയാകും. ആദ്യ പാദത്തെ അപേക്ഷിച്ച് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ വരുമാനം ഒരു ശതമാനത്തിൽ താഴെയേ വളരൂ എന്ന് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കണക്കാക്കുന്നു. വിപ്രോയുടെ വരുമാനം കുറയുമെന്നും ടെക് മഹീന്ദ്രയുടേത് കൂടുകയില്ലെന്നും ആണു വിലയിരുത്തൽ. മൈൻഡ് ട്രീയുടെ വരുമാനം 1.4 ശതമാനം കൂടുമെന്നു കണക്കാക്കി.

ജി.എസ്.ടി പിരിവ് കൂടി 

ജി.എസ്.ടി വരുമാനത്തിൽ സെപ്റ്റംബറും ഗണ്യമായ വളർച്ച കാണിച്ചു. ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയിൽ നിന്നു സെപ്റ്റംബറിൽ പിരിവ് 1.63 ലക്ഷം കോടിയായി. തലേ സെപ്റ്റംബറിലേതിലും 10.1 ശതമാനം കൂടുതലാണിത്.

കൂടുതൽ ഉൽപാദനവും ഉപഭോഗവും നടക്കുന്ന മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങളിൽ സംസ്ഥാനങ്ങളിൽ 17 മുതൽ 21 വരെ ശതമാനം വളർച്ചയുണ്ട്.

ഈ ധനകാര്യ വർഷം ഇതു നാലാം തവണയാണു നികുതി പിരിവ് 1.6 ലക്ഷം കോടിക്കു മുകളിലാകുന്നത്. ഉത്സവസീസൺ ആയതിനാൽ ഇനിയുള്ള മൂന്നു മാസം നികുതി വരുമാനം കൂടുമെന്നാണു പ്രതീക്ഷ.

റിസർവ് ബാങ്ക് കമ്മിറ്റി എന്തു ചെയ്യും? 

റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) നാളെ മുതൽ വെള്ളി വരെ സമ്മേളിക്കും. തീരുമാനം വെള്ളി രാവിലെ പത്തിനു ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. വിപണിയുടെ ഉറച്ച പ്രതീക്ഷ പലിശനിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നാണ്.

കഴിഞ്ഞ മൂന്നു തവണയും എംപിസി നിരക്കു കൂട്ടിയിരുന്നില്ല. 2022-23-ൽ റിസർവ് ബാങ്ക് രാജ്യത്തെ പലിശനിരക്കുകളുടെ താക്കാേൽ നിരക്കായ റീപോ നിരക്ക് നാലിൽ നിന്ന് 6.5 ശതമാനത്തിലേക്കു വർധിപ്പിച്ചിരുന്നു.

വർധനയുടെ മുഴുവൻ പ്രതിഫലനവും വിലക്കയറ്റത്തിൽ കണ്ടു തുടങ്ങിയില്ല. ജൂലൈയിൽ 7.44 ഉം ഓഗസ്റ്റിൽ 6.83ഉം ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം (സിപിഐ). ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ആ മാസങ്ങളിലെ സിപിഐ ഉയർന്നു നിൽക്കാൻ കാരണമെന്നും പച്ചക്കറിവില കുറയുന്നതോടെ അതു താഴുമെന്നും ഗവണ്മെന്റ് കരുതുന്നു. അതിനാൽ ഇപ്പോൾ പലിശ നിരക്ക് കൂട്ടേണ്ടതില്ല എന്നാണു വാദം.

വ്യവസായവളർച്ച മെച്ചപ്പെടാനും പലിശവർധന തടസ്സമാകുമെന്നു വ്യവസായി സമൂഹം വാദിക്കുന്നു. എംപിസി ഈ രണ്ടു വാദങ്ങളും പരിഗണിച്ചു നിരക്ക് മാറ്റാതിരിക്കും എന്നു പൊതുവേ കരുതുന്നു. യുഎസ് ഫെഡ് ഒരു തവണ കൂടി പലിശ കൂട്ടും എന്നതും ഡോളർ ഉയർന്നു പോകുന്നതും തൽക്കാലം ഭീഷണി അല്ലെന്നു റിസർവ് ബാങ്ക് വിലയിരുത്തും.

വേദാന്ത ആറായി വിഭജിക്കുന്നു 

അനിൽ അഗർവാളിന്റെ വേദാന്ത ലിമിറ്റഡ് ആറു കമ്പനികളായി വിഭജിക്കും എന്നു പ്രഖ്യാപിച്ചു. ഏതാനും വർഷം മുൻപാണു പല കമ്പനികൾ ലയിപ്പിച്ച് വേദാന്ത ലിമിറ്റഡ് ആക്കിയത്. അന്നു പറഞ്ഞിരുന്നത് ലയനം ഓഹരി ഉടമകൾക്കു കൂടുതൽ ആദായകരമാകും എന്നാണ്. ഇപ്പോൾ വിഭജനവും ഓഹരി ഉടമകളുടെ ആദായം മെച്ചപ്പെടുത്താനാണ് എന്ന് അഗർവാൾ വ്യാഖ്യാനിക്കുന്നു. ഒന്നും വർഷം കൊണ്ടു വിഭജനം പൂർത്തിയാകും എന്നു കരുതുന്നു. ഒരു വേദാന്ത ഓഹരിക്ക് പുതിയ അഞ്ചു കമ്പനികളുടെ ഓരോ ഓഹരി കൂടി ലഭിക്കും.

ഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയാണ് വിഭജനത്തിനു യഥാർഥ കാരണം. എങ്ങനെയാണു കടബാധ്യത തീർക്കുക എന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച വേദാന്ത ഓഹരി ഏഴു ശതമാനം ഉയർന്നതാണ്. എന്നാൽ ഇന്നലെ വേദാന്തയുടെ ഡോളർ ബോണ്ടുകൾ വിദേശ വിപണിയിൽ ഇടിഞ്ഞു.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 29, വെളളി) 

സെൻസെക്സ് 30 65,828. 41 +0.49%

നിഫ്റ്റി 50 19,638.30 +0.59%

ബാങ്ക് നിഫ്റ്റി 44,584.55 +0.64%

മിഡ് ക്യാപ് 100 40,537.05 +1.08%

സ്മോൾ ക്യാപ് 100 12,748.5 +0.99%

ഡൗ ജോൺസ് 30 33,507.50 -0.47%

എസ് ആൻഡ് പി 500 4288.05 -0.27%

നാസ്ഡാക് 13,219.32 +0.14%

ഡോളർ ($) ₹83.04 -₹0.15

ഡോളർ സൂചിക 106.17 -00.05

സ്വർണം(ഔൺസ്) $1849.40 -$15.90

സ്വർണം(പവൻ) ₹42,920 -₹200.00

സ്വർണം(പവൻ)(ശനി) ₹42,680 -₹240.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $92.14 -$3.൧൪


വിപണി സൂചനകൾ

(2023 ഒക്ടോബർ 2, തിങ്കൾ)

ഡൗ ജോൺസ് 30 33,433.35 -0.22%

എസ് ആൻഡ് പി 500 4288.39 +0.01%

നാസ്ഡാക് 13,307.77 +0.67%

ഡോളർ സൂചിക 106.90 +00.73

സ്വർണം(ഔൺസ്) $1828.70 -$20.70

സ്വർണം(പവൻ) ₹42,560 -₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.71 -$1.43

Tags:    

Similar News